Advertisment

വിദേശികളടക്കം 3500ലധികം കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനത്തെ വ്യാജപ്രചാരണം നടത്തി ആക്രമിക്കുന്നു ; നഴ്‌സിങ് ഓഫീസര്‍ ഒരുമാസമായി അവധിയില്‍ ; കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല ; വിശദീകരണവുമായി മെഡിക്കല്‍ കോളജ്

New Update

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവു മൂലം കോവിഡ് രോഗി മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍. ശബ്ദസന്ദേശത്തില്‍ പറയുന്ന നഴ്‌സിങ് ഓഫീസര്‍ ഒരുമാസമായി അവധിയിലാണ്. കോവിഡ് ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ആര്‍എംഒ വിശദീകരിച്ചു.

Advertisment

publive-image

കീഴ്ജീവനക്കാരെ ജാഗരൂകരാക്കാന്‍ സ്വന്തമായി പറഞ്ഞതാണെന്നും മറ്റു പ്രശ്‌നങ്ങളൊന്നും ആശുപത്രിയിലുണ്ടായിട്ടില്ലെന്നും ഇവര്‍ രേഖാമൂലം വിശദീകരണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഹാരിസിന്റെ മരണം ചികിത്സാപിഴവു മൂലമല്ല. ജൂണ്‍ 26 മുതല്‍ ജൂലായ് 20 വരെയാണ് ഹാരിസ് ചികിത്സയിലുണ്ടായിരുന്നത്. മരിക്കുമ്പോഴും അദ്ദേഹം കോവിഡ് പോസിറ്റീവായിരുന്നു.

പ്രമേഹവും രക്തസമ്മര്‍ദവും ഭാരക്കൂടുതലും മറ്റു ശാരീരികവിഷമതകളും കടുത്ത കോവിഡ് ലക്ഷണങ്ങളുമുണ്ടായിരുന്നു. എന്‍ഐവി വെന്റിലേറ്ററിലാണ് ചികിത്സ നല്‍കിയിരുന്നത്. ഈ ശ്വസനസഹായിയുടെ ഓക്‌സിജന്‍ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ല.

ഇദ്ദേഹത്തെ വാര്‍ഡിലേക്കു മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു എന്ന പ്രചാരണവും ശരിയല്ല. ഗുരുതര കോവിഡ് ലക്ഷണവുമായി 24 ദിവസം അതിതീവ്ര പരിചരണവും എല്ലാ ആധുനിക ചികിത്സാരീതികളും ഇദ്ദേഹത്തിന് നല്‍കിയിരുന്നതായി ഡോ ഗണേഷ് മോഹന്‍ പറഞ്ഞു.

വിദേശികളടക്കം 3500ലധികം കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനത്തെ നിരുത്തരവാദപരമായ പ്രസ്താവനയെ മുന്‍നിര്‍ത്തി ഒരു സംഘം ആക്രമിക്കുകയാണ്. ശബ്ദസന്ദേശത്തിന്റെ സൃഷ്ടിയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും ആരെന്നു കണ്ടെത്തണം.

24 മണിക്കൂറും കോവിഡ് ജോലിചെയ്യുന്ന മെഡിക്കല്‍ സംഘത്തിന്റെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്ന വ്യാജപ്രചാരണം വേദനാജനകമാണെന്നും ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

covid 19 kalamassery medical college
Advertisment