Advertisment

ബിഎസ്‌സി ബോട്ടണിക്കാരന്‍ എപിപി, ബിഎസ്‌സി സുവോളജിക്കാരന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍, ഒരു കുടുംബത്തില്‍ ഒരു പോലീസുകാരന്‍ - 100/100 % ലീഡര്‍ ! മറക്കില്ല മാളക്കാർ ഈ മാണിക്യത്തെ !!

New Update

publive-image

Advertisment

നെടുമ്പാശ്ശേരിയുടെ പിതാവിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കൂ ! മാളയുടെ മാണിക്യത്തിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കൂ ! മലയാളിയുടെ മണിമുത്ത്, ഇന്ത്യൻ രാഷ്ട്രീയ ഭീഷ്മാചാര്യർ കെ കരുണാകരന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കൂ ! 1991 തിരഞ്ഞെടുപ്പ് വേളയിൽ മാള മണ്ഡലത്തിലെ മനക്കലപ്പടിയിലും പരിസരത്തും പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു .

ഇടക്കിടക്ക് ബെൻസ് കാറിൽ മണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന ലീഡർ ഒരുനാൾ കോണത്തുകുന്നിലെ എം എസ് മേനോന്റെ കളത്തിൽ പാർട്ടി പ്രവർത്തകരുടെ മീറ്റിങ്ങിൽ പങ്കെടുക്കുന്നു. ഓഫീസ് സെക്രട്ടറി കോന്തു പ്രഭാകരന്റെ കൂടെ ചായ കൊടുക്കുവാൻ എന്ന മട്ടിൽ മീറ്റിങ് നടക്കുന്നിടത്ത് അന്ന് ഞാനും കയറി പറ്റി. ലീഡർ കൈപിടിച്ചു വളർത്തി വലുതാക്കിയ സഖാവ് വികെ രാജനാണ് എതിരാളി. ആയതിനാൽ ലീഡറുടെ വോട്ടുബാങ്കുകളിൽ വിള്ളലുകൾ ഉണ്ടാക്കുവാൻ രാജേട്ടന് സാധിച്ചിരുന്നു . കൂടാതെ തൃശൂരിലെ പിടി മാനുവൽ സൺസിന്റെ പണമൊഴുക്കും മാളയെ സ്വാധീനിച്ചിരുന്നു .

'' കമാൽ സാഹിബ് , എത്ര വോട്ട് ഇവിടെ നിന്നും കൂടുതൽ പിടിക്കുവാൻ സാധിക്കും ? '' ലീഡറുടെ ചോദ്യത്തിന് കമാലിന്റെ മറുപടി .

''ഏകദേശം 1000 വോട്ടുകൾ '' . '' അത്രേം വേണ്ട , ഒരു 500 വോട്ടുകൾക്ക് മേലെ പിന്നോട്ട് പോകാതിരിക്കുവാൻ ശ്രമിക്കുക, നമ്മൾ കേരളത്തിൽ 90 സീറ്റുകൾ നേടും '' ഇത്രേം പറഞ്ഞുകൊണ്ട് സ്വതസിദ്ധമായ രീതിയിൽ ചിരിച്ചുകൊണ്ട് ലീഡർ ഇറങ്ങി .

അച്ചിട്ട പോലെ തിരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോൾ കേരളത്തിൽ 89 സീറ്റുകൾ യുഡിഎഫ് നേടി ( ബാബു ചാഴിക്കാടന്റെ മരണ ശേഷം ഒരു സീറ്റിൽ പിന്നീട് തോമസ് ചാഴിക്കാടനും ജയിച്ചു ). കൂടാതെ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ 480 വോട്ടുകൾക്ക് ലീഡർ പിറകിലുമായിരുന്നു .സഖാവ് വികെ രാജൻ കരൂപ്പടന്നയിലെയും പുത്തൻചിറയിലേയും വോട്ടുകൾ മറിച്ചപ്പോൾ ഇടതുകോട്ടയായ ആളൂർ പഞ്ചായത്തിലെ വോട്ടുകൾ മറിച്ചുകൊണ്ടു കേവലം 2474 വോട്ടുകൾക്ക് ലീഡർ കേരള മുഖ്യനായി .

publive-image

' എടോ അബ്ദൂ ' എന്ന് പേരുചൊല്ലി വിളിക്കുന്ന ജനനായകന്‍ !

