Advertisment

ജോസ് കെ മാണി വിഭാഗം മന്ത്രിസഭയിലേയ്ക്കില്ല ! ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ഏറ്റെടുക്കില്ല. പകരം കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. പാലായിലെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യം

New Update

publive-image

Advertisment

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചരിത്രത്തിലാദ്യമായി നിലപാട് വ്യക്തമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ മുന്നണി പ്രവേശനം സാധ്യമാക്കിയ കേരളാ കോണ്‍ഗ്രസ്-എം ഈ ഭരണത്തില്‍ പങ്കാളിയാകില്ലെന്ന് സൂചന.

മന്ത്രിസ്ഥാനമോ കോര്‍പ്പറേഷന്‍, ബോര്‍ഡ് പദവികളോ ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം കാര്‍ഷിക മേഖലയ്ക്കും പാലായ്ക്കുമായി ചില വികസന പായ്‌ക്കേജുകൾക്ക് സര്‍ക്കാരിന്‍റെ അംഗീകാരം നേടിയെടുക്കുക എന്നതായിരിക്കും ഇടതു ഭരണത്തിന്‍റെ ശിഷ്ട കാലയളവില്‍ കേരളാ കോണ്‍ഗ്രസിന്‍റെ അജണ്ട.

അതില്‍ പ്രധാനം റബ്ബറിന് വില സ്ഥിരതാഫണ്ട് 175 - 200 രൂപയായി ഉയര്‍ത്തുക, ഇടുക്കിയിലെ പട്ടയവിതരണം ഊര്‍ജിതമാക്കുക, വിദ്യാഭ്യാസമേഖലയും കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയും ക്രിസ്ത്യന്‍ സഭകളും മുന്നോട്ടുവച്ചിട്ടുള്ള ചില പായ്‌ക്കേജുകൾക്ക് സര്‍ക്കാരിന്‍റെ അംഗീകാരം നേടിയെടുക്കുക എന്നിവയായിരിക്കും.

പാലാ നിയോജകമണ്ഡലത്തില്‍ കെഎം മാണി ആരംഭിച്ചതും പൂര്‍ത്തികരിക്കാന്‍ ബാക്കി കിടക്കുന്നതുമായ പദ്ധതികള്‍ വേഗത്തിലാക്കണമെന്നതാണ് സര്‍ക്കാരിന്‍റെ ശിഷ്ടം കാലയളവില്‍ കേരളാ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഒപ്പം റോഷി അഗസ്റ്റിന്‍റെ മണ്ഡലമായ ഇടുക്കിയിലും ഡോ. എന്‍ ജയരാജിന്‍റെ മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലും ചില പദ്ധതികളുടെ പൂര്‍ത്തികരണത്തിനാവശ്യമായ സര്‍ക്കാര്‍ സഹായങ്ങളും ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും അധികം താമസിയാതെ ഉണ്ടായേക്കും. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ കാരണമുണ്ടായ പ്രതിഛായാ നഷ്ടം പരിഹരിക്കാന്‍ പോന്നതായിരിക്കും പുതിയ പ്രഖ്യാപനങ്ങള്‍ എന്നാണ് സൂചന.

മധ്യകേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ പോന്ന പ്രഖ്യാപനങ്ങളായിരിക്കും പ്രതീക്ഷിക്കുന്നത്. ക്രൈസ്തവ സഭകളെ പ്രീണിപ്പിക്കുന്നതിനുകൂടി ഉപകരിക്കുന്നവിധമായിരിക്കും ഇവ പ്രതീക്ഷിക്കുന്നത്.

 

jos k mani
Advertisment