നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സീസണ്‍ കാലത്ത് ഉദ്യോഗസ്ഥരും വിമാനക്കമ്പനികളും ചേര്‍ന്ന്‍ നടത്തുന്നത് പകല്‍ക്കൊള്ള. ഇല്ലാത്ത കാരണങ്ങള്‍ നിരത്തി യാത്ര മുടക്കിച്ച് ടിക്കറ്റ് റി ഇഷ്യുവിന്റെ പേരില്‍ തട്ടുന്നത് ലക്ഷങ്ങള്‍. യാത്രയ്ക്കെത്തി കണ്ണീരും കൈയ്യുമായി മടങ്ങുന്നത് ദിവസവും നിരവധി കുടുംബങ്ങള്‍

Monday, April 16, 2018

കൊച്ചി:  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരും വിമാനക്കമ്പനികളും ചേര്‍ന്ന്‍ യാത്രക്കാരെ ചൂഷണം ചെയ്ത് നടത്തുന്നത് പകല്‍ക്കൊള്ള. അവധിക്കാലമായതോടെ വിദേശത്തേക്ക് പോകാനും വരാനും എയര്‍പോര്‍ട്ടിലെത്തുന്നത് ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ്.

അവധിയ്ക്ക് വിദേശത്തുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് പോകാനെത്തുന്ന കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയാണ് വിമാനക്കമ്പനികള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ ചൂഷണ വിധേയമാക്കുന്നത്.

ഇത്തരം യാത്രക്കാരെ തടഞ്ഞു നിര്‍ത്തി എന്തെങ്കിലും തടസവാദങ്ങള്‍ ഉന്നയിച്ച് യാത്ര മുടക്കുകയാണ് ഇവരുടെ രീതി. വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മാത്രം മുമ്പാണ് ഈ തടസങ്ങള്‍ എന്നതിനാല്‍ യാത്രയ്ക്കൊരുങ്ങി വരുന്നവര്‍ ഇതോടെ പരിഭ്രാന്തിയിലാകും. ഇവരുടെ പക്കലില്ലാത്ത രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടായിരിക്കും പലപ്പോഴും ഇത്തരം തടസ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നതിനാല്‍ അന്നത്തെ യാത്ര ഒഴിവാക്കാനെ പലപ്പോഴും നിവര്‍ത്തിയുള്ളൂ.

ഇതോടെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കേണ്ടി വരും. ഇതിന് സീസണ്‍ സമയമാണെന്നതിനാല്‍ ഇരട്ടിയോളം തുക അധികമായി നല്‍കേണ്ടി വരും. ഈ ടിക്കറ്റ് മാറ്റത്തിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിലാണ് വിമാനക്കമ്പനികളുടെ ലാഭം.

ഇതിന്റെ നല്ലൊരു വിഹിതം ഇങ്ങനെ യാത്ര മുടക്കുന്നതിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ നല്‍കും. യാത്രയാകാന്‍ എത്തുന്നവര്‍ ബോര്‍ഡിംഗ് കഴിഞ്ഞ് എത്തുന്ന എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഇത്തരം ചൂഷണങ്ങള്‍ക്കായി വിമാന കമ്പനികളുടെ ഏജന്റുമാരായ ഉദ്യോഗസ്ഥര്‍ പതിയിരിക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കുവൈറ്റിലേക്ക് പോകാനെത്തിയ വീട്ടമ്മയോടും 2 പെണ്‍മക്കളോടും ഇവര്‍ ആവശ്യപ്പെട്ടത് യാത്ര അനുവദിക്കണമെങ്കില്‍ കുവൈറ്റിലെ സ്പോണ്‍സറുടെ പാസ്പോര്‍ട്ടിന്‍റെ കോപ്പിയാണ്. അങ്ങനൊരു നിയമം നിലവിലില്ലാത്തതാണ്. മറ്റ്‌ യാത്രാ രേഖകളൊക്കെ കൃത്യമാണെന്ന് കണ്ടതോടെയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്പോണ്‍സറുടെ പാസ്പോര്‍ട്ടിന്‍റെ കോപ്പി ആവശ്യപ്പെട്ടത്.

രണ്ടു പെണ്‍കുട്ടികളും ഒരു വീട്ടമ്മയും തന്നെയാണ് എന്നറിഞ്ഞിട്ടും വര്‍ഷങ്ങളായി പതിവായി വര്‍ഷം 2 തവണയെങ്കിലും ഇവര്‍ ഇതേ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണെന്ന് മനസിലാക്കിയിട്ടും യാത്രാനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഒടുവില്‍ വീട്ടമ്മ കുവൈറ്റിലുള്ള ഭര്‍ത്താവിനെ വിളിച്ച് പാസ്പോര്‍ട്ടിന്‍റെ കോപ്പി വാട്സ് ആപ്പിലൂടെ വാങ്ങി ഉദ്യോഗസ്ഥനെ കാണിച്ചതോടെയാണ് യാത്രാനുമതി നല്‍കിയത്.

നിങ്ങള്‍ സ്പോണ്‍സറുടെ പാസ്പോര്‍ട്ട് കോപ്പിയുമായി വന്നു അടുത്ത ദിവസം പോയാല്‍ മതിയെന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ നിലപാട്. വളരെ നേരത്തെ എടുത്ത ഈ ടിക്കറ്റ് മാറ്റി മറ്റൊരു ദിവസത്തേക്ക് എടുക്കണമെങ്കില്‍ പതിനായിരങ്ങള്‍ അധികമായി നല്‍കേണ്ടി വരും.

ഇങ്ങനെ നിരവധി യാത്രക്കാരെയാണ് ഇവര്‍ ദിവസവും മടക്കി അയയ്ക്കുന്നതെന്നാണ് വിമാനത്താവളത്തിലെ മറ്റ്‌ ജീവനക്കാര്‍ തന്നെ പറയുന്നത്. ഇക്കാര്യത്തില്‍ സി ബി ഐ പോലുള്ള ഏജന്‍സികളുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

×