Advertisment

ചികിത്സയ്ക്കുള്ള യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി. കോട്ടയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട മന്ത്രി പ്രവാസി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ജര്‍മ്മനിയില്‍

New Update

publive-image

Advertisment

കോട്ടയം:  കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിന് തിരിച്ചു. സ്വകാര്യ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനായാണ് മന്ത്രി ജര്‍മ്മനിയില്‍ എത്തിയിരിക്കുന്നത്.

ഗൌരവകരമായ ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പുറപ്പെടെണ്ടിയിരുന്ന യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും രാപകല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമ്പോഴാണ് മന്ത്രിയുടെ വിദേശ യാത്ര.

publive-image

ജര്‍മ്മനിയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ചരിത്രത്തിലിന്നേവരെ നേരിട്ടിട്ടില്ലാത്ത വിധം ഗുരുതരമായ ദുരിതങ്ങളില്‍ അകപ്പെട്ട് കഴിയുന്ന ആളുകളെ വെള്ളത്തിലാക്കി മന്ത്രി തികച്ചും അനൌദ്യോഗികമായ സ്വകാര്യ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്.

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വനംമന്ത്രി കെ രാജുവിനെ ചുമതലപ്പെടുത്തിയത് മന്ത്രിസഭയാണ്. ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്ന ജില്ലയാണ് കോട്ടയം. ജില്ലയിലെ പ്രധാന റൂട്ടുകളില്‍ ഇപ്പോഴും വെള്ളം കയറി കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

publive-image

മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ വെള്ളം താഴുന്നുണ്ടെങ്കിലും കോട്ടയം, കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങണമെങ്കില്‍ ദിവസങ്ങളെടുക്കുന്നതാണ് സ്ഥിതി.

തീക്കോയിക്ക് സമീപം ഉരുള്‍പൊട്ടലിനിടെ കാണാതായ പിണ്ണാക്കനാട് സ്വദേശി ജോബിയെ ഉള്‍പ്പെടെ ഇനിയും കണ്ടെത്താനായിട്ടില്ല.  ജനങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്.  ഈ സമയത്താണ് ഇതെല്ലാം മാറ്റിവച്ച് ഒരു പ്രമുഖ പ്രവാസി സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള മന്ത്രിയുടെ യാത്ര.

publive-image

മുഖ്യമന്ത്രി ചികിത്സാര്‍ത്ഥമുള്ള യാത്ര റദ്ദാക്കിയത് പോലും പരിഗണിക്കാതെയാണ് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള മന്ത്രിയുടെ യാത്ര. ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പിയും യാത്രയില്‍ ഒപ്പമുണ്ട്.

അതേസമയം, സമ്മേളനത്തിലേക്ക് ക്ഷണമുണ്ടായിരുന്ന മന്ത്രി വി എസ് സുനില്‍ കുമാറും ശശി തരൂര്‍ എം പിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും എം കെ മുനീറുമെല്ലാം യാത്ര റദ്ദാക്കി അവരവരുടെ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്.

publive-image

Advertisment