Advertisment

കെപിസിസി ഭാരവാഹികളായ സിറ്റിംഗ് എംപിമാരുടെ മണ്ഡലങ്ങളിലേക്ക് പകരക്കാര്‍ പരിഗണനയില്‍; വടകരയില്‍ സതീശന്‍ പാച്ചേനിയും വയനാട്ടില്‍ ടി സിദ്ദിഖും മാവേലിക്കരയില്‍ എഴുകോണ്‍ നാരായണനോ എന്‍ കെ സുധീറോ - മത്സരിച്ചേക്കും !

New Update

കോഴിക്കോട്:  കെ പി സി സി പുനസംഘടന വന്നതോടെ അപ്രതീക്ഷിതമായി ഒഴിവു വന്നിരിക്കുന്നത് കോണ്‍ഗ്രസിന്റെ 3 സിറ്റിംഗ് ലോക്സഭാ മണ്ഡലങ്ങളാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകര, എം ഐ ഷാനവാസിന്റെ വയനാട്, കൊടിക്കുന്നില്‍ സുരേഷിന്റെ മാവേലിക്കര.

Advertisment

publive-image

മൂന്ന്‍ എം പിമാരോടും ഇനി പാര്‍ലമെന്‍ററി രംഗത്ത് നിങ്ങള്‍ക്ക് അവസരം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി തന്നെയാണ് കെ പി സി സി നേതൃത്വത്തിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഒഴിവുവന്ന ഈ സീറ്റുകളിലേക്ക് സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റം തന്നെയാണ്.

അതേസമയം, 3 സീറ്റുകളിലേക്കും പകരം സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. കെ പി സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിംഗ് സീറ്റായ വടകര തന്നെയാണ് ഇതില്‍ പ്രധാനം. വടകര ഈഴവ പ്രാതിനിധ്യ൦ കൂടുതലുള്ള മണ്ഡലമാണ്.

publive-image

ഇവിടേക്ക് പരിഗണിക്കാന്‍ നിലവില്‍ കോണ്‍ഗ്രസിന്റെ പക്കലുള്ള ഏറ്റവും പ്രധാന നേതാവ് കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി തന്നെയാണ്. ഈഴവ പ്രാതിനിധ്യം മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് ഇവിടേക്ക് മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിക്കുകയുള്ളൂ.

publive-image

എം ഐ ഷാനവാസിന്റെ മണ്ഡലമായ വയനാട് സീറ്റില്‍ മുന്‍ഗണന കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ അഡ്വ. ടി സിദ്ദിഖിനാണ്. ഷാനിമോള്‍ ഉസ്മാനും വയനാടിനായി രംഗത്തുണ്ടെങ്കിലും ജയസാധ്യത ഷാനിമോള്‍ക്ക് എതിരാകും. സിദ്ദിഖ് മറ്റൊരു മണ്ഡലം തേടിയാന്‍ പിന്നീട് സാധ്യത കല്‍പ്പിക്കപ്പെടുന്നത് മലപ്പുറം ഡി സി സി അധ്യക്ഷന്‍ വി വി പ്രകാശിനാണ്. പക്ഷേ, വയനാട്ടില്‍ ഒരു മുസ്ലീം സ്ഥാനാര്‍ഥിയ്ക്ക് തന്നെയായിരിക്കും മുന്‍ഗണന.

publive-image

കൊടിക്കുന്നില്‍ സുരേഷിന്റെ മണ്ഡലമായ മാവേലിക്കരയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് മുന്‍ എം എല്‍ എ എഴുകോണ്‍ നാരായണനെയും കെ പി സി സി സെക്രട്ടറി എന്‍ കെ സുധീറിനെയുമാണ്‌. യു കെയില്‍ നിന്നും എംടെക് നേടിയ സുധീറിനെ മുമ്പ് ആലത്തൂരിലും കോണ്‍ഗ്രസ് മത്സരിപ്പിച്ചിരുന്നു.

publive-image

കെ സുധാകരന്‍ കഴിഞ്ഞ തവണ മത്സരിച്ച കണ്ണൂരും ഫലത്തില്‍ ഒഴിവുവരികയാണ്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായ സുധാകരനും മത്സരിക്കാന്‍ അനുമതി ഉണ്ടാകില്ല. ഈ സീറ്റിലേക്ക് മുന്‍ എം എല്‍ എയും എം പിയുമായ എ പി അബ്ദുള്ളക്കുട്ടിയെയാണ് പരിഗണിക്കാന്‍ സാധ്യത.

എന്നാല്‍ സുധാകരനും അബ്ദുള്ളക്കുട്ടിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാതെ അബ്ദുള്ളക്കുട്ടിയുടെ മത്സരത്തിന് സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിക്കാനിടയില്ല. കണ്ണൂരില്‍ സുധാകരന്റെ നിലപാട് തന്നെയായിരിക്കും പ്രധാനം.

Advertisment