Advertisment

ജംലോ യാത്രയായി, കൊറോണയും ലോക്ക് ഡൗണും ഇല്ലാത്തൊരു ലോകത്തേക്ക് !

New Update

publive-image

Advertisment

12 വയസ്സുകാരി ജംലോ മഡ്ക്കാം എന്ന ആദിവാസി ബാലിക രണ്ടു മാസം മുൻപാണ് മാതാപിതാക്കൾക്കൊപ്പം ഛത്തീസ്‌ ഗഢിലെ ബീജാപ്പൂർ ജില്ലയിലുള്ള ആതേഡ് ഗ്രാമത്തിൽനിന്നും മുളകിന്റെ വിളവെടുപ്പിനായി തെലുങ്കാനയിലെ മുളുകു (Mulugu) ജില്ലയിലെത്തിയത്. അവിടെ പേരൂർ ഗ്രാമത്തിലെ മുളകുപാടത്തി ലായിരുന്നു ജോലി. ജംലോയും മാതാപിതാക്കൾക്കൊപ്പം പാടത്തു ജോലിയായിരുന്നു.

മാതാപിതാക്കൾക്ക് ഒരേയൊരു മകളായിരുന്നു ജംലോ.പിതാവ് ആന്തോറാം മഡ്ക്കാമും അമ്മ സുഖ്‌മതിയും കൂലിപ്പണിക്കാരാണ്. ഒരു തൊഴിൽ ഏജന്റുവഴിയാണ് ഇവർ തെലുങ്കാനയിലെത്തിയത്.

മുളകുപാടത്ത് ജോലിചെയ്യവേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം തൊഴിൽ നിലച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ കയ്യിലുള്ള പണവും തീരാറായി. തൽക്കാലം നാട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന് തൊഴിലുടമ നിർദ്ദേശിച്ചതനുസരിച്ചാണ് നാട്ടുകാരായ മറ്റു 12 പേർക്കൊപ്പം ജാംലോയും മാതാപിതാക്കളും ഗോദാവരി നദികടന്ന് ഭോപ്പാൽപട്ടണം വഴി ബീജാപ്പൂരിന് കാൽനടയായി യാത്രതിരിച്ചത്.

ഈ മാസം 16 നാണ് അവർ തെലങ്കാനയിൽനിന്ന് യാത്ര തിരിച്ചത്. ബീജാപൂരിലേക്കുള്ള ദൂരം ഏകദേശം 200 കിലോമീറ്ററായിരുന്നു. ഭോപ്പാൽ പട്ടണത്തുനിന്നും വനത്തിൽക്കൂടെയുള്ള എളുപ്പവഴിയിൽകൂടിയായിരുന്നു യാത്ര. രാത്രിയും പകലുമായി നിർത്താതെയുള്ള യാത്രയും ആഹാരത്തിന്റെ കുറവും ജംലോയെ അസ്വസ്ഥ യാക്കി.17 ന് കുട്ടിക്ക് കലശലായ വയറുവേദനയുണ്ടായെങ്കിലും അത് കാര്യമാക്കാതെ വനത്തിലെ ദുർഘടം പിടിച്ച പാതയിലൂടെ അവർ യാത്ര തുടർന്നു.

publive-image

18 ന് ഗ്രാമത്തിലെത്താൻ കേവലം 14 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ വനത്തിൽവച്ച് ജംലോയ്ക്കു വയറുവേദന കലശലായി അവശയായി വീണ ജംലോ അവിടെത്തന്നെ മരിക്കുകയായിരുന്നു.ചികിത്സ കിട്ടിയിരുന്നെങ്കിൽ കുട്ടി രക്ഷപ്പെട്ടേനെ.വനാന്തരത്തിലുള്ള 'ഭണ്ടാർപാൽ' ഗ്രാമീണരാണ് അധികാരികളെ വിവരമറിയിച്ചത്. അവർ എത്തിയപ്പോഴേക്കും ജംലോ മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു.

ഇത് ഒരു ജംലോയുടെ മാത്രം കഥയല്ല. 12 വയസ്സായ ഒരു കുട്ടിക്ക് ജോലിതേടിപോകേണ്ടിവരുന്ന അവസ്ഥ നാമാലോചിക്കണം. ഛത്തീസ്‌ ഗഡിലെ പതിനായിരക്കണക്കിനുവരുന്ന ആദിവാസി പിന്നോക്കവിഭാഗങ്ങൾ തൊഴിൽതേടി കൂലിപ്പണിക്കായി കുടുംബത്തോടെ അന്യസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നത് സ്ഥിരമാണ്. കാശ്മീരിൽ വരെ ഇവർ ജോലിതേടി പോകാറുണ്ട്.കുട്ടികളെ സ്‌കൂളുകളിൽപ്പോലും വിടാറില്ല.

ഭരണത്തിൽ കക്ഷികൾ മാറിമാറി വന്നാലും ലക്ഷക്കണക്കിനുവരുന്ന ഈ ദരിദ്രവിഭാഗങ്ങൾക്ക് ഒരു മേൽ ഗതിയും ഉണ്ടാകാറില്ല. കൂടാതെ ഇന്നുമിവർ പലതരം ചൂഷണങ്ങൾക്ക് വിധേയരുമാണ്.വളരെ സമ്പന്നമാണ് ഛത്തീസ്‌ ഗഡ്‌ സംസ്ഥാനം. ധാതുസമ്പത്തുകളും, കൽക്കരിയും, വനവിഭവങ്ങളും ആവോളമുണ്ടെങ്കിലും ജനങ്ങൾ ഭൂരിഭാഗവും ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഇവർക്കൊക്കെ BPL റേഷൻകാർഡും വോട്ടർ ഐഡിയും പോലുമുണ്ടാകുമോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ സർക്കാർ ആനുകൂല്യങ്ങളൊന്നും ഇവരിൽ എത്താറുമില്ല.

ജാംലയുടെ മരണശേഷം കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചി രിക്കുന്നത്. എന്നാൽ ആ കുട്ടിക്കും കുടുംബത്തിനും എന്തുകൊണ്ടിങ്ങനെ ഒരു ദുരവസ്ഥ സംജാതമായി എന്നോ അവരെപ്പോലുള്ള പതിനായിരങ്ങൾ എന്തുകൊണ്ടിങ്ങനെ കൂലിപ്പണിക്കായി പലായനം ചെയ്യുന്നുവെന്നോ ആരും അന്വേഷിക്കാറില്ല.

 

kanappurangal
Advertisment