Advertisment

സരിതയെ വിശ്വസിച്ച ജോര്‍ജ്ജ് എന്തിന് നിഷയെ അവിശ്വസിക്കണമെന്ന് ഒരുകൂട്ടര്‍. ജോര്‍ജ്ജ് സ്ത്രീത്വത്തെ അപമാനിച്ചതായി വനിതകള്‍. പുസ്തകത്തിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഷോണ്‍ ജോര്‍ജ്ജ്. നിഷ ജോസ് കെ മാണിയുടെ പുസ്തക വിവാദം നിയമയുദ്ധത്തിലേക്ക്

New Update

കോട്ടയം:  ജോസ് കെ മാണി എം പിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ പുസ്തകത്തെച്ചൊല്ലിയുള്ള വിവാദം നിയമപോരാട്ടത്തിലേക്കെന്ന്‍ സൂചന. നിഷാ ജോസിന്റെ പുസ്തകത്തിലെ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പി സി ജോര്‍ജ്ജിന്റെ മകനായ അഡ്വ. ഷോണ്‍ ജോര്‍ജ്ജ് ഡി ജി പിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നല്‍കുകയാണ്.

Advertisment

അതേസമയം, നിഷയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പി സി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞ പ്രസ്താവനകള്‍ക്കെതിരെ വനിതാ സംഘടനകള്‍ പോലീസിനെ സമീപിക്കും എന്നുറപ്പായി. നിഷയെ വൃത്തികെട്ട സ്ത്രീ, രണ്ടാം സരിത എന്നൊക്കെയാണ് ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചകളില്‍ വിശേഷിപ്പിച്ചത്.

മറ്റ്‌ ചില മോശം പരാമര്‍ശങ്ങളും ജോര്‍ജ്ജ് നടത്തിയെങ്കിലും ചാനല്‍ അവതാരകര്‍ തന്നെ അതിനെ എതിര്‍ത്ത് രംഗത്ത് വന്നതോടെ ജോര്‍ജ്ജ് പിന്‍വലിയുകയായിരുന്നു.

publive-image

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാത്രി സമയത്ത് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു സ്ത്രീ എന്ന നിലയില്‍ തനിക്ക് സംഭവിച്ച ചില അസുഖകരമായ കാര്യങ്ങള്‍ ഏറ്റവും മാന്യമായ ഭാഷയില്‍ തന്നെയാണ് നിഷയുടെ പുസ്തകത്തില്‍ വിവരിക്കുന്നത്.

യാത്രയ്ക്കിടെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ സ്വയം പരിചയപ്പെടുത്തി അടുത്ത് വന്നിരുന്നു തന്നെ ആലോസരപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചെന്നും ഇടയ്ക്ക് ഏതാനും തവണ തന്റെ കാലില്‍ സ്പര്‍ശിച്ചെന്നും മാത്രമാണ് പുസ്തകത്തിലുള്ളത്. ഇക്കാര്യം ട്രെയിനിലുണ്ടായിരുന്ന ടി ടി ആറിനോട് പരാതിപ്പെട്ടിരുന്നെന്നും ടി ടി ആര്‍ അതിനു പറഞ്ഞ മറുപടിയുമെല്ലാം പുസ്തകത്തിലുണ്ട്.

എന്നാല്‍ യുവാവിനെ സംബന്ധിച്ച് പുസ്തകത്തില്‍ പറഞ്ഞ ചില സൂചനകളാണ് ഇത് ഷോണ്‍ ജോര്‍ജ്ജാണെന്ന മട്ടിലുള്ള സംസാരങ്ങള്‍ക്ക് ഇടവരുത്തിയത്. മാത്രമല്ല അത് തന്റെ മകനെക്കുറിച്ച് തന്നെയാണെന്ന നിലപാടുമായി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചകളിലേക്ക് കടന്നുവന്നതോടെ നിഷ പേര് പറയാത്ത ഉത്തരവാദിത്വം ജോര്‍ജ്ജ് സ്വയം ഏറ്റെടുക്കുകയായിരുന്നു.

