Advertisment

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഒരു കാര്‍ഡ് പോലും നല്‍കിയില്ല, റഫറിമാര്‍ ആദ്യം പരിശീലകരെ ബഹുമാനിക്കാന്‍ പഠിക്കൂ; മത്സര ശേഷം പൊട്ടിത്തെറിച്ച് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍

New Update

ഗുവാഹത്തി: കേരളാ ബ്ലാസ്റ്റേഴ്‌സ്‌നേര്‍ത്ത് ഈസ്റ്റ് മത്സരത്തിന് ശേഷം റഫറിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ അവ്‌റം ഗ്രാന്‍ഡ്. ഇന്ത്യന്‍ റഫറിമാര്‍ക്ക് പരിശീലകരെ ബഹുമാനിക്കാനറിയില്ലെന്നായിരുന്നു അവ്‌റമിന്റെ വിമര്‍ശനം.

Advertisment

ഇന്നലെ മത്സരത്തിനിടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇരു ടീമിലെയും താരങ്ങള്‍ ഗ്രൗണ്ടില്‍ തമ്മില്‍ കോര്‍ക്കുകയായിരുന്നു. ഈ പ്രശ്‌നത്തിനിടെ ഗ്രൗണ്ടിലേക്കിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ അവ്‌റം ഗ്രാന്‍ഡിനെ റഫറി പുറത്താക്കുകയായിരുന്നു. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിനും പങ്കെടുക്കാതിരുന്ന നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ സ്റ്റേഡിയം പരിസരത്ത് സ്വന്തമായി പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

publive-image

‘റഫറിമാരുടെ തീരുമാനത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല. എന്നാല്‍, പരിശീലകരെ ബഹുമാനിക്കാനറിയില്ല. നിരവധി ഫൗളുകള്‍ ചെയ്തിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഒരു കാര്‍ഡ് പോലും നല്‍കിയില്ല. അതേസമയം, നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്ക് മൂന്ന് ബുക്കിങ്ങാണ് റഫറി നല്‍കിയത്. രണ്ട് താരങ്ങള്‍ ഗ്രൗണ്ടില്‍ വീണു കിടക്കുകയും ബാക്കിയുള്ള താരങ്ങള്‍ തമ്മില്‍ കശപിശകൂടുകയും ചെയ്തപ്പോഴാണ് ഞാന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്. അവരെ, അതില്‍ നിന്നും പിന്തിരിപ്പിച്ച് മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ഗ്രൗണ്ടിലേക്ക് ചെന്നത്. എന്നാല്‍, മത്സരത്തില്‍ നാലാം റഫറി ഞാനൊരു കുറ്റവാളി ആണെന്ന രീതിയിലാണ് എന്നോട് പെരുമാറിയത്.’ അവ്‌റം പറയുന്നു

നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 28ാം മിനുട്ടില്‍ വെസ്ബ്രൗണാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. വെസ്ബ്രൗണിന്റെ കന്നിഗോളായിരുന്നു ഇത്.

നോര്‍ത്ത് ഈസ്റ്റിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. മികച്ച കളി കാഴ്ചവെച്ചെങ്കിലും നിര്‍ഭാഗ്യവും ഗോള്‍കീപ്പര്‍ പോള്‍ റെച്ചൂബ്കയുടെ മികവും നോര്‍ത്ത് ഈസ്റ്റിന് വിനയായി.

ഇന്നത്തെ മത്സരത്തോടെ പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയ കേരളം 16 മത്സരങ്ങളില്‍ നിന്നായി 24 പോയന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 14 മല്‍സരങ്ങളില്‍നിന്ന് 25 പോയിന്റുള്ള ജംഷഡ്പുര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനു തൊട്ടുമുന്നിലുണ്ട്.

Advertisment