Advertisment

സച്ചിന്റെ ഓഹരികള്‍ വാങ്ങിയത് ലുലുവല്ല; ചിരഞ്ജീവിയും അല്ലു അരവിന്ദും സംഘവും; 'നന്ദി സച്ചിന്‍, അംബാസിഡറായി തുടരണം'; മാസ്റ്റര്‍ ബ്ലാസ്റ്ററോട് അഭ്യര്‍ത്ഥിച്ച് ആരാധകര്‍

New Update

isl 2018 19 kerala blasters manjappada fans thanks to sachin tendulkar

Advertisment

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഓഹരിയുടമയായിരുന്ന സച്ചിൻ ടെൻഡുൽക്കര്‍ക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പട ഫാന്‍സ്. നാലു വ‍ർഷമായി കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ ആകർഷണമായിരുന്നു ടീമിന്‍റെ സഹ ഉടമ സച്ചിൻ ടെൻഡുൽക്കർ. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്ന 20 ശതമാനം ഓഹരി കൈമാറിയതോടെയാണ് സച്ചിന്‍ ക്ലബുമായി വേര്‍പിരിഞ്ഞത്. ഇത്രകാലം ക്ലബിന്‍റെ ഐക്കണായിരുന്ന സച്ചിന് നന്ദിയറിയിക്കുകയാണ് മഞ്ഞപ്പടയുടെ ഔദ്യോഗിക ആരാധകക്കൂട്ടം.

2014ൽ ഐഎസ്എൽ ആദ്യ സീസൺ മുതൽ സഹ ഉടമ എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സുമായുണ്ടായിരുന്ന ബന്ധമാണ് സച്ചിൻ അവസാനിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിൽ 40 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന സച്ചിൻ നേരത്തേ 20 ശതമാനം ഓഹരികൾ കൈമാറിയിരുന്നു.  ശേഷിച്ചിരുന്ന 20 ശതമാനം ഓഹരികള്‍ കൂടി ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുത്തതോടെ മാസ്റ്റര്‍ ബ്ലാസ്റ്ററും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ബന്ധം പൂര്‍ണമായി അവസാനിച്ചു.

Image may contain: one or more people and text

സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നുവെന്ന് വിശദീകരിച്ച കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്, സച്ചിന്റെ പിന്മാറ്റത്തിനുപിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. സച്ചിന്റെ പിന്തുണയ്ക്കും സംഭാവനകള്‍ക്കും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നന്ദി അറിയിച്ചു. സച്ചിന്‍ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.

കഴിഞ്ഞ നാലു സീസണുകളില്‍ ആത്മവിശ്വാസവും പ്രചോദനവുമായി ടീമിന്റെ കൂടെയുണ്ടായിരുന്ന സച്ചിന്റെ പിന്‍വാങ്ങൽ ആരാധകർക്ക് കടുത്ത നിരാശ പകരുന്നതായി. സച്ചിന്റെ അസാന്നിധ്യം ആവേശം കുറയ്ക്കുമെങ്കിലും നല്ല പ്രകടനം പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്സിന്റെ കളികൾക്ക് കാണികളുണ്ടാവുമെന്ന് മുൻ ഇന്ത്യൻ താരം ഐ.എം.വിജയൻ പ്രതികരിച്ചു.  സച്ചിന്റെ ഓഹരികള്‍ ലുലു ഗ്രൂപ്പ് വാങ്ങിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.

Advertisment