നിഷ പേര് വെളിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് നിഷയെ വൃത്തികെട്ട സ്ത്രീയെന്നും മറ്റുമുള്ള രീതിയില്‍ ജോര്‍ജ്ജ് വിശേഷിപ്പിക്കുന്നത്. രാജ്യവ്യാപകമായി 'മീ ടു ക്യാമ്പയ്ന്‍റെ' ഭാഗമായി പ്രശസ്തരായ സ്ത്രീകള്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത് മാസങ്ങളായി വാര്‍ത്തകളാണ്.

അതിന്റെ ഭാഗമായി തനിക്കുണ്ടായ ഒരനുഭവം പറയുന്നു എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് നിഷ പുസ്തകത്തില്‍ ഈ അനുഭവം വിവരിക്കുന്നത്. എന്നാല്‍ അത് പറയാനുള്ള ഒരു സ്ത്രീ എന്ന നിലയിലുള്ള അവരുടെ അവകാശത്തെ മാനിക്കുന്ന തരത്തിലായിരുന്നില്ല പിന്നീട് ഇതേച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍. മാത്രമല്ല അവരെ കൂടുതല്‍ അവഹേളിക്കാനും ശ്രമം ഉണ്ടായി.

സരിത എസ് നായര്‍ പലപ്പോഴായി വെട്ടിയും തിരുത്തിയും എഴുതിയ കത്തുകളില്‍ കേരളത്തിലെ വളരെ പ്രശസ്തരായ നിരവധി നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതൊക്കെ ശരിയാണ്, സരിത ഒരു പാവം സ്ത്രീയാണെന്ന് പറഞ്ഞ ജോര്‍ജ്ജ് എന്തുകൊണ്ട് നിഷ ജോസ് കെ മാണിയെ മാത്രം അവിശ്വസിക്കുന്നു എന്നാണ് കോണ്‍ഗ്രസ് അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്ന ചോദ്യം.

ഇക്കാര്യത്തില്‍ പി സി ജോര്‍ജ്ജിന്റെ എടുത്തുചാട്ടം വേണ്ടിയിരുന്നോ എന്ന് സംശയിക്കുന്നവരും ഉണ്ട്. മാത്രമല്ല, നിഷാ ജോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കൊക്കെ വേണ്ടി വന്നാല്‍ ആവശ്യമായ തെളിവുകള്‍ അവരുടെ പക്കലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മനോരമ ചാനലിലെ പി.സി ജോർജുമായുള്ള ചര്‍ച്ചയിലെ പ്രസക്തഭാഗങ്ങൾ;

നിഷയുടെ പുസ്തകത്തിലെ ഈ കമന്റ് ഷോണിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ആരോപണമാണെന്നു താങ്കള്‍ ഉന്നയിച്ചത് എങ്ങനെയാണ്..?

പി.സി: വസ്തുതാ വിരുദ്ധമാണ് ആ സ്ത്രീ പറഞ്ഞതെന്നു എനിക്ക് 100 ശതമാനം ബോധ്യമാണ്. കാരണം അവര്‍ പറഞ്ഞ തീയതി പറയുന്നില്ല അവര്‍ ആളെ അറിയില്ലെന്നും പറയുന്നു. അതായത് ഒരു 2006, അപ്പോ ഇപ്പോള്‍ ഒരു 12 കൊല്ലമായിട്ട് അവര്‍ക്ക് ഷോണിനെ അറിയാം. അപ്പോള്‍ അവര്‍ തീയതി സ്ഥലമൊന്നും പറയുന്നില്ല തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെന്ന്. തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടാല്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ എങ്ങനെ ഒരു എസിക്കകത്ത് നേരത്തെ ബുക്ക് ചെയ്തിട്ടു വന്നോ.? നുണ പറയുന്നതിന് ഒരു കണക്ക് വേണ്ടേ.. ഞാന്‍ അന്വേഷിച്ചപ്പോള്‍ എന്റെ മകന്‍ ആ സ്ത്രീയോടൊപ്പം സഞ്ചരിച്ചിട്ടേയില്ല. അപ്പോള്‍ ടിടിആര്‍ കണ്ടെന്ന്. ടിടിആര്‍ കണ്ടെങ്കില്‍ അതു അന്നേരമേ പിടിക്കണ്ടേ..?

