Advertisment

മനോരമയും മാതൃഭൂമിയും തമ്മിലും ടോയോട്ടയും നിസാനും തമ്മിലും കൊക്കക്കോളയു൦ പെപ്സിയും തമ്മിലുമുള്ള അഡ്ജസ്റ്റുമെന്റുകള്‍ മലയാളിക്ക് പാഠമാകട്ടെ !! ഹര്‍ത്താല്‍ വിളയാട്ടം നടത്തിയവര്‍ ലക്ഷ്യം വച്ചത് 'കത്വ' എന്ന ഇന്ത്യന്‍ വികാരം ഭിന്നിപ്പിക്കാനോ ?

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ലോകത്തിലെ മുഖ്യശത്രുക്കളായ രണ്ടു ബ്രാൻഡുകൾ - ടോയോട്ടയും നിസാനും , അതുപോലെ കൊക്കക്കോളയും പെപ്സിയും .

ഇക്കഴിഞ്ഞ 2011 മാർച്ച് 11 ന് ജപ്പാനിലെ ടോഹോക്കുവിൽ അതിശക്തമായ ഭൂകമ്പവും അതേത്തുടർന്ന് ഭീകരവുമായ സുനാമിയും ഒരു ഭൂപ്രദേശത്തെ തന്നെ പിടിച്ചു കുലുക്കുകയും നശിപ്പിക്കുകയും ചെയ്തു.

ലോകത്തെ ഒന്നാം നമ്പർ വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ വലിയ ഒരു പ്ലാന്റ് സുനാമിയിൽ ഒലിച്ചുപോയി !

ടോയോട്ടക്ക് വാഹന നിർമ്മാണം തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ടി വന്നു . ഇതേ സമയം ടൊയോട്ടയുടെ വിഷമത്തിലും നഷ്ടത്തിലും അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നിസ്സാൻ തങ്ങളുടെ നിർമ്മാണവും പകുതിയോളം വെട്ടിക്കുറച്ചു !

കച്ചവടത്തിൽ ശതൃക്കൾ ആണെങ്കിലും പരസ്പര ബഹുമാനവും മര്യാദയുമാണ് നിസ്സാൻ ലോകത്തെ മുഴുവൻ കാണിച്ചു കൊടുത്തത് .

publive-image

കുടിവെള്ളത്തിനായി മുതലമടയിലെ മയിലമ്മ ആരംഭിച്ച ചരിത്രപ്രധാനമായ സമരം . ലോകത്തിലെ കച്ചവട ഭീമന്മാരായ കൊക്കക്കോളക്കെതിരെ 2002 ഏപ്രിലിൽ ആരംഭിച്ച സമരം 2004 മാർച്ച് 11 ന് ലക്‌ഷ്യം കണ്ടു .

ലോകചരിത്രത്തിലാദ്യമായി കൊക്കക്കോളയുടെ ഒരു നിർമ്മാണ പ്ളാൻറ് എന്നന്നേക്കുമായി അടിച്ചു പൂട്ടിയെന്ന ഖ്യാതി കേരളത്തിന് സ്വന്തമായെങ്കിലും ബദ്ധ ശത്രുക്കളായ പെപ്‌സി അവരുടെ നിർമ്മാണം കുറച്ചുകൊണ്ട് കൊക്കക്കോളക്ക് പിന്തുണ പ്രഖ്യാപിച്ചു .

അപ്പോൾ ഈ രണ്ടു സംഭവങ്ങളിൽ നിന്നും നമ്മുക്ക് മനസിലാക്കേണ്ടതായ ഒരു പാഠം ടൊയോട്ട ഉണ്ടെങ്കിലേ നിസ്സാന് പ്രാധാന്യമുള്ളൂ അല്ലെങ്കിൽ നിലനിൽപ്പ് ഉള്ളൂ . അതുപോലെ കൊക്കകോളയാണ് പെപ്സിയെ നിലനിർത്തുന്നതും പെപ്സിയാണ് കൊക്കക്കോളയെ നിലനിർത്തുന്നതും .

publive-image

മനോരമയുടെ ഒരു അഴിമതിയോ തെറ്റുകുറ്റങ്ങളോ നിങ്ങൾക്ക് മാതൃഭൂമിയിൽ കാണുവാനാകില്ല . മാതൃഭൂമിക്കെതിരെ മനോരമയും എല്ലാം കണ്ണടക്കും .

