Advertisment

'ഒരു മയവുമില്ലാതെ പൊതിരെ തല്ല് വാങ്ങിയത് ഈ അഞ്ച് പേര്‍'- ഐപിഎല്ലിലെ 'ധാരാളികള്‍'

New Update

ദുബായ്: ടി20യില്‍ ബാറ്റിങ് പോലെ വളരെ നിര്‍ണായക സ്ഥാനമാണ് ബൗളര്‍മാര്‍ക്കും. ഒരു പന്തില്‍ കളിയുടെ ഗതി നിര്‍ണയിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നത് എത്രയോ തവണ കണ്ടു കഴിഞ്ഞു. ഇത്തവണത്തെ ഐപിഎല്ലില്‍ മാസ്മരിക ബൗളിങ് സ്‌പെല്ലുകളും ഉണ്ടായി. കഗിസസോ റബാഡ, ആന്റിച് നോര്‍ക്യെ, മുഹമ്മദ് സിറാജ്, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയവരെല്ലാം ചില മത്സരങ്ങളില്‍ ടീമിന് വിജയമൊരുക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി മാറിയിരുന്നു.

Advertisment

publive-image

അതേസമയം തന്നെ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിക്കാത്തതും ഐപിഎല്ലില്‍ കണ്ടു. അത്തരത്തില്‍ ടൂര്‍ണമെന്റില്‍ ഇതുവരെയായി ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇവരാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം സിദ്ധാര്‍ഥ് കൗള്‍, രാജസ്ഥാന്‍ റോയല്‍സിന്റെ അങ്കിത് രജപുത്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡെയ്ല്‍ സ്‌റ്റെയ്ന്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ജോര്‍ദാന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലുന്‍ഗി എന്‍ഗിഡി എന്നിവരാണ് ആ ധാരാളികള്‍.

മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലാണ് സിദ്ധാര്‍ഥ് കൗള്‍ നാലോവറില്‍ 64 റണ്‍സ് വഴങ്ങിയത്. മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 205 റണ്‍സ്. മത്സരം അവര്‍ 34 റണ്‍സിന് വിജയിക്കുകയും ചെയ്തു.

മുംബൈക്കെതിരായ മത്സരത്തിലാണ് അങ്കിതിനും പൊതിരെ തല്ല് കിട്ടിയത്. 20 ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന്‍ പത്ത് പന്തുകള്‍ ബാക്കി നിര്‍ത്തി മത്സരം വിജയിച്ചതിന് അങ്കിതിന് ആശ്വാസമായി.

ലോക ക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ ബൗളര്‍മാരില്‍ ഒരാളായ സ്റ്റെയിനിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിങ് നിരയാണ് തല്ലിയൊതുക്കിയത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ പഞ്ചാബ് ഈ മത്സരത്തില്‍ 207 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ആര്‍സിബിയുടെ പോരാട്ടം അവര്‍ 109ല്‍ അവസാനിക്കുകയും ചെയ്തു. ഈ മത്സരത്തിന് ശേഷം സ്‌റ്റെയിനിന് അന്തിമ ഇലവനില്‍ സ്ഥാനവും നഷ്ടമായി.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിലാണ് ക്രിസ് ജോര്‍ദാന്‍ പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുത്തത്. ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റിന് 157 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. പഞ്ചാബും ഇതേ സ്‌കോറില്‍ തന്നെ എത്തിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി വിജയവും സ്വന്തമാക്കി. ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ ഇതേ ജോര്‍ദാന്‍ അസാമാന്യ ബൗളിങുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബിന് നിര്‍ണായകമായ വിജയം സമ്മാനിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ബാറ്റിങ് നിരയുടെ ചൂടറിഞ്ഞത്. രാജസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 216 റണ്‍സ്. മറുപടി പറഞ്ഞ ചെന്നൈ 200 റണ്‍സില്‍ പൊരുതി വീണു. ഈ മത്സരത്തിന് ശേഷം എന്‍ഗിഡിക്കും അന്തിമ ഇലവനില്‍ കാര്യമായ അവസരം പിന്നീട് കിട്ടിയില്ല.

sports news ipl 2020
Advertisment