സന്ദേശം സിനിമയിലേതുപോലെ വെള്ളാങ്കല്ലൂരിൽ നിന്നും ഒരു അംബാസിഡർ കാർ നിറയെ കോൺഗ്രസ്സുകാർ അന്ന് കന്റോൺമെന്റ് കൊട്ടാരത്തിൽ ലീഡറെ കാണുവാനും സത്യപ്രതിജ്ഞയിൽ പങ്കെടുക്കുവാനും എത്തി . മുറ്റവും പരിസരവും നിറയെ കോൺഗ്രസ്സുകാർ .

മുരളീധരൻ ഒരു തിണ്ണയിൽ പല്ലും കുത്തിയിരിക്കുന്നു . തോമസ്‌ മാഷ് അതിഥികളെ സ്വീകരിക്കുന്നു . പത്മജ ചായ കൊടുക്കുന്നു .

അകത്ത് പുതിയ മന്ത്രിസഭയുടെ തിരക്കിട്ട ചർച്ചകൾ നടക്കുന്നിടത്ത് രാമചന്ദ്രൻനായർ വന്നു പറഞ്ഞു .

'' ആ മാളക്കാരെ ലീഡർ അകത്തേക്ക് വിളിക്കുന്നുവെന്ന് ''. ചാരക്കാരൻ അബ്ദുക്കയും ഗഫൂറും മോഹൻദാസും ബാക്കിയുള്ളവരെല്ലാം ലീഡറുടെ മുറിയിൽ എത്തി .

ലീഡർ ഇരിക്കുന്ന ചന്ദനക്കസേരയുടെ പിറകിലായി രാജീവ് ഗാന്ധിക്ക് ഗുരുവായൂർ അമ്പലത്തിലെ പ്രസാദം ലീഡർ നൽകുന്ന ഒരുഗ്രൻ ചിത്രം. രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഒരാഴ്ചമുമ്പ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ വെച്ച് ഗഫൂർഭായ് പകർത്തിയ ചിത്രത്തിന് ലീഡർ ചന്ദനമാല ഇട്ടിരിക്കുന്നു . രമേശും ഷാനവാസും കാർത്തികേയനും ഓഫീസ് കാര്യങ്ങൾ നടത്തുന്നു , ഫോണുകൾ അറ്റൻഡ് ചെയുന്നു .

മുല്ലപ്പള്ളി രാമചന്ദ്രനും മറ്റുള്ള എംപിമാരും ലീഡറിന്റെ കൂടെ തന്നെയുണ്ട് . ഞങ്ങൾ അകത്തേക്ക് കടന്നപ്പോൾ ലീഡർ ഉറക്കെ ചിരിച്ചുകൊണ്ട്

പറഞ്ഞു '' എടോ അബ്ദൂ , തന്റെ നാടാണ് എന്നെ ചതിച്ചത്, സാരമില്ല ആളൂരുകാർ എന്നെ സഹായിക്കുവാനെത്തി '' .

ഇത് കേട്ട പാടെ അബ്ദുക്ക കരച്ചിലോട് കരച്ചിൽ . '' എന്താടോ ഈ പ്രായത്തിൽ താൻ ഇങ്ങനെ മോങ്ങി കരയുന്നത്'' എന്ന് ലീഡർ ചോദിച്ചപ്പോൾ അബ്ദുക്കയുടെ മറുപടി . '' എന്നാലും ലീഡർ എന്നെ മറന്നിട്ടില്ലല്ലോ ? എന്റെ പേര് ഓർത്തുവെച്ചല്ലോ എന്നോർത്താണ്‌ സന്തോഷം കൊണ്ട് കരച്ചിൽ വന്നത് ''.ഇത് കേട്ടതോടെ അവിടെ മൊത്തം ചിരിയായി .

publive-image

അന്ന് എം എസ് മേനോന്റെ സൈക്കിളിന്‍റെ പിറകിലിരുന്ന് വോട്ടു തേടിയ ലീഡര്‍ !