അതുപോലെ ഏഷ്യാനെറ്റിന്റെ കുറ്റങ്ങൾ കൈരളിയും കൈരളിയിലെ കളികൾ ഏഷ്യാനെറ്റും ആരെയും അറിയിക്കാറില്ല . ഒരു എൽഡിഎഫ് - യുഡിഎഫ് കോമ്പ്രമൈസ് കളികൾ അമേരിക്കയും റഷ്യയും വരെ പുലർത്തിപ്പോരുന്നു .

കത്വയിലെ നിരപരാധിയായ ആ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് ഇന്ത്യയിലെ ഒരു മകൾക്കും അല്ലെങ്കിൽ ലോകത്തിലെ ഒരു മകൾക്കും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു .

ഇപ്പോഴും അവിടെവിടെയായി ഉറവ വറ്റാത്ത നന്മയുടെ ഉറവിടങ്ങൾ ബാക്കി നിൽക്കുന്നതുകൊണ്ട് മാസം മൂന്ന് കഴിഞ്ഞാലും ഒരു കൊടും ഭീകരത ജനങ്ങളിൽ എത്തിക്കുവാൻ സാധിച്ചു .

പലതരത്തിൽ സ്വാധീനിക്കുവാൻ ശ്രമിച്ചെങ്കിലും , പണമായും , ജാതി പറഞ്ഞും ഒക്കെ നിർബന്ധിച്ചെങ്കിലും അതൊന്നും വകവെക്കാതെ അന്വേഷണമായി ചില നന്മ മരങ്ങൾ മുന്നോട്ട് പോയതുകൊണ്ട് ആയിരങ്ങളിൽ ഒരുവളായ അവള്‍ ഇന്നിപ്പോൾ ഇന്ത്യയുടെ ദുഃഖപുത്രിയായി മാറിയിരിക്കുന്നു .

publive-image

ബ്രാഹ്മണരായ ഒരച്ഛനും മകനും മരുമകനും നാട്ടിലെ പോലീസ് ഉദ്യോഗസ്ഥനും ചേർന്നുകൊണ്ട് ആസ്ഥാന ദൈവത്തിന്റെ സന്നിധിയിൽ വെച്ച് നടത്തിയ പൂജയിൽ ഒലിച്ചുപോയത് ആർഎസ്എസ് എന്ന സംഘടനയുടെ മുഖം മൂടികൾ ആയിരുന്നു .

എലിയെ പേടിച്ചു ഇല്ലം ചുടുക എന്ന് പറഞ്ഞതുപോലെ ദരിദ്രരായ ഒരു കൂട്ടം ഇടയന്മാരെ തങ്ങളുടെ പ്രദേശത്തുനിന്നും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി എട്ടും പൊട്ടും തിരിയാത്ത ഒരു ഇടയബാലികയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലചെയ്തപ്പോൾ നിസ്സഹായരായ ദൈവം അതേ ബ്രാഹ്മണ വിഭാഗത്തിൽ പെട്ട 'രാഹുൽ പണ്ഡിറ്റ്' എന്ന എഴുത്തുകാരനിലൂടെയും , 'ദീപിക സിങ്ങ് രാജാവത് ' എന്ന അഭിഭാഷകയിലൂടെയും ,'രമേഷ് കുമാർ ജല്ല' എന്ന ക്രൈം ബ്രാഞ്ച് എസ്പിയിലൂടെയും അവതരിച്ചപ്പോൾ ഇന്ത്യയിൽ ഇച്ചിരി നന്മ ഇപ്പോഴും ബാക്കി നിൽക്കുന്നു എന്ന് സാധാരണ ജനത്തിന് ബോധ്യമായി .

കത്വയിലെയും ഇന്നോവയിലെയും അതിഭീകര സംഭവങ്ങളിൽ മുഖം നഷ്ടപ്പെട്ട ആർഎസ്എസും , ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനത പാർട്ടിയും പ്രതിരോധത്തിൽ ആയപ്പോൾ , ഉള്ളുകൊണ്ടു ഈ പാർട്ടികളെയും നേതാക്കന്മാരെയും ഇഷ്ടപ്പെട്ടിരുന്നവർ വരെ എതിരായി തുടങ്ങിയപ്പോൾ , സാധാരണ ജനങ്ങൾ ഭരണക്കാർക്കെതിരെ ശബ്ദം വെച്ച് തുടങ്ങിയപ്പോൾ , വിലകൊടുത്തുവാങ്ങിയ വാങ്ങിയ ടിവി - പത്ര - മാധ്യമക്കാർ വരെ എതിർ ചേരിയിലേക്ക് നീങ്ങി തുടങ്ങിയപ്പോൾ, പ്രസംഗിച്ചു പ്രസംഗിച്ചു പറന്നു നടന്നിരുന്ന പ്രധാനമന്ത്രി വരെ മൗനം ഭജിച്ചപ്പോൾ , അന്താരാഷ്ട്ര മാധ്യമങ്ങളും യുണൈറ്റഡ് നാഷൻസും ഇന്ത്യക്കെതിരെ തിരിഞ്ഞപ്പോൾ , നല്ലവരായ വോട്ടർമാർ കരഞ്ഞു തുടങ്ങിയപ്പോൾ അതാ വരുന്നു ഒരു സോഷ്യൽ മീഡിയ ഹർത്താൽ .