ചോദ്യം. പക്ഷേ ശ്രീ പി.സി. ജോര്‍ജ് താങ്കളുടെ മകനാണെന്ന് നിഷ പറയുന്നില്ല..?

പി.സി: അതാ പറഞ്ഞത് എന്തൊരു വൃത്തികേടാന്നേ... ആ വാര്‍ത്ത വന്നതിനുശേഷം ഒരു 200ല്‍ കൂടുതല്‍ ആളുകള്‍ എന്നെ വിളിച്ചു. ഷോണിന്റെ പേരില്‍ ഇങ്ങനെയൊരു ആരോപണം പറഞ്ഞത് മര്യാദകേടാന്ന്. അപ്പോള്‍ മറ്റേ സ്ത്രീയുടെത് എത്ര മോശമായ വിചാരമാണ്

ചോദ്യം: അവര്‍ എങ്ങനെയാണ് ഇതിനു ഉത്തരവാദിയാകുന്നത്? ഷോണിന്റെ പേര് അവര്‍ പറഞ്ഞിട്ടില്ല. ധാരാളം ആളുകള്‍ താങ്കളെ വിളിച്ച് ചോദിക്കുന്നു. അതിനു നിഷ എങ്ങനെ ഉത്തരവാദിയാകും..?

പി.സി: അവര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സോളാര്‍ കേസില്‍ അമ്മയിയപ്പനെ വിഷമിപ്പിച്ച തൊട്ടടുത്ത എംഎല്‍എ അതാരാ ? ജയരാജനാണോ അതോ പി.സി ജോര്‍ജാണോ ? ഇവരൊരു മാന്യ സ്ത്രീയായിരുന്നെങ്കില്‍ ഇവരുടെ ഭര്‍ത്താവായ ജോസ് കെ മാണി എന്തിനു സരിതയുടെ പിറകെ പോയി ? രാജ്യം മുഴുവന്‍ പരസ്യമല്ലയോ അത് ?

ചോദ്യം: ശ്രീ പി.സി. ജോര്‍ജ്, അതായത് താങ്കള്‍ ഈ പറയുന്നതിന്റെ യുക്തി വച്ച് സരിത ആരോപണമുന്നയിച്ച എല്ലാ നേതാക്കളുടെയും ഭാര്യമാര്‍ കൊള്ളരുതാത്തതുകൊണ്ടാണ് അവര്‍ക്കെതിരെ ആരോപണമുന്നയിച്ചത് അല്ലേ?

പിസി: എന്നു ഞാന്‍ പറഞ്ഞില്ലല്ലോ?

ചോദ്യം: പിന്നെ എങ്ങനെയാണ് ജോസ് കെ മാണിയുടെ കാര്യത്തില്‍ മാത്രം താങ്കള്‍ അങ്ങനെയൊരു ആരോപണമുന്നയിക്കുന്നത്?

പി.സി : മറ്റുള്ള മാന്യന്മാരായ സ്ത്രീകളെപ്പോലെയല്ല ഇവര്‍. ഇവര്‍ മാന്യയായ സ്ത്രീയായിരുന്നെങ്കില്‍ ഇങ്ങനെയൊരു വൃത്തികേട് പറയുമോ?

ചോദ്യം : മാന്യയായ സ്ത്രീക്ക് അവര്‍ക്കെതിരെയുണ്ടായ ഒരു മോശപ്പെട്ട അനുഭവം തുറന്നു പറയുന്നതു കൊണ്ട് എന്താണ് തെറ്റ്?

