Advertisment

ധാര്‍മികതയുടെ പേരില്‍ ജോസ് കെ മാണി രാജിവെച്ചപ്പോള്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന് വിജയിച്ച മറ്റ് ജനപ്രതിനിധികള്‍ കാണിക്കുന്നത് അധാര്‍മികതയാണെന്ന്‌ തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍; എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 1982ല്‍ ഇടതുമുന്നണി ബാന്ധവം അവസാനിപ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ എംപിമാരും എംഎല്‍എമാരും രാജിവച്ചിരുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ച് തിരുവഞ്ചൂരിന് ജോസ് വിഭാഗം നേതാക്കളുടെ മറുപടി; ഐക്യവും ജനാധിപത്യവും ഇല്ലാത്ത മുന്നണിയുടെ ചില നേതാക്കള്‍ നടത്തുന്ന അസത്യ പ്രചാരണങ്ങള്‍ അപഹാസ്യമെന്ന് തോമസ് ചാഴികാടനും റോഷി അഗസ്റ്റിനും എന്‍. ജയരാജും; കോട്ടയത്ത് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് വാക്‌പോര് മുറുകുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ധാര്‍മികതയുടെ പേരില്‍ ജോസ് കെ മാണി രാജിവെച്ചപ്പോള്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന് വിജയിച്ച മറ്റ് ജനപ്രതിനിധികള്‍ കാണിക്കുന്നത് അധാര്‍മികതയാണെന്ന് വിമര്‍ശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി ജോസ് വിഭാഗം നേതാക്കള്‍.

ഐക്യവും ജനാധിപത്യവും ഇല്ലാത്ത മുന്നണിയുടെ ചില നേതാക്കള്‍ അസത്യവും അര്‍ധസത്യങ്ങളും ദുരാരോപണങ്ങളും ആവര്‍ത്തിച്ച് ഉയര്‍ത്തി നടത്തുന്ന പ്രചാരണങ്ങള്‍ അപഹാസ്യമാണെന്ന് തോമസ് ചാഴികാടന്‍ എംപിയും എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.

കെ.എം. മാണി സാറും കേരള കോണ്‍ഗ്രസും കൂടി ചേര്‍ന്നു പടുത്തുയര്‍ത്തിയ യുഡിഎഫില്‍ നിന്നു കേരള കോണ്‍ഗ്രസ്-എമ്മിനെ പുറത്താക്കിയ ശേഷം പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരേ നടത്തുന്ന ദുഷ്പ്രചാരണം രാഷ്ട്രീയ സദാചാരത്തിനും മര്യാദകള്‍ക്കും പോലും നിരക്കാത്തതാണ്. ആരെയും ബോധിപ്പിക്കാനാകുന്ന യാതൊരു കാരണങ്ങളുമില്ലാതെ ഏകപക്ഷീയമായ പുറത്താക്കുകയാണ് ഉണ്ടായതെന്ന് ജോസ് വിഭാഗം നേതാക്കള്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ശക്തിയില്‍ എംപിയും എംഎല്‍എയും ആയവര്‍ ഇന്നു കേരള കോണ്‍ഗ്രസ്-എമ്മിനെ രാഷ്ട്രീയ ധാര്‍മികത പഠിപ്പിക്കേണ്ടതില്ല. കേരള കോണ്‍ഗ്രസ്-എമ്മിന്റെ രാജ്യസഭാ എംപിയുടെ ഒഴിവിലുണ്ടായ സീറ്റ് പാര്‍ട്ടിക്കു ലഭിച്ചത് ആരുടെയും ഔദ്യാര്യമല്ല. കേരള കോണ്‍ഗ്രസിന്റെ അവകാശമാണ്. എങ്കിലും യുഡിഎഫ് എംഎല്‍എമാരുടെ വോട്ടുകൊണ്ട് ജയിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കാനുള്ള പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എടുത്ത തീരുമാനം രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതു തന്നെയാണ്.

