Advertisment

ബലറാം കാണിച്ചത് നെറികേടെന്ന്‍ വ്യക്തമാക്കി ശബരീനാധിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. ട്രോളുകള്‍ വന്നോട്ടെ, കയ്യടി വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശബരി. ചെന്നിത്തലയെ ന്യായീകരിക്കാന്‍ യുവനിരയെ രംഗത്തിറക്കി ഐ ഗ്രൂപ്പ് നീക്കം

New Update

മെഡിക്കല്‍ പ്രവേശന ബില്‍ വിഷയത്തില്‍ മുഖം വികൃതമായ പ്രതിപക്ഷത്തെ ന്യായീകരിക്കാന്‍ യുവ നേതൃത്വത്തെ രംഗത്തിറക്കി കോണ്‍ഗ്രസിലെ ഒരു വിഭാഗം തീവ്ര ശ്രമം തുടരുന്നു.

Advertisment

അനാവശ്യ ബില്ലിനെ പിന്തുണച്ച് പ്രതിശ്ചായ നഷ്‌ടമായ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തിലെ പ്രബലനായ യുവ എം എല്‍ എ റോജി എം ജോണിനെ രംഗത്തിറക്കിയെങ്കിലും സോഷ്യല്‍ മീഡിയയുടെ ആക്രമണത്തില്‍ അദ്ദേഹത്തിന് അടിപതറിയിരുന്നു.

publive-image

ഇതോടെയാണ് വി ടി ബലറാമിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായ യുവ എം എല്‍ എ കെ എസ് ശബരീനാധിനെ ഐ ഗ്രൂപ്പ് രംഗത്തിറക്കിയിരിക്കുന്നത്. രണ്ടു കാര്യങ്ങളാണ് ഇതുപ്രകാരം ശബരിനാഥ്‌ ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഒന്ന്, ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പ്രതിപക്ഷ നേതാവ് മാത്രം ചേര്‍ന്നെടുത്തതല്ല എന്ന് വ്യക്തമാക്കുന്നതാണ്. ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പാര്‍ട്ടിയിലും യു ഡി എഫിലും പാര്‍ലമെന്‍ററി പാര്‍ട്ടിയിലും പല തവണ ചര്‍ച്ച ചെയ്തതാണെന്നാണ് ശബരി പറയുന്നത്.

രണ്ടാമത്തെ കാര്യം വി ടി ബലറാമിനെ ലക്ഷ്യമിട്ടാണ്. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും പാര്‍ട്ടിയിലും വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ആ ചര്‍ച്ചകളില്‍ സന്നിഹിതനായിരുന്നിട്ടും എതിര് അഭിപ്രായം പറയാതെയാണ് ബലറാം നിയമസഭയ്ക്കകത്ത് ഭിന്നാഭിപ്രായം വ്യക്തമാക്കിയതെന്നാണ് സമര്‍ധിക്കുന്നത്.

ആദ്യത്തെ അവകാശവാദം അത്ര ശരിയല്ലെങ്കിലും ശബരി പറഞ്ഞ രണ്ടാമത്തെ പോയിന്റ് ഒരു പരിധി വരെ ശരിയാണ്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ നിശബ്ദനായിരുന്ന ബലറാം അവിടെ വച്ച് പ്രസംഗിക്കാനുള്ളവരുടെ ലിസ്റ്റില്‍ ഇടംനേടി സഭയിലെത്തിയപ്പോള്‍ ഭിന്നത അറിയിക്കുകയായിരുന്നു. അത് കൂടെയുള്ളവര്‍ക്ക് നല്ല ഒരു പ്രവര്‍ത്തിയായി തോന്നണമെന്നില്ല. എന്നാല്‍ ബല്‍റാമിന് അതിനു ന്യായീകരണമുണ്ട്.

publive-image

പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഭിന്നത അറിയിച്ചിരുന്നെങ്കില്‍ സഭയില്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശവും വോട്ടെടുപ്പിന് വിപ്പും ഉണ്ടാകുമായിരുന്നു. അതൊഴിവാക്കാനാണ് ഈ കളി കളിച്ചതെന്നാണ് ബലറാമിന്റെ വിശദീകരണം.

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ട് പ്രത്യേക ശ്രദ്ധയ്ക്ക് (PS) എന്ന പേരില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമ്പോള്‍ വീണ്ടും കല്ലെറിയാന്‍ ഞാനില്ല എന്ന് പറഞ്ഞുകൊണ്ട്, ഇത് പറഞ്ഞത് കൊണ്ടുണ്ടാകുന്ന ട്രോളുകളെ ശബരീനാഥ്‌ സ്വാഗതം ചെയ്യുകയാണ്. ഞാനെന്തായാലും കയ്യടി വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശബരി വ്യക്തമാക്കിയിട്ടുണ്ട്.

ശബരീനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ് . SBTയെ SBIയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് SBTയുടെ നിലനിൽപ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തിൽ ഓർക്കുന്നു.

കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഓർഡിനൻസ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാൻ പറ്റിയ ഒരു അവസരമായിക്കണ്ട് അറ്റാക്ക് ചെയ്തു എതിർക്കാൻ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുംമുണ്ടായിരുന്നില്ല. കൈയടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം 'വിദ്യാർത്ഥികളുടെ ഭാവി' എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്തിപരമായ അഭിപ്രായവ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്.

ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി.

ഇത് ഒരു രാത്രികൊണ്ട് UDF എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് UDF പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല.

കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 MLAമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഒരു നിലപാട് ഒരുമിച്ചു നമ്മൾ എടുത്തു;ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം.

PS: UDF ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ ഞാനില്ല. അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതം. ഞാൻ ഏതായാലും കൈയടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ല.<

medical bill vt balaram sabarinath
Advertisment