Advertisment

ശ്രീജിത്തിന് പിന്തുണയുമായി പൃഥ്വിരാജും പാര്‍വതിയും; വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വി; നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മാറിനില്‍ക്കാനാവില്ലെന്ന് പാര്‍വതി

New Update

ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും പാര്‍വതിയും. നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

Advertisment

നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്നാണ് പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

publive-image

കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്‌നേഹവും അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്‌നേഹം. ബഹുമാനം. ഐക്യം. പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നടന്‍മാരായ ടോവിനോ തോമസ്, നീരജ് മാധവ് തുടങ്ങിയവരും ശ്രീജിത്തിന് പിന്തുണയുമായി എത്തിയിരുന്നു. ശ്രീജിത്തിനു പിന്തുണയുമായി ട്രോളന്‍മാരും നേരത്തെ തെരുവില്‍ ഇറങ്ങിയിരുന്നു. രണ്ടര വര്‍ഷത്തില്‍ അധികമായി സ്വന്തം അനുജന്റെ മരണത്തിനു കാരണമായ പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനു വേണ്ടി ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ഒരുമിച്ചത്.

അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംപ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.

Prithvi Raj parvathy Justiceforsreejith
Advertisment