Advertisment

ചാരക്കേസില്‍ കരുണാകരനെതിരെ ഗൂഡാലോചന നടത്തിയത് ഒട്ടേറെ പേരാണ്. ഒരേ ഇലയില്‍ അച്ഛനൊപ്പം ഭക്ഷണം കഴിച്ചവരും അക്കൂട്ടത്തിലുണ്ട് - തുറന്നടിച്ച്‌ മുരളീധരന്‍റെ ആദ്യ പ്രതികരണം

New Update

publive-image

Advertisment

തിരുവനന്തപുരം : ചാരക്കേസില്‍ കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ നടത്തിയ വെളിപ്പെടുത്തലിന് രണ്ടു ദിവസത്തിനു ശേഷം ശക്തമായ പ്രതികരണവുമായി മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്‍ രംഗത്ത് .

ചാരക്കേസില്‍ കരുണാകരനെതിരെ ഗൂഡാലോചന നടത്തിയത് ആരെങ്കിലും ഒന്നോ രണ്ടോ പേരല്ല ഒട്ടേറെ പേരാണ് എന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. ഒരേ ഇലയില്‍ അച്ഛനൊപ്പം ഭക്ഷണം കഴിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ട് .

മിണ്ടാതിരിക്കുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഒഴിവാക്കാനാണെന്നും കരുണാകരന്‍റെ മകന്‍ പറഞ്ഞു . ചാരക്കേസിലും രാജന്‍ കേസിലും കരുണാകരനെതിരെ ഗൂഡാലോചന നടന്നു .

എല്ലാം തുറന്നു പറഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകും. പഴയകാല നേതാക്കള്‍ വരെ കരുണാകരനെ കൈയ്യാമം വച്ച് നടത്തിക്കാന്‍ ശ്രമിച്ചു . ചര്‍ച്ച ചെയ്യാന്‍ പോയാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടി വരും . അത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല . പടയൊരുക്കം നടത്തേണ്ടത് തമ്മില്‍ തമ്മിലല്ല . സിപിഎമ്മും ബിജെപിയുമായാണ് - മുരളി പറഞ്ഞു .

എം എം ഹസന്‍റെ വെളിപ്പെടുത്തല്‍ ഉണ്ടായശേഷം കരുണാകരന്‍റെ മകള്‍ പദ്മജാ വേണുഗോപാല്‍ സംഭവത്തില്‍ പ്രതികരിച്ചെങ്കിലും മുരളീധരന്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല . മുരളി പ്രതികരിക്കാതിരിക്കുന്നത് പാര്‍ട്ടിയിലെ പദവികള്‍ മോഹിച്ച് ഗ്രൂപ്പുകളെ പിണക്കാന്‍ താല്പര്യം ഇല്ലാത്തതിനാലാണെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു .

എന്നാല്‍ മുരളിയുടെ പ്രതികരണം എം എം ഹസന്‍റെ വെളിപ്പെടുത്തലില്‍ ആഹ്ലാദിച്ചിരുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ വായടപ്പിക്കുന്നതായി എന്നതാണ് ശ്രദ്ധേയം . കരുണാകരനെതിരായ ഗൂഡാലോചനയില്‍ ഒരാളല്ല ഒട്ടേറെപ്പേര്‍ ഉണ്ടെന്ന മുരളിയുടെ പ്രതികരണം ഉമ്മന്‍ചാണ്ടിയ്ക്ക് ആശ്വാസവുമാണ് .

ഒരേ ഇലയില്‍ അച്ഛനൊപ്പം ഭക്ഷണം കഴിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ടെന്ന മുരളിയുടെ പ്രതികരണം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ ലക്ഷ്യം വച്ചാണെന്ന് വ്യക്തം . എന്തായാലും ചാരക്കേസുമായി ബന്ധപെട്ട് മുരളീധരന്‍ നടത്തുന്ന പ്രതികരണങ്ങള്‍ വരും ദിവസങ്ങളിലും നിര്‍ണ്ണായകമാണ്

 

 

 

 

 

 

 

oomman chandy isro kpcc k muraleedharan isro case
Advertisment