1970 നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡർ മാളയിലെ കോണത്തുകുന്നിൽ എത്തുകയും എം എസ് മേനോന്റെ വീട്ടിൽ താമസിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്ന കാലഘട്ടം . റാലിയുടെ പൊക്കം കൂടിയ സൈക്കിൾ എംഎസ് മേനോൻ ചവിട്ടുന്നു . ലീഡർ പിറകിലിരുന്ന് വോട്ടർമാരോട് കൈകാണിക്കുന്നു . സൈക്കിളിന്റെ പിന്നാലെ ഒരു പത്തുവയസ്സുകാരൻ പയ്യൻ പോസ്റ്ററും മൈദപ്പശയുടെ ബക്കറ്റുമായി ഓടുന്നു.

ലീഡർ കാണിച്ചുകൊടുക്കുന്ന ചുമരുകളിൽ പോസ്റ്റർ ഒട്ടിക്കുന്നു .പുഞ്ചപ്പറമ്പിലെ പെരുമ്പിലായി അബൂബക്കറിന്റെ മകനും ഐ എൻ ടി യു സിയുടെ നേതാവുമായ ഉദുമാൻ എന്നറിയപ്പെടുന്ന ഉസ്മാൻ ആണ് ആ പത്തുവയസുകാരൻ പയ്യൻ .

കാലം കുറെ കഴിഞ്ഞു ലീഡർ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഉസ്മാന്റെ വാപ്പ ഗൾഫിൽ നിന്നും ടിആർ അടിച്ചു തിരിച്ചെത്തി . കുറെ വീട്ടുസാമഗ്രികൾ കാർഗോയിൽ അയച്ചിരുന്നു . പറഞ്ഞ സമയത്ത് ക്ലിയർ ചെയാത്തതുകൊണ്ട് കുറെ കാശ് ഡ്യൂമാരേജ്‌ വേണമെന്നും കാണിച്ചു കസ്റ്റംസിന്റെ കത്ത് വന്നു .

പണം ഇല്ലാത്തതുകൊണ്ട് ഉസ്മാന്റെ ഉമ്മ ഉസ്മാനെ കളിയാക്കി . നിന്റെ നേതാവല്ലേ കേരളം ഭരിക്കുന്നത് എന്ന് ? എന്നിട്ടാണോ പാവങ്ങൾക്ക് ഇങ്ങനെ ഒരു ഇരുട്ടടി . ഇത് കേട്ടപാടെ ഉസ്മാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു . ക്ലിഫ് ഹാവ്‌സിന്റെ മുന്നിൽ അതിരാവിലെ എത്തി .

ലീഡർ ബെൻസുമായി ക്ലിഫ് ഹൗസില്‍നിന്നും വെളിയിലേക്ക് ഇറങ്ങുന്നതിനിടെ ഉസ്മാനെ കണ്ടപ്പോൾ വണ്ടി നിർത്തുവാൻ പറഞ്ഞു . പിന്നാലെ വന്ന പോലീസ് ജീപ്പിൽ കയറ്റി സെക്രട്ടറിയേറ്റിൽ എത്തി . അവിടെ ഐഎഎസ്സുകാരുടെ മീറ്റിങ് നടക്കുന്ന മുറിയിലേക്ക് ഉസ്മാനെ വിളിപ്പിച്ചു .

ഉസ്മാൻ മുണ്ടും മടക്കിക്കുത്തി മുറിയിലേക്ക് കടന്നു. ''മുണ്ടു അഴിച്ചിടടോ'' എന്നും പറഞ്ഞുകൊണ്ട് ലീഡറുടെ വക സ്നേഹരൂപേണയുള്ള ശകാരം. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഉടന്‍ രാമചന്ദ്രൻ നായരെയും മറ്റു രണ്ടു പോലീസുകാരെയും കൂട്ടി കസ്റ്റംസിലേയ്ക്ക് ഉസ്മാനെ അയച്ചു, സംഭവം ക്ലിയർ ചെയ്തു. നൂറു രൂപ പിഴ രാമചന്ദ്രൻനായർ കെട്ടി. തിരിച്ചു നാട്ടിലേക്കു വണ്ടിക്കുള്ള പണവും നൽകി ഉസ്മാനെ ലീഡർ യാത്രയാക്കി .