പി.സി: ഞാന്‍ പറഞ്ഞ് കേട്ടേരിക്കുന്നത്, ഞാന്‍ തര്‍ക്കത്തിനില്ല. ഇവര്‍ പറഞ്ഞ ഏത് തെളിവെടുത്താലും എന്നെ എല്ലാവരും വിളിച്ച് ഷോണിന്റെ പേരില്‍ വൃത്തികേട് പറയുന്നില്ലെന്ന് എങ്ങനെ പറയും? അപ്പോള്‍ അവര്‍ പറയുന്നത് കേട്ടാല്‍ അങ്ങനെ തോന്നും.

ചോദ്യം : അങ്ങനെ തോന്നുമെന്നതു കൊണ്ടാണ് താങ്കള്‍ പറഞ്ഞത് ഇത് ഷോണിന്റെ രാഷ്ട്രീയ ഭാവി ആരോപണമാണെന്ന്. അല്ലേ?

പി.സി: അതുകൊണ്ടു തന്നെയാണ് ഞാന്‍ പറയാം, ഈ സ്ത്രീയെ പറ്റി ഞാന്‍ കൂടുതല്‍ പഠിച്ചിട്ടുണ്ട്. എന്റെ മകന്‍ പാലായില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് ലോകം മുഴുവന്‍ പരസ്യവുമാണ്. അപ്പോള്‍ സ്വാഭാവികമായിട്ടും അമ്മായിയപ്പന്‍ ആരാ... വിളഞ്ഞതല്ലേ കെ എം മാണി. കാഞ്ഞ ബുദ്ധിയല്ലേ.... മാണിയുടെ ഉപദേശവും കൂടെ ഉണ്ടല്ലോ.... ഇതില്‍ പഠിക്കേണ്ടൊരു കാര്യം ബില്‍ ക്ലിന്റനെതിരെ ഒരു വേശ്യയായ സ്ത്രീ ഒരു പുസ്തകം രചിച്ചു. അത് പിന്നെ വാര്‍ത്തയായി ലക്ഷക്കണക്കിന് ആ പുസ്തകം വിറ്റു പോയി. ഇതേപ്പോലെ വൃത്തികെട്ടൊരു വാര്‍ത്ത സൃഷ്ടിച്ച് പുസ്തകം വില്‍ക്കാമെന്ന്.

ചോദ്യം: ബില്‍ ക്ലിന്റണ്‍ ആ കേസില്‍ മാപ്പ് പറഞ്ഞിരുന്നുവെന്നറിയാമോ ശ്രീ പി.സി ജോര്‍ജിന്?

ബില്‍ക്ലിന്റണ്‍ ആ കാര്യം ഏറ്റുപറഞ്ഞിരുന്നുവെന്നറിയാമോ താങ്കള്‍ക്ക് ?

പി.സി: അറിയാം അതുകൊണ്ടാ പറഞ്ഞത്

ചോദ്യം : അപ്പോള്‍ ആരോപണം മാത്രമായിരുന്നില്ല അത്. അതവിടെ നില്‍ക്കട്ടെ. താങ്കള്‍ ഉറപ്പിച്ചു ഇത് ഷോണിനെതിരെയുള്ള ആരോപണമാണ് . ഷോണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ആരോപണമാണെന്ന്. അവര്‍ പറഞ്ഞതിന്റെ ചുരുക്കം വച്ച് താങ്കള്‍ ഊഹിച്ചു എങ്കില്‍ ഇത് ഷോണല്ല എന്നു താങ്കള്‍ ഉറപ്പിച്ചതെങ്ങനെയാണ്

പി.സി : ഉറപ്പിക്കാന്‍ കാരണം അവന്‍ ഈ സ്ത്രീയോടൊപ്പം യാത്ര ചെയ്തിട്ടില്ല. അവന്‍ സത്യം ചെയ്യുന്നുണ്ട്. എന്റെ മകനെ എനിക്ക് നല്ലതു പോലെ അറിയാം. അവന്‍ ഇങ്ങനെ ജോസ് കെ മാണിയെ പോലെ സരിതയുടെ പിറകെ നടക്കുന്നവനല്ല.