publive-image

ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് ഗൂഢാലോചന നടത്തിക്കൊണ്ട് ഉണ്ടാക്കിയ ഒരുഗ്രൻ പ്ലാൻ പോലെയായിരുന്നു കേരളത്തിലെ ആ ഹർത്താൽ . ആർഎസ്എസ് നിലനിൽക്കണം , ബിജെപി ഭരിക്കണം എന്നൊക്കെ ഉള്ളുകൊണ്ടു മോഹിക്കുന്ന ഒരു വിഭാഗമാണ് ആ ഹർത്താലിന് പിന്നിൽ എന്നതാണ് സംശയം .

കാരണം അന്നുവരെ കേരളജനത ഒറ്റക്കെട്ടായി , അല്ലെങ്കിൽ സോഷ്യൽ മീഡിയ ഒറ്റക്കെട്ടായി ആ പെണ്‍കുട്ടിക്ക് വേണ്ടി നിലകൊണ്ടപ്പോൾ , ഹർത്താലിന് ശേഷം ജനം വീണ്ടും രണ്ടു ചേരിയായി അടിതുടങ്ങി .

ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ബേക്കറി കുത്തിത്തുറന്ന് ലഡുവും ജിലേബിയും വയറ്റിലേക്ക് കുത്തിനിറക്കുന്ന ഹർത്താലുകാരുടെ വീഡിയോകൾ കണ്ടപ്പോൾ , അല്ലെങ്കിൽ വാടാ വാടാ പോരിന് വാടാ , കയ്യും വെട്ടും കാലും വെറും വേണമെങ്കിൽ തലയും വെട്ടും എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ കേട്ടപ്പോൾ ഹിന്ദുവിന്റെ ഉള്ളിലെ വികാരങ്ങളും ഉണർത്തുവാൻ ഹർത്താലിന്റെ ഉപജ്ഞാതാക്കൾക്ക് സാധിച്ചു എന്നതാണ് ഹർത്താലുകൊണ്ട് ഉണ്ടായ ഏക ഗുണം .

publive-image

എല്ലാ മതങ്ങൾക്കും അവരവരുടേതായ സംഘടനകൾ ഉണ്ടെങ്കിലും പിന്നെയും പിന്നെയും ഓരോന്ന് മുളച്ചുപൊങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കിയപ്പോൾ മനസ്സിലാക്കുവാൻ സാധിച്ച ഒരു വസ്തുത , എല്ലാവരുടെയും ഒരേയൊരു ലക്‌ഷ്യം പിരിവ് തന്നെ .

ഗൾഫിലും അമേരിക്കയിലും ഒക്കെ കോളേജ് അലുംനികളും ജില്ലാ പ്രാദേശിക തലത്തിലുള്ള സംഘടനകളും ഒക്കെ രൂപീകരിക്കുന്നത് അതിലെ ചില തത്പര കക്ഷികളുടെ കച്ചവട വിജയങ്ങൾക്കും മറ്റും പണപ്പിരിവിനും പണം റോളിംഗിനും ഒക്കെയാണ് .

അല്ലാതെ ജനത്തെ ഉദ്ധരിക്കുവാനൊന്നുമല്ല ഇവന്മാർ സഘടനകൾക്ക് നേതൃത്വം നൽകുന്നത് . പലതുള്ളി പെരുവെള്ളം എന്നത് അവന്മാർ നേരത്തെ കാണുന്നു , അത്രതന്നെ .