ശ്രീ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 1982ല്‍ ഇടതുമുന്നണി ബാന്ധവം അവസാനിപ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ എംപിമാരും എംഎല്‍എമാരും രാജിവച്ചിരുന്നില്ല. എംഎല്‍എ ആയിരുന്ന ഇപ്പോഴത്തെ യുഡിഎഫ് കണ്‍വീനറും അന്ന് രാജിവച്ചില്ല. വലതുമുന്നണി വിട്ട് സിപിഐ ഇടതുമുന്നണിയിലേക്കു മാറിയപ്പോഴും ജനപ്രതിനിധികള്‍ സ്ഥാനമൊഴിഞ്ഞിരുന്നില്ല. 1989ലും 2010ലും ശ്രീ. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണി മാറിയപ്പോഴും എംഎല്‍എമാര്‍ സ്ഥാനമൊഴിഞ്ഞില്ല.

കേരള കോണ്‍ഗ്രസ്- എമ്മിന്റെ എംപിയും രണ്ട് എംഎല്‍എമാരും സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നതു തന്നെ പരിഹാസ്യമാണ്. കേരള കോണ്‍ഗ്രസിന്റെ കൂടി വോട്ടു മേടിച്ചു ജയിച്ച ചാലക്കുടി, ഇടുക്കി, പത്തനംതിട്ട അടക്കം കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ആ സീറ്റില്‍ അള്ളിപ്പിടിച്ചിരുന്നുകൊണ്ട് നടത്തുന്ന സമരാഭാസം ജനങ്ങള്‍ തിരിച്ചറിയും. കേരള കോണ്‍ഗ്രസിന്റെ വോട്ടു നേടി ജയിച്ചവര്‍ ആ സീറ്റുകള്‍ രാജിവച്ചാല്‍ ആ നിമിഷം രാജിവയ്ക്കാന്‍ ഞങ്ങളും തയാറാണ്.

അതിനു കോണ്‍ഗ്രസ് എംപിമാരെയും എംഎല്‍എമാരെയും വെല്ലുവിളിക്കുന്നു.

ലോക്സഭാ, നിയമസഭാ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ്-എം പ്രതിനിധികള്‍ ജയിച്ചത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും രാഷ്ട്രീയത്തിനതീതമായി പതിനായിരക്കണക്കിനു സാധാരണ വോട്ടര്‍മാരുടെ കൂടി വോട്ടു നേടിയാണ്.

കോണ്‍ഗ്രസിലെ ഏതാനും പേരുടെ പക്ഷപാതപരമായ ആവശ്യം കേട്ട് ലക്ഷക്കണക്കിന് സാധാരണ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഞങ്ങള്‍ തയാറല്ല. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിന് കോണ്‍ഗ്രസിലെ ഏതാനും സ്ഥാനമോഹികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യവുമില്ല. കേരള കോണ്‍ഗ്രസ്-എം ഇല്ലാത്ത മുന്നണി മുങ്ങുന്ന കപ്പലാണെന്ന വിഷമമാണ് ചില കോണ്‍ഗ്രസുകാരുടെ സമരാഭാസത്തിനു പിന്നിലെന്നു മനസിലാക്കാന്‍ പ്രയാസമില്ല.

