Advertisment

വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കിയ ആദ്യ തിരിച്ചടി. അച്ഛനും മകളും മത്സരിച്ച് അവസാനം നറുക്ക് വീണത് അച്ഛന്. തുണയായത് അയ്യപ്പസേവാസംഗത്തിലെ പ്രവര്‍ത്തന പാരമ്പര്യം

New Update

ആലപ്പുഴ:  ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ബി ജെ പിയിലേക്ക് ചോരാനിടയുള്ള വോട്ടുകളില്‍ കണ്ണുംനട്ട്. കഴിഞ്ഞ തവണ 42000 വോട്ടുകള്‍ നേടിയ ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഇവിടെ ശക്തമായ മത്സരം കാഴ്ചവച്ചപ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥ്‌ പരാജയപ്പെട്ടത്.

Advertisment

കോണ്‍ഗ്രസ് വോട്ടുകളായിരുന്നു അന്ന് ചോര്‍ന്നതെന്നാണ് യു ഡി എഫിന്റെ വിലയിരുത്തല്‍. അതിനാല്‍ ആ ചോര്‍ച്ച തടയാനാണ് അയ്യപ്പ സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി വിജയകുമാറിനെ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

publive-image

ക്ഷേത്രങ്ങളുമായും ഹൈന്ദവ സംഘടനകളുമായും പതിറ്റാണ്ടുകളായി നല്ല ബന്ധം പുലര്‍ത്തുന്ന വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം തന്നെ ബി ജെ പിയ്ക്ക് വെല്ലുവിളിയാണ്. സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ആണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി. അദ്ദേഹം ഇതിനോടകം പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു.

ബി ജെ പി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. വിജയകുമാര്‍ നാട്ടുകാരനെന്ന നിലയില്‍ ചെങ്ങന്നൂരിലെ പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും സജീവ സാന്നിധ്യവുമാണ്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലുണ്ടായ മറ്റൊരു കൌതുകം ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അവസാനം വരെ പരസ്പരം മത്സരിച്ചത് അച്ഛനും മകളും തമ്മിലായിരുന്നെന്നതാണ്. ദേശീയ നേതാക്കള്‍ കേരളത്തില്‍ വരുമ്പോള്‍ സ്ഥിരം പരിഭാഷകയായ ജ്യോതി വിജയകുമാറിനെയാണ് അവസാനം വരെ ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്നത്.

വനിത, യുവത്വം എന്നീ ഘടകങ്ങള്‍ ജ്യോതിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ബി ജെ പിയിലേക്കുണ്ടാകുന്ന വോട്ടുചോര്‍ച്ച തടയണമെങ്കില്‍ മകള്‍ പോര അച്ഛന്‍ തന്നെ വേണമെന്ന നിഗമനത്തില്‍ നേതാക്കള്‍ എത്തുകയായിരുന്നു. അങ്ങനെയാണ് അവസാനം വിജയകുമാറിന് നറുക്ക് വീഴുന്നത്.

നേരത്തെ മാവേലിക്കര മുന്‍ എംഎല്‍എ എം മുരളിയുടെ പേര് കോണ്‍ഗ്രസ് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ പ്രാദേശിക നേതാക്കളില്‍ നിന്നും മുരളിയ്ക്ക് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

publive-image

 

അഡ്വ. എബി കുര്യാക്കോസിന്റെ പേരും പരിഗണനയില്‍ വന്നെങ്കിലും അപ്പോഴൊക്കെ പ്രധാന വെല്ലുവിളി ബി ജെ പി സ്ഥാനാര്‍ഥിയ്ക്ക് അനുകൂലമായി ഉണ്ടായേക്കാവുന്ന വോട്ടു ചോര്‍ച്ച ആയിരുന്നു. അതാണ്‌ വിജയകുമാറിലൂടെ കോണ്‍ഗ്രസ് തുടക്കത്തിലെ തടഞ്ഞിരിക്കുന്നത്.

അതേസമയം, ക്രിസ്ത്യന്‍ വോട്ടുകളും നിര്‍ണ്ണായകമാണ് ചെങ്ങന്നൂരില്‍, അത് ലഭിക്കുമെന്നുറപ്പാക്കിയാണ് ഇവിടെ വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നത്.

മൂന്ന്‍ സ്ഥാനാര്‍ഥികളും ഒരേപോലെ ശക്തരാണെന്നതാണ് ഇത്തവണ ചെങ്ങന്നൂരിലെ പ്രത്യേകത. അതിനാല്‍ തന്നെ പോരാട്ടം കനക്കും.

വിജയകുമാറിനെക്കുറിച്ച്;

അറുപത്തിയഞ്ചുകാരനായ വിജയകുമാർ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം. കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവർത്തിച്ചു തുടങ്ങി.

ജബൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നു പൊളിറ്റിക്കൽസയൻസിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടി. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതൽ 1992 വരെ ഡിസിസി സെക്രട്ടറി.

ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിർവാഹകസമിതി അംഗം. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്കൗട്ട്സ് ആന്ഡ് ഗൈഡ്സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിലവിൽ ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ. ഭാര്യ: രാധിക. മക്കൾ: ജ്യോതി വിജയകുമാർ, ലക്ഷ്മി വിജയകുമാർ.

chengannur byelection
Advertisment