അതുപോലെ കാരുമാത്രയിലെ സ്വാതന്ത്ര്യസമരസേനാനി ബാഹുലേയൻ സാർ തിരുവനന്തപുരത്തുകൂടി നടന്നുപോകുമ്പോൾ ബെൻസ് കാർ നിർത്തി അദ്ദേഹത്തെ കൂടെക്കൂട്ടി വീട്ടിലേക്ക് പോയതും മറക്കില്ല മാളക്കാർ !!

publive-image

ജന്മനാട് മാളയെങ്കില്‍ ബിഎസ്‌സി ബോട്ടണിക്കാരന്‍ എപിപിയാകും ബിഎസ്‌സി സുവോളജിക്കാരന്‍ ബാങ്ക് ഉദ്യോഗസ്ഥനുമാകും !

കരൂപ്പടന്നയിൽ നിന്നും ഒരു സായ്‌വ് തന്റെ മകന് ഗൾഫിലേക്ക് പോകുവാനായി എയർ ഫോഴ്‌സിലെ ജോലിയിൽ നിന്നും ഒഴിവാക്കുവാനായി ലീഡറെ കാണുവാനെത്തി . ജോലി കിട്ടുവാൻ നിങ്ങൾക്ക് എന്നെ വന്നുകാണാം , ഉള്ള ജോലി കളയുവാൻ മേലാൽ എന്റെ അടുത്തേക്ക് വരരുതെന്ന് പറഞ്ഞുകൊണ്ട് അവരെ പറഞ്ഞയച്ചു.

ബിഎസ്‌സി ബോട്ടണിക്കാരനെ എപിപിയാക്കിയും ബിഎസ്‌സി സുവോളജിക്കാരനെ ബാങ്ക് ഉദ്യോഗസ്ഥൻ ആക്കിയുമുള്ള അനുഭവങ്ങൾ മാളക്കാർക്ക് സ്വന്തം . അട്ടപ്പാടിയിൽ കോൺഗ്രസ്സിനെ വളർത്തിയ ബിഡിഒ സുരേന്ദ്രനാഥും കോൺഗ്രസുകാരനായ എസ്‌ഐ ശിവരാമൻ സാറും ഒന്നും ലീഡറെ ജീവിതത്തിൽ മറക്കില്ല .

മാധവൻ നായരും ഇബ്രാഹിം ഇക്കയും അനിയത്തിയമ്മയും കുഞ്ഞൻ നായരും രാഘവമേനോനും ചേട്ടത്തിയാരും ലീഡർക്കായി പടപൊരുതുന്നവരായിരുന്നു .

1991 ൽ തിരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പ് ലീഡർ മണ്ഡലപര്യടനത്തിന്നായി വന്നപ്പോൾ മനക്കലപ്പടിയിൽ നിന്നും കോണത്തുകുന്ന് വരെ റോഡിന്റെ ഇരുഭാഗത്തും എൽഡിഎഫുകാർ ചുകന്ന തോരണങ്ങളുമായി വാഴപ്പിണ്ടികൾ കുത്തിയിരിക്കുന്നതായി ലീഡറിന്റെ ശ്രദ്ധയിൽ പെട്ടു .

publive-image

ഞങ്ങൾ അപ്പോൾ യാക്കൂബിന്റെ വീട്ടിൽ കുരുത്തോല തയ്യാറാക്കുകയായിരുന്നു . ലീഡർ യാക്കൂബിന്റെ വീടിന്റെ മുൻപിൽ വണ്ടി നിർത്തി - '' എന്തിനാടോ നിങ്ങളൊക്കെ മുഖത്ത് താടിയും മീശയും വെച്ച് ജീവിക്കുന്നത് , നാണമില്ലെടോ , നിങ്ങളുടെ നാട് മുഴുവൻ അവന്മാർ കയ്യടക്കിയല്ലോ ? '' അങ്ങനെയങ്ങനെ കുറെ ചീത്തവിളികൾ .

