Advertisment

കരിപ്പൂരിൽ വിമാനത്താവളത്തിൽ ഇമാസ് സംവിധാനം സ്ഥാപിക്കണം:വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ റൺവേയിൽ നിന്ന് വിമാനങ്ങൾ തെന്നിമാറി അപകടങ്ങളുണ്ടാകുന്നത് തടയുന്ന ഇമാസ് (എഞ്ചിനീയേർഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം) സംവിധാനം അടിയന്തിരമായി കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Advertisment

ഇമാസ് സംവിധാന മുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായ പോലൊരു അപകടം തടയാമായിരുന്നു. രാജ്യാന്തര രംഗത്ത് മിക്ക എയർപോർട്ടുകളിലും ഈ സംവിധാനം നടപ്പിലാക്കുന്നുണ്ട്. കരിപ്പൂരിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിശ്ചയിച്ച മാനദണ്ഡ പ്രകാരം റൺവേ എൻഡ് സേഫ്റ്റി ഏരിയ ഇപ്പോൾ തന്നെ പര്യാപ്തമായ അളവിലുണ്ട്. കൂടുതൽ ആവശ്യമെങ്കിൽ കിഴക്കു ഭാഗത്ത് നിർമിക്കാൻ സാധിക്കുന്നതാണ്.

2010 ലെ മംഗലാപുരം ദുരന്തത്തിന് ശേഷം സിവിൽ ഏവിയേഷൻ മന്ത്രാലയം രൂപീകരിച്ച സുരക്ഷാ ഉപദേശക സമിതി നൽകിയ ശുപാർശയിൽ എയർ പോർട്ടുകളിൽ ഇമാസ് സംവിധാനം സ്ഥാപിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. 10 വർഷത്തിനിടയിൽ മംഗാലപുരം അപകടത്തിന് സമാനമായ മറ്റൊരു അപകടം സംഭവിച്ചതിന് രാജ്യത്തെ വ്യോമയാന വ്യവസായത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളോട് വിമാനത്താവള അതോറിറ്റി പുലർത്തിയ നിസംഗതയും കാരണമാണ്.

വെൽഫെയർ പാർട്ടി അഞ്ച് വർഷം മുൻപ് കരിപ്പൂർ എയർപോർട്ട് സംബന്ധിച്ച് പുറത്തിറക്കി വിമാനത്താവള അതോറിറ്റിക്കും വ്യോമ മന്ത്രാലയത്തിനും നൽകിയ വസ്തുതാന്വേഷണ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

karipoor airport
Advertisment