Advertisment

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം

author-image
admin
New Update

Advertisment

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സൂചന. അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്തത് 9 മണിക്കൂറാണ്. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു. മൊഴികള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചെന്നും അന്വേഷണസംഘം വ്യക്തമാക്കി. പീഡനം നടന്നെന്ന് പറയുന്ന തീയതികളില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.പീഡനം നടന്നെന്ന് പറയുന്ന ദിവസം മഠത്തിലെത്തിയിട്ടില്ലെന്നാണ് ബിഷപ്പ് പറഞ്ഞത്. ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും ബിഷപ്പ് അറിയിച്ചു. അതേസമയം ബിഷപ്പിന്റെ മൊബൈല്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധന കേരളത്തിലെത്തിയതിന് ശേഷം മാത്രമേ ഉണ്ടാകൂ.

വൈകിട്ട് മൂന്നിന് പൊലീസ് എത്തിയതും ചണ്ഡീഗഡിലേക്ക് പോയ ബിഷപ്പ് രാത്രി ഏഴിനാണ് തിരിച്ചെത്തിയത്. പൊലീസ് സംഘം അത്രയും നേരം ബിഷപ്പ് ഹൗസില്‍ കാത്തിരുന്നു. ബിഷപ്പിനെ ചോദ്യംചെയ്യാതെ തിരിച്ചുപോകില്ലെന്ന് കേരള സംഘം നിലപാടെടുത്തപ്പോള്‍ പഞ്ചാബ് പൊലീസ് കൂട്ടിക്കൊണ്ടുവന്നെന്നാണ് അറിയുന്നത്.

അതേസമയം, ബിഷപ്പ് ഹൗസിനു മുന്നില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ നിന്ന മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പ് ഹൗസ് സുരക്ഷാ ജീവനക്കാരും വിശ്വാസികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ക്യാമറ നശിപ്പിക്കുകയും ഗേറ്റിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. കന്യാസ്ത്രീകള്‍, വൈദികര്‍ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിലെടുത്ത വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്തത്. മൊഴിയെടുപ്പിനിടെ ചില വൈദികര്‍ ബിഷപ്പിനെതിരെ പൊലീസിനോട് സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചോദ്യം ചെയ്യാനെത്തിയത്.

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസിലുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചോദ്യംചെയ്യാന്‍ പോകുന്നതെന്ന് പൊലീസ് ഇന്നലെ രാവിലെ പറഞ്ഞിരുന്നു. ഡി.ജി.പിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചതാണ്. എന്നാല്‍ ബിഷപ്പ് ചണ്ഡിഗഡിലാണെന്ന് പിന്നാലെ വാര്‍ത്ത വന്നു. അവിടെ ഒരു ചടങ്ങിലായിരുന്ന ബിഷപ്പ് പഞ്ചാബ് പൊലീസിന്റെ അകമ്പടിയിലാണ് രാത്രി മടങ്ങിയെത്തിയത്. ബിഷപ്പ് കാറില്‍ വരുന്നത് ചാനല്‍ ക്യാമറാമാന്‍മാര്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമാസക്തരായി. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സുരക്ഷാ ജീവനക്കാരെ പിടിച്ചു മാറ്റാന്‍ ആരും വന്നില്ല.

franco
Advertisment