Advertisment

നാൽപതിലേറെ അണക്കെട്ടുകൾ ഉള്ള കേരളത്തിൽ ഒന്നിനുപോലും നിലവിൽ തകർച്ചാഭീഷണിയില്ല ; അണക്കെട്ട് തകർന്നു എന്ന നിലയിൽ സാമൂഹികദ്രോഹികൾ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റ് !

New Update

കേരളത്തിലെ എല്ലാ അണക്കെട്ടുകളും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതാണ്. പ്രളയവും ഭൂകമ്പവുംപോലും മുന്നിൽക്കണ്ട് നിർമ്മിച്ചവയും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലും നടത്തിയവയുമാണ് നമ്മുടെ എല്ലാ ഡാമുകളും. വെള്ളം പൊങ്ങിയാൽ ഒളിച്ചുപോകുന്നവയല്ല അതിലൊന്നും.

Advertisment

publive-image

വിശേഷിച്ചും, ഇടുക്കി ഡാമിന് നിലവിൽ യാതൊരു സുരക്ഷാഭീഷണിയും ഇല്ല. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇടുക്കി കൂടുതൽ ഉറപ്പും സ്ഥിരതയുമുള്ള ഡാമാണ്. മറിച്ചുള്ള നുണകൾ പ്രചരിപ്പിക്കുന്നത് സാമൂഹികവിരുദ്ധരാണ്.

സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്.

ഏഴു സബ് സ്റ്റേഷനും ചെറിയ ചില ജല വൈദ്യതി നിലയങ്ങളും നിർത്തിയ അവസ്ഥയിലാണ്. ഇത് വെള്ളപ്പൊക്ക സമയത്ത് പതിവുള്ള സുരക്ഷാ നടപടിയാണ്. ഇതിനെ പർവതീകരിച്ചു ‘കേരളം മുഴുവൻ കെ.എസ്.ഇ. ബി വൈദ്യുതി ഓഫ് ചെയ്യാൻ പോകുന്നു’ എന്ന് പ്രചരിപ്പിക്കുന്നത് നുണയാണ്.

‘ഭീകരമായ ചില വിവരങ്ങൾ കിട്ടിയിട്ട് അധികൃതരും മാധ്യമങ്ങളും അത് മറച്ചു വെച്ചിരിക്കുകയാണ്’ എന്ന രീതിയിലുള്ള വാട്‌സ്ആപ്പ് പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണ്. ലഭ്യമാകുന്ന എല്ലാ വിവരങ്ങളും യഥാസമയം ജനങ്ങളെ അറിയിക്കുന്നുണ്ട്. 'കലക്ടറുടെ ശബ്ദസന്ദേശം' എന്നൊക്കെ പറഞ്ഞു പ്രചരിക്കുന്ന പലതും വ്യാജമാണ്.

വ്യാഴാഴ്ചയും കേരളത്തിൽ പകുതിയോളം ജില്ലകളിൽ കനത്ത മഴപെയ്യും എന്നാണ് ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ്. അതിനുശേഷം മഴ സ്വാഭാവികമായും ദുർബലമാകും. ഇതല്ലാതെ, ഏതെങ്കിലും ഗുരുതര മുന്നറിയിപ്പുകൾ നിലവിൽ ഇല്ല. മറിച്ചുള്ള നുണകൾക്ക് ചെവി കൊടുക്കാതിരിക്കുക. വിശദമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. അവ മാത്രം വിശ്വസിക്കുക.

ഒരു വേദനിപ്പിക്കുന്ന പ്രതിസന്ധിയിലൂടെ നാട് കടന്നുപോകുമ്പോൾ നുണകൾ പടച്ചു ഭീതി പറത്താതിരിക്കുക. നുണകൾ പ്രചരിപ്പിക്കാതിരിക്കുക. ഒന്നിച്ചു നിൽക്കാം. മനുഷ്യത്വം കെട്ടുപോകാതിരിക്കട്ടെ.

Advertisment