കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവച്ചു. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യുലസ്റ്റീന്റെ വിശദീകരണം. ആരാധകരോടും കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സഹ പരിശീലകന്‍ താങ്‌ബോയ് സിങ്‌തോമിനാണ് താത്കാലിക പരിശീലകന്റെ ചുമതല.
2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്. ഐഎസ്എല്ലില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഓര്‍ക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. ഈ സീസണില്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഏഴ് കളിയില്‍ നിന്നായി ഏഴ് പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. സീസണില്‍ രണ്ട് തോല്‍വിയും നാല് സമനിലയും ഒരു വിജയവുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ബെംഗളൂരൂ എഫ്‌സി 3-1നാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇതേത്തുടര്‍ന്നു ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. കളിക്കാരുടെ കഴിവു കണ്ടെത്തുന്നതില്‍ അപാര മികവുള്ളയാള്‍ എന്ന വിശേഷണവുമായായിരുന്നു വരവ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാലത്തു മാത്രമാണു പരിശീലകനെന്ന നിലയ്ക്കു റെനി മ്യൂലന്‍സ്റ്റീന്‍ കരിയറില്‍ വിജയിച്ചിട്ടുള്ളത്. 2008-09, 2010-11, 2012-13 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് കിരീടം, രണ്ടു കമ്യൂണിറ്റി ഷീല്‍ഡ്, രണ്ടു ലീഗ് കപ്പ്, ഓരോ ചാംപ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ എന്നിവയും റെനിയും സംഘവും നേടി. ഫെര്‍ഗൂസനു ശേഷം ചുമതലയേറ്റ ഡേവിഡ് മോയെസ് സ്വന്തം സംഘത്തോടൊപ്പം ഓള്‍ഡ് ട്രാഫഡിലെത്തിയപ്പോളാണു റെനി യുണൈറ്റഡ് വിടുന്നത്.
സീസണിനിടെ പരിശീലകന്‍ വിട്ടുപോകുന്നതു കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇതാദ്യ സംഭവമല്ല. 2015ല്‍ പീറ്റര്‍ ടെയ്‌ലര്‍ സമാന സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് ചുമതലയൊഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു ടെറി ഫെലാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായെത്തുന്നത്. മ്യുലന്‍സ്റ്റീന്റെ വിടവാങ്ങലോടെ അദ്ദേഹത്തിലൂടെ ടീമിലെത്തിയ ദിമിതര്‍ ബാര്‍ബറ്റോവ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ ടീമിനോടൊപ്പമുള്ള മുന്നോട്ടുപോക്കും സംശയത്തിലാണ്. നിലവില്‍ പരുക്കിന്റെ പിടിയിലാണു ബാര്‍ബറ്റോവ്.