Advertisment

കാര്‍ത്തി ചിദംബരം തന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ മുതിര്‍ന്ന നേതാവിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ്

New Update

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി രൂപ മുതിര്‍ന്ന നേതാവിനു കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്ന വ്യക്തിക്കാണ് കാര്‍ത്തി പണം നല്‍കിയത്. കാര്‍ത്തിയുടെ ചെന്നൈയിലുള്ള റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡില്‍ (ആര്‍ബിഎസ്) നിന്നാണ് പണം കൈമാറിയത്.

Advertisment

publive-image

അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഏത് വ്യക്തിക്കാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയാറായിട്ടില്ല. 2006 ജനുവരി 16 മുതല്‍ 2009 സെപ്റ്റംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണു പണം കൈമാറിയത്. ഇതേക്കുറിച്ച് ചോദിക്കുന്നതിന് മുതിര്‍ന്ന നേതാവിനെ വിളിച്ചുവരുത്തുന്നതടക്കുമുള്ള കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിഗണിക്കുന്നുണ്ട്. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള കാര്‍ത്തിയെയും ചോദ്യം ചെയ്‌തേക്കും.

കാര്‍ത്തിയുടെ ആര്‍ബിഎസിലെ 397990 എന്ന അക്കൗണ്ടില്‍നിന്നാണ് പണം രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഈ ഇടപാടുകളില്‍ സംശയിക്കേണ്ടതുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഐഎന്‍എക്‌സ് മീഡിയയ്ക്കുവേണ്ടി വിദേശത്തുനിന്ന് 3.1 കോടി രൂപയോളം നല്‍കിയെന്നാണ് ഇന്ദ്രാണിയുടെയും പീറ്റര്‍ മുഖര്‍ജിയുടേയും വെളിപ്പെടുത്തല്‍. അതിനിടെ, കാര്‍ത്തി ചിദംബരത്തെയും ഐഎന്‍എക്‌സ് മീഡിയ മുന്‍ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റു െചയ്തത്.

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാര്‍ത്തി ഇവരെ വഴിവിട്ട് സഹായിച്ചെന്നായിരുന്നു ആദ്യ ആരോപണം. കഴിഞ്ഞവര്‍ഷം മേയിലാണു സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

Advertisment