Advertisment

കശ്മീരിലെ പൊലീസുകാരുടെ കൂട്ടരാജി സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജം; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

New Update

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്് പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ രാജിവെച്ചു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്നും ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

കാശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് പൊലീസുകാരെ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോടെ സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഏറെ പരിഭ്രാന്തിയിലാണ്. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോയാണ് ഭീകരര്‍ ഇവരെ വധിച്ചത്. വധിക്കപ്പെടുമോ എന്ന ഭയം മൂലം സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം കോണ്‍സ്റ്റബിള്‍മാര്‍ പോലും രാജി സമര്‍പ്പിക്കുകയാണ് എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.

‘പൊലീസുകാരുടെ കൂട്ടരാജി സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ ഇടയായി. ആ വാര്‍ത്തകള്‍ തെറ്റാണെന്നും ദുരുദ്ദേശത്തോട് കൂടി ആരൊക്കെയോ പ്രചരിപ്പിക്കുന്നതാണെന്നും ജമ്മു കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം വ്യാജറിപ്പോര്‍ട്ടുകള്‍ ചിലര്‍ കൃത്യമായ അജണ്ടയോടെ തയ്യാറാക്കപ്പെടുകയും പ്രചരിപ്പിക്കുകയുമാണ്. അതില്‍ വഞ്ചിതരാകരുത്.’ എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

30,000ത്തോളം സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനമുള്ള കശ്മീരില്‍ ഈ ഓഫീസര്‍മാരുടെ സേവനങ്ങള്‍ കൃത്യസമയത്ത് തന്നെ വിലയിരുത്തപ്പെട്ടിട്ടുള്ളതും അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ഭരണപരമായ സാങ്കേതികതടസ്സങ്ങളാല്‍ ചിലരുടെ കാര്യത്തില്‍ വിലയിരുത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.അങ്ങനെയുള്ള ചിലര്‍ മാത്രമാണ് രാജി വച്ചിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Advertisment