Advertisment

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയതോടെ കോട്ടയം, ഇടുക്കി ജില്ലകളിലെ ചില മണ്ഡലങ്ങള്‍ക്ക് താര പരിവേഷം ! പാലായില്‍ ജോസ് കെ മാണി തന്നെ ! ചങ്ങനാശേരിയില്‍ പുതുമുഖം. കടുത്തുരുത്തിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി. ഇടുക്കിയില്‍ റോഷി. പിജെ ജോസഫിനെതിരെ യുവ നേതാവ്. ഇടതിലേക്കെത്തിയ കേരളാ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇവര്‍

New Update

publive-image

Advertisment

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേക്കേറിയതോടെ കോട്ടയം, ഇടുക്കി ജില്ലയിലെ ചില മണ്ഡലങ്ങള്‍ക്ക് താര പരിവേഷം.

ഈ മണ്ഡലങ്ങളില്‍ ആരാകും മത്സരിക്കുക എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്.സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇപ്പോഴേ ചിലരുടെ പേരുകള്‍ സജീവമായ ചര്‍ച്ചയായി കഴിഞ്ഞു.

കോട്ടയം ജില്ലയിലെ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങളും ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി എന്നീ നിയോജക മണ്ഡലങ്ങളുമാണ് ഏറെ ശ്രദ്ധേയമായ പോരാട്ടം നടക്കുമെന്ന് കരുതപ്പെടുന്നത്.

കെഎം മാണിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും വൈകാരിക ബന്ധം പേറുന്ന പാലാ തന്നെയാണ് ഇതില്‍ പ്രധാനം. പാലായില്‍ ജോസ് കെ മാണി തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പാലായില്‍ മത്സരിച്ച് കെഎം മാണിയുടെ രാഷ്ട്രീയ പിന്‍ഗാമി താന്‍തന്നെയെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. എന്നാല്‍ ജോസ് സ്ഥാനാര്‍ത്ഥിയായാല്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഒന്നിക്കാനുള്ള സാധ്യതയും ഏറെയാണ്.

പാലാക്കൊപ്പം തന്നെ അല്ലെങ്കില്‍ അതിലധികം ശക്തി തങ്ങള്‍ക്കുണ്ടെന്ന് ജോസ് കെ മാണി വിഭാഗം വിശ്വസിക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി.

മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലില്‍, സിറിയക് ചാഴികാടന്‍ എന്നിവരുടെ പേരുകള്‍ ജോസ് കെ മാണി വിഭാഗം ഇവിടെ പരിഗണിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിത സ്ഥാനാര്‍ഥിയുടെ രംഗപ്രവേശം തള്ളിക്കളയാനാകില്ല .

ചങ്ങനാശേരിയാണ് ജില്ലയിലെ മറ്റൊരു പ്രമുഖ മണ്ഡലം. ഇവിടെ വിജയിക്കുക എന്നത് ജോസ് വിഭാഗത്തിന്റെ അഭിമാന പ്രശ്നമാണ്. കെഎം മാണിയുടെ വിശ്വസ്തനും മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന സിഎഫ് തോമസ് ജോസഫ് പക്ഷത്തേക്ക് മാറിയത് വലിയ ക്ഷീണമാണ് ചങ്ങനാശേരിയില്‍ ജോസ് വിഭാഗത്തിന് സമ്മാനിച്ചത്.

ഇതിനെ മറികടന്നു വിജയിക്കുക എന്നതാണ് ജോസ് കെ മാണിയുടെ വെല്ലുവിളി. ജോസ് വിഭാഗത്തിനായി ജോബ് മൈക്കിള്‍, ഡോ. ഷാജോ സെബാസ്റ്റ്യന്‍ കണ്ടക്കുടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

കാഞ്ഞിരപ്പള്ളിയില്‍ നിലവില്‍ എന്‍ ജയരാജാണ് എംഎല്‍എ. ആ സീറ്റില്‍ അദ്ദേഹം തന്നെ മത്സരിക്കാനാണ് സാധ്യത. പക്ഷേ കാലങ്ങളായി സിപിഐ മത്സരിക്കുന്ന സീറ്റാണിത്. ഇക്കുറി കാനത്തിന്റെ വിശ്വസ്തനായ യുവനേതാവിന് ആ സീറ്റ് നല്‍കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ ഈ സീറ്റ് ജയരാജിന് നല്‍കണമെന്ന് സിപിഎം കാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു-ബിജെപി മുന്നണികളെ ഞെട്ടിച്ച് വിജയം നേടിയ പിസി ജോര്‍ജ്ജായിരുന്നു പൂഞ്ഞാറിലെ താരം. കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ച പൂഞ്ഞാറില്‍ ഇക്കുറി എല്‍ഡിഎഫിന് വേണ്ടി പടനയിക്കുക ജോസ് വിഭാഗമായിരിക്കും.

അഡ്വ. ജോസ് ടോം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തോമസുകുട്ടി മുതുപുന്നയ്ക്കല്‍ എന്നീ പേരുകളാണ് സ്ഥാനാര്‍ത്ഥി സാധ്യതകളില്‍ മുമ്പിലുള്ളത്.

നിലവില്‍ സിപിഎം മത്സരിക്കുന്ന ഏറ്റുമാനൂരില്‍ ഇക്കുറിയും മാറ്റമുണ്ടാവില്ല. സുരേഷ് കുറുപ്പ് തന്നെ വീണ്ടും ഇവിടെ സ്ഥാനാര്‍ഥി ആകാനുള്ള സാധ്യത കുറവാണ്. പകരം സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇടുക്കി ജില്ലയില്‍ ജോസിന്റെ വരവ് കൂടുതല്‍ തുണയാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. തൊടുപുഴയില്‍ നിലവില്‍ സിപിഎം ആണ് മത്സരിക്കുന്നത്. ജയസാധ്യത തീരെ കല്‍പ്പിക്കാത്ത സീറ്റായാണ് സിപിഎം തൊടുപുഴ വിലയിരുത്തുന്നത്.

പിജെ ജോസഫിനെതിരെ ജോസ് വിഭാഗം തന്നെ മത്സരിക്കട്ടെ എന്ന് എല്‍ഡിഎഫ് തീരുമാനിച്ചാല്‍ കെഐ ആന്റണി, ജിമ്മി മാറ്റത്തിപ്പാറ, റെജി കുന്നുംകോട് എന്നീ പേരുകള്‍ക്കാകും മുന്‍ഗണന.

ഇടുക്കിയില്‍ നിലവില്‍ എംഎല്‍എയായ റോഷി അഗസ്റ്റിന്‍ തന്നെ വീണ്ടും മത്സരിക്കും. മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ഇവിടെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസിന്‍റെ വരവോടെ ആ സാധ്യത മങ്ങുകയാണ്.

kerala congress
Advertisment