Advertisment

കല കുവൈറ്റ് മാതൃഭാഷ പഠന പദ്ധതി; അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു

New Update

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന സൗജന്യ മാതൃഭാഷാ പഠന പദ്ധതിയിലെ അദ്ധ്യാപകർക്ക് പരിശീലനം നൽകി. കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻറെ അദ്ധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ് ആക്റ്റിംഗ് സെക്രട്ടറി എം.പി.മുസഫർ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി എന്നിവർ സംസാരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം സനൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ നൂറോളം അധ്യാപകർ പങ്കെടുത്തു. കല കുവൈറ്റ് മാതൃഭാഷാ സമിതി കൺവീനർ സജീവ് എം.ജോർജ്ജ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഫഹാഹീൽ മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള നന്ദി രേഖപ്പെടുത്തി.

Advertisment

കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ക്ലാസുകൾ കലയുടെ നാല് മേഖലകളിലും ആരംഭിച്ചു കഴിഞ്ഞു. അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ മേഖലകളിലെ ക്ളാസുകളാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം മുതൽ കേരള സര്ക്കാരിന്റെ മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ നടക്കുന്നത്. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്‌സുകളാണ് നടത്തുന്നത് . നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം ക്ലാസ്സ് തത്തുല്യ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥിക്ക് ലഭിക്കുക. ആദ്യഘട്ടമായ കണിക്കൊന്നയുടെ പരീക്ഷ വിജയകരമായി നടത്തുവാൻ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു സാധിച്ചു. മാതൃഭാഷ പഠന ക്ലാസ്സുകളില്‍ പുതിയതായി ചേരുന്ന പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് കണിക്കൊന്നയിലേക്കും, കണിക്കൊന്ന പരീക്ഷ വിജയകരമായി പൂര്‍ത്തികരിച്ചവര്‍ക്കായി സൂര്യകാന്തി ഡിപ്ലോമ കോഴ്സിലേക്കും രെജിസ്റ്റർ ചെയ്യാം. സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഒരു സുവർണാവസരമാണിത്.

പഠന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കല കുവൈറ്റ് വെബ്‌സൈറ്റായ www.kalakuwait.com വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സാംസ്കാരിക പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ താല്പര്യമുള്ള അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

അബ്ബാസിയ – 69330304, 50292779, 24317875, അബുഹലീഫ – 51358822, 60084602, ഫഹഹീല്‍ - 65092366, 97341639, സാല്‍മിയ - 66736369, 66284396

Advertisment