കേരള കോണ്‍ഗ്രസ്-എം സ്വയം യുഡിഎഫ് വിട്ടതല്ല. മുന്നണിയില്‍ നിന്നു തികച്ചും ഏകപക്ഷീയമായി ഒഴിവാക്കിയതാണ്. തുടരാന്‍ അര്‍ഹതയില്ലെന്നു പരസ്യപ്രഖ്യാപനം നടത്തിയവരാണ് ഇപ്പോള്‍ മുതലക്കണ്ണീരും തെറ്റായ പ്രചാരണങ്ങളും നടത്തുന്നു. ജില്ലാ പഞ്ചായത്തിലെ ഒരു പദവിയുടെ പേരില്‍ കേരള കോണ്‍ഗ്രസ്-എമ്മിനെ പുറത്താക്കിയവര്‍ ഇതേവരെ ജില്ലാ പഞ്ചായത്തില്‍ ഒരു അവിശ്വാസപ്രമേയം പോലും കൊണ്ടുവന്നിട്ടില്ല. ജില്ലാ പഞ്ചായത്ത് പദവിയുടെ പേരില്‍ നടത്തിയതു കേരള കോണ്‍ഗ്രസ്-എമ്മിനെ തകര്‍ക്കാനും മുന്നണിയില്‍ നിന്നു പുറത്താക്കാനും നടത്തിയ കപട നാടകവും രാഷ്ട്രീയമായ അധാര്‍മികതയുമാണെന്നു ഇനിയെങ്കിലും തുറന്നു സമ്മതിക്കുകയാണ് വേണ്ടത്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്‍കാതെ യുഡിഎഫിനെയും കേരള കോണ്‍ഗ്രസ്-എമ്മിനെയും വഞ്ചിച്ചവരുടെ കൈപിടിച്ചു കൊണ്ട് മാണി സാറിന്റെ ഓര്‍മകളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചു പറയുന്നതിന് എന്ത് അര്‍ഥമാണുള്ളത്.

മാണി സാറിന്റെ ഓര്‍മകളെ പോലും ഇല്ലാതാക്കാനും കേരള കോണ്‍ഗ്രസ്-എമ്മിനെ ദുര്‍ബലപ്പെടുത്താനുമാണു കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളും ജോസഫ് വിഭാഗവും ശ്രമിച്ചത്. അധാര്‍മികമായ ആ മോഹം വിലപ്പോകില്ല. കേരളത്തിലെ ഏറ്റവും പ്രബല നേതാവായിരുന്ന കെ.എം. മാണി സാറിനെതിരേ കേരള രാഷ്ട്രീയം കണ്ട ഏറ്റവും ദുരുപദിഷ്ഠവും നീചവുമായ ഗൂഢാലോചന നടത്തിയവരോടും പിന്നില്‍ നിന്നു കുത്തിയവരോടും കേരളജനത പൊറുക്കില്ല. മാണി സാറിനെതിരേ ആരോപണമുന്നയിച്ചും ക്വിക് വേരിഫിക്കേഷന്‍ എന്ന നാടകം കളിച്ചും പ്രതിപക്ഷത്തിന് ആയുധം കൊടുത്തവരുടെ നാണംകെട്ട വിശദീകരണങ്ങളുടെ പൊള്ളത്തരം കേരള ജനത മനസിലാക്കുമെന്നു തീര്‍ച്ചയാണ്.

മാണി സാറിനെ അപമാനിക്കുകയും ആക്ഷേപിക്കുയും പിന്നില്‍ നിന്നു കുത്തുകയും ചെയ്തവര്‍ ഇന്നു മാണി സാറിന്റെ പേരില്‍ നടത്തുന്ന സ്നേഹപ്രകടനവും അപഹാസ്യമാണ്.

കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളുമാണ് കേരള കോണ്‍ഗ്രസിന്റെ ശക്തിയെന്നു തിരിച്ചറിഞ്ഞാണ് എല്‍ഡിഎഫ് പാര്‍ട്ടിയെ മാന്യമായി സ്വീകരിച്ചത്. ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ ജയം അസാധ്യമാണെന്നു തിരിച്ചറിഞ്ഞപ്പോഴും ആരോപണങ്ങളും ഏതാനും ചില നേതാക്കള്‍ കുപ്രചാരണം നടത്തുന്നത്.

കേരളജനത ഇതു തള്ളിക്കളയും. കേരള കോണ്‍ഗ്രസിന്റെ ധീരമായ രാഷ്ട്രീയ നിലപാടിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുയായികളുടെയും കേരളത്തിന്റെ പൊതുസമൂഹത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട്. മാണി സാര്‍ കാട്ടിത്തന്ന അന്തസുറ്റ അധ്വാനവര്‍ഗ രാഷ്ട്രീയത്തിലൂന്നി കേരള കോണ്‍ഗ്രസ്-എം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് ഉറപ്പുണ്ടെന്നും ജോസ് വിഭാഗം നേതാക്കള്‍ പറയുന്നു.

Advertisment