Advertisment

ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ 'കറുത്ത മുത്ത്' ഐ എം വിജയനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം ? സിപിഎമ്മില്‍ പി കെ ബിജുവിന് പകരം കെ രാധാകൃഷ്ണനും പരിഗണനയില്‍ !

New Update

publive-image

Advertisment

പാലക്കാട്:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയമായ മത്സര൦ നടക്കാനിടയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. 2009 മുതല്‍ രണ്ടു തവണ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി കെ ബിജു എം പിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന് മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണനെ ആലത്തൂരില്‍ മത്സരിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് അയയ്ക്കാന്‍ സി പി എം ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

publive-image

ഒപ്പം, കെ ആര്‍ നാരായണന് ശേഷം ഒരിക്കല്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത സംവരണ മണ്ഡലമായ ആലത്തൂരില്‍ (പഴയ ഒറ്റപ്പാലം) ഇത്തവണ വിജയം അനിവാര്യമാണെന്ന വാശിയിലാണ് കോണ്‍ഗ്രസ്. ഇതിനായി ഇന്ത്യന്‍ ഫുഡ്ബോളിലെ കറുത്ത മുത്ത് ഐ എം വിജയനെയാണ് കോണ്‍ഗ്രസ് നോട്ടമിട്ടിരിക്കുന്നതെന്നാണ് അഭ്യൂഹം.

publive-image

പി കെ ബിജു തന്നെയാണെങ്കിലും അതല്ല അദ്ദേഹം മാറി കെ രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി വന്നാലും ഇരുവരും ജനപ്രിയ നേതാക്കളാണ്. സാധാരണ സ്ഥാനാര്‍ഥികളുമായി ഇവരോട് മാറ്റുരയ്ക്കുക കോണ്‍ഗ്രസിന് അസാധ്യമാണ്. അങ്ങനെ വിജയം എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം.

ഈ സാഹചര്യത്തിലാണ് സജീവ രാഷ്ട്രീയത്തിനു പുറത്ത് നിന്ന് സര്‍വ്വ സമ്മതനായ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ഐ എം വിജയന്‍ സമ്മതം അറിയിക്കുകയാണെങ്കില്‍ വിജയനെ തന്നെ ആലോചിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

publive-image

കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായി പരിഗണിക്കപ്പെട്ട ശേഷം ഒറ്റപ്പാലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എസ് ശിവരാമന്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. തുടര്‍ന്ന്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സി പി എം ഇവിടെ ശിവരാമന് സീറ്റ് നിഷേധിക്കുകയും എസ് അജയകുമാറിനെ മത്സരിപ്പിക്കുകയുമായിരുന്നു.

publive-image

അജയകുമാര്‍ തുടര്‍ച്ചയായി മൂന്ന്‍ തവണ ഇവിടെ നിന്നും വിജയിച്ചിരുന്നു. പിന്നീട് അജയകുമാര്‍ പാലക്കാട്ടെ സി പി എം വിഭാഗീയതയുടെ ഭാഗമായി മാറുകയും അദ്ദേഹത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് 2009 ല്‍ ഇവിടെ അജയനെ മാറ്റി കോട്ടയത്ത് നിന്നും പി കെ ബിജുവിനെ കൊണ്ടുവന്ന് സ്ഥാനാര്‍ഥിയാക്കുകയുമായിരുന്നു.

ഇതിനിടെ പഴയ ഒറ്റപ്പാലം ആലത്തൂര്‍ മണ്ഡലമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും പ്രൊഫ. വിജയലക്ഷ്മി ടീച്ചറും പ്രൊഫ. കെ എ തുളസിയും പന്തളം സുധാകരനും പി കെ സുധീറും ഷീബയുമൊക്കെ മത്സരിച്ചിട്ടും വിജയത്തിനടുത്തെത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിക്കായി പുതിയ നീക്കം.

loksabha election
Advertisment