'' രണ്ടു മണിക്കൂർ സമയം വേണം ഞങ്ങൾക്ക് . ലീഡർ ഒന്ന് കറങ്ങിയടിച്ചു ഈ വഴി വാ , അപ്പോൾ ഞങ്ങൾ കാണിച്ചുതരാം '' യാക്കൂബിന്റെ മറുപടി .

'' ഏയ് , അവരുടെ ഒന്നും നശിപ്പിക്കരുത് , വഴക്കടിക്കുവാൻ നമ്മുക്ക് സമയമില്ല, അവർ പ്രശ്‍നങ്ങൾ ഉണ്ടാക്കുവാൻ കാത്തിരിക്കുകയാണ് '' ലീഡർ ഉപദേശിച്ചു യാത്രയായി .

ഈ രണ്ടുമണിക്കൂറിനുള്ളിൽ പറമ്പിലെ സകലമാന വാഴകളും വെട്ടിയെടുത്ത്‌ എൽഡിഎഫിന്റെ ചുമന്ന വാഴ പിണ്ടികൾക്ക് ഇടയിലായി വെള്ളയും പച്ചയും തോരണമിട്ട ഓരോരോ വാഴപിണ്ടികൾ കുത്തിക്കൊടുത്തു . അപ്പോൾ റോഡ് മുഴുവൻ ചുമപ്പ് -വെള്ള -പച്ച എന്ന നിലയിലായി കാര്യങ്ങൾ .

publive-image

വൈകി വന്ന കേന്ദ്രസംഘത്തെ വേമ്പനാട്ട് കായലിന്റെ മുകളിലൂടെ ഹെലികോപ്റ്ററിൽ പറത്തി 'വെള്ളപ്പൊക്കം' കാണിച്ചുകൊടുത്ത ഇച്ഛാശക്തി

ലീഡറുടെ മാസമാസമുള്ള ഗുരുവായൂർ യാത്രകളാണ് കേരളത്തിലെ ബിജെപിയുടെ വളർച്ചയെ ഇല്ലാതാക്കിയത് , അല്ലെങ്കിൽ ഇന്ത്യയിൽ ആദ്യത്തെ ബിജെപി സംസ്ഥാനം കേരളമാകുമായിരുന്നു . ഇന്നിപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പയറ്റുന്ന തന്ത്രങ്ങൾ മുഴുവനും ലീഡറുടെ അടവുകളാണ്. ലീഗിന്റെ കുഞ്ഞാലിക്കുട്ടി അത് എന്നേ കൈവശമാക്കി കഴിഞ്ഞിരിക്കുന്നു .

വെള്ളപ്പൊക്കം കാണുവാൻ ഡൽഹിയിൽ നിന്നും കേന്ദ്രമന്ത്രി ഭൂട്ടാസിങ്ങും സംഘവും വരുവാൻ നേരം വൈകിയപ്പോൾ അവരെ കാണിച്ചുകൊടുക്കുവാൻ വെള്ളപ്പൊക്കം ഇല്ലായിരുന്നു. വെള്ളം ഇറങ്ങിപ്പോയി. പിന്നെന്തുചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആവലാതി ?

ലീഡര്‍ ഒട്ടും അമാന്തം കാണിച്ചില്ല - എല്ലാവരെയും ഹെലികോപ്റ്ററിൽ കയറ്റി വേമ്പനാട്ട് കായലിന്റെ മുകളിലൂടെ പറത്തി താഴെ കാണുന്നത് വെള്ളപ്പൊക്കമാണെന്ന് പറഞ്ഞുകൊടുത്തു. വീടുകളും കൃഷിയും എല്ലാം അതിനടിയിലാണത്രെ ! അയ്യയ്യോ .. ഭീകരം .. ! എന്നായി കേന്ദ്രമന്ത്രി . ഉടന്‍ അനുവദിച്ചു കോടികള്‍. അങ്ങനെ കേന്ദ്രഫണ്ട് വാങ്ങിയെടുത്ത ഇച്ഛാശക്തിയൊന്നും ഇപ്പറഞ്ഞ ആളുകൾക്കൊന്നും ഇപ്പോൾ ഇല്ലാതായിരിക്കുന്നു . ഇപ്പോഴാണെങ്കില്‍ റോഡില്‍കൂടി പോകാതെ ഹെലികോപ്റ്ററില്‍ വിനോദയാത്ര നടത്തി കേന്ദ്രസംഘം മടങ്ങിയെന്ന വിവാദം കൊഴുക്കുമായിരുന്നു .

മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ

16 എംഎൽഎ മാരുടെ കുറവ് . ഉടനെ ശരത്പവാർ ലീഡർക്ക് സ്വകാര്യ വിമാനം അയച്ചുകൊടുത്തു . മൂന്ന് ദിവസം മുംബയിൽ തങ്ങിയ ലീഡർ 22 പേരെ മറുകണ്ടം ചാടിച്ചാണ് തിരിച്ചുവന്നത് . ഹിന്ദി അറിയാതെ എങ്ങനെ ഇതൊക്കെ സാധിച്ചു എന്ന് പത്രക്കാർ ചോദിച്ചപ്പോൾ മാട്ടുചന്തയിലെ ആംഗ്യഭാഷയാണ് ഞാൻ പ്രയോഗിച്ചതെന്ന് ലീഡറുടെ മറുപടിയും .

publive-image

ലീഡറുടെ കണ്ണീര്‍ പൊഴിഞ്ഞത് 2 തവണ മാത്രം

ലീഡർ രണ്ടുതവണയേ കരഞ്ഞിട്ടുള്ളൂ , ഒന്ന് പ്രിയതമ കല്യാണിക്കുട്ടിയമ്മയുടെ വിയോഗത്തിലും പിന്നെ കേരളത്തിലെ ചിലരൊക്കെ ചേർന്ന് ചാരൻ എന്ന് വിളിച്ചപ്പോഴും .

ഒരു കാലഘട്ടത്തിൽ കേരളത്തിൽ ആര് എന്ത് തുടങ്ങിയാലും എന്ത് ഡീൽ നടന്നാലും ഏത് സ്ഥലവിൽപ്പന നടന്നാലും എല്ലാം ലീഡറുടെ തലയിലാണ് എല്ലാവരും കെട്ടിവെച്ചിരുന്നത് . അവരൊക്കെ ഇപ്പോൾ മുഖ്യമന്ത്രിമാരായി മാറിയപ്പോൾ അവർക്കൊക്കെ അന്വേഷണം ആരംഭിച്ചുകൂടായിരുന്നോ ? അതുപോലെ മക്കൾ രാഷ്ട്രീയത്തിൽ ഏറ്റവും പഴികേട്ട ലീഡർ തന്നെയാണ് ശരി എന്ന് ഇപ്പോൾ കാലം തെളിയിക്കുന്നു .

സകലമാന ഇടത് വലത് നേതാക്കന്മാരുടെ മക്കളും സിനിമാക്കാരുടെ മക്കളും പത്രക്കാരുടെ മക്കളും

അതുപോലെ അദ്ദേഹത്തെ വിമർശിച്ച സകലവന്മാരുടെ മക്കളും ഇപ്പോൾ അച്ചന്മാരുടെ വഴിയേ സഞ്ചരിക്കുമ്പോൾ ലീഡർക്ക് സ്തുതി .

publive-image

എതിര്‍ഗ്രൂപ്പുകാരെയും സ്നേഹിക്കാന്‍ ആന്റണിയെ പഠിപ്പിച്ചു, പക്ഷേ ..?

കൊക്കക്കോളക്ക് പെപ്സി പോലെ , ടോയോട്ടക്ക് നിസാൻ പോലെ , ബെന്‍സിന് ബിഎം ഡബ്ള്യു പോലെ ലീഡർക്ക് എന്നും ആന്റണി ഒരു മുതൽക്കൂട്ടായിരുന്നു . അവർ തമ്മിലുള്ള ആരോഗ്യമപരമായ വഴക്ക് പാർട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു . തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആന്റണിയെ തന്റെ ബെൻസിൽ കയറ്റി കേരളം ചുറ്റുന്ന ലീഡർ ആന്റണിയെ എന്നും ബഹുമാനിച്ചിരുന്നു .

