Advertisment

നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്; പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

New Update

കൊച്ചി: നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതിക്ഷയെന്നും ജ.കുര്യന്‍ ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം താനടക്കം നാല് ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്.

Advertisment

ഫുള്‍കോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം സംഭവത്തില്‍ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കും. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം.

publive-image

പരമേന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്ന് പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പ്രതീക്ഷ. നാല് ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ളത് നീതിന്യായ വ്യവസ്ഥയിലെ ആഭ്യന്തര പ്രശ്‌നമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണ് പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലെത്താന്‍ കാരണമായത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരുതലോടെയാണ് ഇടപെടുന്നത്. കലാപമുണ്ടാക്കിയ ജഡ്ജിമാരുമായി പ്രതിനിധികള്‍ മുഖേന ചീഫ് ജസ്റ്റിസ് ആശയവിനിമയത്തിനു ശ്രമിച്ചുവരികയാണ്. ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലെ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തി നേരിടാനുള്ള ശ്രമം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അനുരഞ്ജന ഫോര്‍മുല കണ്ടെത്താനാണു നീക്കം.

ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് തുറന്നടിച്ചത്. ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി.

Advertisment