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ജാതീയ പാർട്ടികളും കോടിക്കണക്കിന് രൂപ സംഭാവനയായി കൂമ്പാരം കൂട്ടുമ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതാണ് ഈ ഞാഞ്ഞൂൽ സംഘടനകളുടെ ലക്‌ഷ്യം .

publive-image

പിന്നെയുള്ള സംശയം , ബ്രിട്ടീഷുകാർ നൂറുകണക്കിന് വര്ഷം ഭരിച്ചതുകൊണ്ടു ചന്ദനം ചാരിയാൽ ചന്ദനം മണക്കും കാഷ്ടം ചാരിയാൽ കാഷ്ടം മണക്കും എന്നതാണ് അവസ്ഥ . ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്വം ഇപ്പോഴും ഇന്ത്യയിലും ഇപ്പോൾ കേരളത്തിലും അരങ്ങേറുന്നു.

തീവ്രവാദം പറയുന്ന ഈ ഞാഞ്ഞൂൽ പാർട്ടികളുടെ പിന്നിലും എതിരാളികളായ വമ്പൻ പാർട്ടികളുടെ സഹായം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഈ ഞാഞ്ഞൂൽ സംഘടനകൾക്ക് കിട്ടിയ വോട്ടുകളും തോറ്റ മുഖ്യധാരാ പാർട്ടിക്കാരുടെ മാർജിനുകളും കണക്കുകൂട്ടി നോക്കിയാൽ അതൊക്കെ ഏത് പൊട്ടനും മനസിലാക്കാം .

നേതാവ് ജയിലിൽ തന്നെ കഴിയുവാൻ ആഗ്രഹിക്കുന്ന കുട്ടി നേതാക്കളുള്ള സംഘടനകൾ നമുക്കുണ്ട് . അപ്പോള്‍ പിരിവ് ഉഷാറാക്കാം.

അതുപോലെ സിനിമ ഹറാമാക്കിയ ഒരു സംഘടന, അവരുടെ നേതാക്കന്മാർ അവരുടെ ഗൾഫിലെ പാവപ്പെട്ട അണികളിൽ നിന്നും പിരിച്ചെടുത്ത പണം കൊണ്ട് അണികൾ അറിയാതെ സിനിമകൾ നിർമ്മിച്ച് ലാഭം കൊയ്യുന്ന കാഴ്ചകൾ നമ്മള്‍ കണ്ടതാണ് .

publive-image

ഇക്കാര്യത്തിൽ അണികൾക്ക് എന്തെങ്കിലും സംശയം ഉണ്ടെകിൽ അക്കാര്യം അന്വേഷിച്ചാൽ മനസ്സിലാക്കാവുന്നതാണ് . അതുപോലെ മലേഗാവിലും സംജോത എക്സ്പ്രസ്സിലും വേറെ ഒന്ന് രണ്ടിടത്തും ബോബുകൾ വെച്ച് പൊട്ടിച്ച് കുറെ നിരപരാധികളെ കൊന്നൊടുക്കിയതും നമുക്കറിയാം .

സത്യസന്ധരായ ഹേമന്ദ് കർക്കാരെയും , അശോക് കാംതെയും , വിജയ് സലാസ്കരേയും ഇല്ലാതാക്കിയ സംഭവങ്ങളാണ് അസീമാന്ദയും കേണൽ പുരോഹിതും എല്ലാം ചേർന്ന് ഇന്ത്യയിൽ നടപ്പിലാക്കിയത് . ഒരു വലിയ ഗൂഢാലോചനയാണ് കർക്കരെ വെളിച്ചത്ത് കൊണ്ടുവന്നത് .

എന്തൊക്കെ തന്നെയായാലും ആരൊക്കെ കോമ്പ്രമൈസ് കളിച്ചാലും കളിപ്പിച്ചാലും ആരൊക്കെ ഹർത്താൽ നടത്തിയാലും നടത്തിച്ചാലും ഇത്തരം വിഷവിത്തുകള്‍ മേയുന്ന ഫേസ്‌ബുക്ക് -വാട്സാപ്പ് ഗ്രൂപ്പുകളെ തുടച്ചുനീക്കിയാൽ കുറച്ചൊക്കെ ജനങ്ങൾ തമ്മിലുള്ള സ്നേഹം കുറച്ചുനാൾ കൂടി നിലനിന്നുകാണുവാനാകും എന്ന് വിശ്വസിച്ചുകൊണ്ട് ,

ഹർത്താലിൽ ബേക്കറിയിൽ നിന്നും ജിലേബി വെട്ടി വിഴുങ്ങിക്കൊണ്ട് ദാസനും ഹലുവ മുറിച്ചുകൊണ്ട് വിജയനും

keralam latest dasanum vijayanum
Advertisment