Advertisment

പ്രളയദുരിതത്തില്‍ മാതൃകയായി ഇവാനയുടെ സ്‌നേഹസ്വാന്തനം

author-image
സുനില്‍ പാലാ
New Update

പാലാ:  പ്രളയദുരിതത്തിലകപ്പെട്ട കുട്ടികള്‍ക്കു തന്റെ സമ്പാദ്യമായ കുടുക്കപൊട്ടിച്ചപ്പോള്‍ ലഭിച്ച തുകയുള്ള വസ്ത്രങ്ങള്‍ വാങ്ങി എത്തിച്ച് കുരുന്നിന്റെ സ്‌നേഹസ്വാന്തനം. നരിയങ്ങാനം കടുംകുംപാറയില്‍ ബോബിയുടെ മകള്‍ ഇവാന ജോയ്‌സ് ബോബിയാണ് പ്രളയ ദുരിതത്തിലായ കുട്ടികളെ സഹായിക്കാന്‍ തന്റെ കൊച്ചു സമ്പാദ്യമായ കുടുക്ക പൊട്ടിച്ചത്.

Advertisment

publive-image

ദുരിതത്തിലകപ്പെട്ട കുട്ടികള്‍ നനഞ്ഞ വസ്ത്രങ്ങളുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ കണ്ട ഇവാന കാര്യങ്ങള്‍ അമ്മ ജോയ്‌സിനോട് ചോദിച്ചു മനസിലാക്കി. തുടര്‍ന്ന് അനിയന്‍ നോഹാനു ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങിക്കാന്‍ കുടുക്കയില്‍ സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചു ദുരിതബാധിതരായ കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കളെ നിര്‍ബ്ബന്ധിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നു കെ.എസ്.ഇ.ബി. പാലാ സെക്ഷനിലെ സബ് എഞ്ചിനീയര്‍ കൂടിയായ ബോബി ഇവാനയെയും കൂട്ടി വന്ന് കുടുക്ക പൊട്ടിച്ചു ലഭിച്ച അയ്യായിരത്തില്‍പരം രൂപ ഉപയോഗിച്ചു കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങിച്ചു. ഇവ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ പ്രളയ ദുരിതബാധിതര്‍ക്കായുള്ള വിഭവ സമാഹരണ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം കൂടിയായ പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഇവാനയുടെ പക്കല്‍ നിന്നും ഏറ്റുവാങ്ങി. ഫൗണ്ടേഷന്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ഇവാനയുടെ മാതാപിതാക്കളായ ബോബി, ജോയ്‌സ്, സഹോദരന്‍ നോഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലഭിച്ച വസ്ത്രങ്ങള്‍ നങ്ങ്യാര്‍കുളങ്ങര, വീയപുരം, തലയോലപ്പറമ്പ്, വെള്ളൂര്‍ എന്നിവിടങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈമാറി.

Advertisment