2001 നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള-വടക്കേക്കര -ഇരിക്കൂർ സീറ്റിനായി അങ്കം വെട്ടിയ ലീഡർ ആ മൂന്നുസീറ്റിലും തന്റെ ആളുകളെ ജയിപ്പിച്ചപ്പോൾ ആന്റണി വരെ ഞെട്ടി . അന്ന് തിരഞ്ഞെടുപ്പിന് മുൻപത്തെ ഏപ്രിൽ 14 വിഷുനാളിലെ മാതൃഭൂമിയിലെ ഗോപീകൃഷ്ണന്റെ കാർട്ടൂൺ ആരും മറക്കില്ല .

''ആന്റണി നടത്തുന്ന പടക്ക കടയിൽ ബീഡി വലിച്ചു കാലിന്മേൽ കാല് കയറ്റി വെച്ചിരിക്കുന്ന ലീഡറുടെ ചിത്രം'' .

publive-image

എന്നിട്ടും പൂപോലെ നൂറ് സീറ്റിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുവാൻ ലീഡർക്ക് സാധിച്ചു . ആന്റണി പറഞ്ഞതുപോലെ കോൺഗ്രസ്സുകാരുടെ അന്ത്യം കോൺഗ്രസ്സുകാർ തന്നെയാണ് എന്നത് ശരിയാണ് . നല്ലതുപോലെ പോയിരുന്ന കേരളത്തിൽ ഒരു സുധീരനെയും ഒരു സതീശനെയും ഒരു പ്രതാപനെയും ഇറക്കിവിട്ട് കഴിഞ്ഞ സര്‍ക്കാരിന്‍റെ തുടര്‍ഭരണം. ലീഡർ നൂറിന്റെ മികവിൽ ജനഹൃദയങ്ങളെ ഇപ്പോഴും കീഴടക്കുമ്പോൾ ആന്റണി പൂജ്യത്തിന്റെ മികവിലാണ് ഡൽഹിയിൽ നിന്നും പടിയിറങ്ങേണ്ടി വരുന്നത് .

സഖാക്കൾ എത്ര തവണ കരിങ്കാലി എന്ന് വിളിച്ചാലും ലീഡറെ കണ്ടാൽ അപ്പറഞ്ഞവരൊക്കെ എഴുന്നേറ്റ് നിൽക്കുമായിരുന്നു . അതാണ് ലീഡർ , അങ്ങനെയാണ് അദ്ദേഹം കേരളത്തിന്റെ ലീഡർ ആയത് .

publive-image

കാർട്ടൂണിസ്റ്റുകളും പത്രങ്ങളും ചാനലുകളും സിനിമാലക്കാരും സിനിമക്കാരും ടി ദാമോദരനും ഐവി ശശിയും കൈരളിയും ദേശാഭിമാനിയും അങ്ങനെയുള്ളവരെല്ലാവരും ഒറ്റക്കെട്ടായി ലീഡറെ എതിർത്തപ്പോൾ , കളിയാക്കി ചിരിച്ചപ്പോൾ , ആരോപണങ്ങൾ അടിച്ചേൽപ്പിച്ചപ്പോൾ സഹിഷ്ണുതയോടെ , അവർക്കെതിരെ കള്ളക്കേസുകൾ എടുത്ത് അറസ്റ്റ് ചെയ്യാതെ , പേടിപ്പിക്കാതെ പുഞ്ചിക്കുന്ന മുഖവുമായി കേരളജനതക്ക് മുൻപിൽ ജീവിച്ച വിശിഷ്ട വ്യക്തിത്വമായിരുന്നു നമ്മുടെ ലീഡർ...

ലീഡറുടെ ഓർമ്മകൾ ഇന്നും മനസ്സിനകത്ത് സൂക്ഷിച്ചുകൊണ്ട്,

ലീഡറുടെ കട്ട ഫാൻസ് ദാസനും സഖാവ് വിജയനും

oomman chandy kpcc dasanum vijayanum
Advertisment