ചോദ്യം: അത് താങ്കളുടെ വിശ്വാസം അതിനപ്പുറം താങ്കള്‍ക്ക് ഒരു തെളിവുമില്ല

പി.സി :മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നെ വിളിച്ചു. അതൊക്കെയാ ഞാന്‍ ഈ പറയാന്‍ കാരണം. ഇത് എന്തൊരു മോശമാണ് ആ സ്ത്രീ പറഞ്ഞത്. ഷോണിനെപ്പോലെയുള്ള ഒരു ചെറുപ്പക്കാരനെതിരെ ഇങ്ങനെ പറഞ്ഞ് എന്തൊരു മോശമാണ്?

ചോദ്യം: അവര്‍ ഷോണിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണിനെ സംശയിച്ച് ആരെങ്കിലും വിളിക്കുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നിഷയുടെ മേല്‍ കെട്ടിവയ്ക്കണം കാരണം അവര്‍ ഷോണിന്റെ പേര് പറഞ്ഞിട്ടേയില്ല

പിസി: എന്റെ പൊന്നു സഹോദരാ നിങ്ങള്‍ ഈ രാജ്യത്താണോ ജീവിക്കുന്നേ? അതോ ഉസ്‌ബക്കിസ്ഥാനിലുമാണോ? നിങ്ങള്‍ ഈ രാജ്യത്താണ് ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ ആ പുസ്തകം വായിക്ക്

ചോദ്യം : അമ്മായിയപ്പന്‍ ചികിത്സയില്‍ കഴിയുന്നത് ഷോണിന്റേതാണ് അത് താങ്കള്‍ ഉറപ്പിക്കുന്നുണ്ടല്ലോ? പക്ഷെ ഇതേ താങ്കള്‍ തന്നെയാണ് നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് അമ്മായിയപ്പന്‍ ആശുപത്രിയില്‍ കിടക്കുന്നത് ആരൊക്കെയാകാം ? ആര്‍ക്കൊക്കെ അറിയാം? താങ്കള്‍ തന്നെയല്ലേ പറഞ്ഞത്? അപ്പോള്‍ എന്ത് കാരണം വച്ചാണ് താങ്കള്‍ ഇത് ഷോണാണെന്ന് പറയുന്നത്?

പി.സി: ഞാന്‍ ഷോണാണെന്ന് പറഞ്ഞില്ല

ചോദ്യം: പിന്നെയെന്തിനാ ഷോണിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് ഈ ആരോപണമെന്ന് താങ്കള്‍ പറയുന്നത്?

പിസി: അവര്‍ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നത് ഷോണിനെപ്പറ്റി ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണല്ലോ ഈ വൃത്തികെട്ട സ്ത്രീ.

ചോദ്യം: താങ്കള്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.

പി.സി: ഒരുവിധം ബോധവും പൊക്കണവുമുള്ളവര്‍ക്ക് അങ്ങനെ വൈരുദ്ധ്യം തോന്നുന്ന പ്രശ്‌നമില്ല

ചോദ്യം: ഇതില്‍ ആരും താങ്കളുടെയോ താങ്കളുടെ മകന്റെയോ പേര് പറഞ്ഞിട്ടില്ല. അവര്‍ക്കുണ്ടായ ഒരു അനുഭവം അവര്‍ എഴുതി. അത് വലിയ ലൈംഗിക ആക്രമണം എന്ന രീതിയിലുമല്ല എഴുതിയിരിക്കുന്നത്.

പിസി: അത് അവര്‍ പേര് വച്ചെഴുതണം

ചോദ്യം: പേര് വയ്‌ക്കേണ്ട കാര്യമില്ല. അതവരുടെ സ്വാതന്ത്ര്യമാണ്.

പി.സി: നിങ്ങള്‍ എത്ര വെള്ളയടിച്ചാലും ആ സ്ത്രീ രണ്ടാം സരിതയായിപ്പോയി. ജനങ്ങളുടെ മുമ്പില്‍ ജനങ്ങള്‍ അവരെ രണ്ടാം സരിതയായി കണ്ടെങ്കില്‍പോലും ആര് അവരെ ആക്രമിച്ചെന്ന് എനിക്കറിയണം. ഞാന്‍ കേസ് കൊടുക്കാനിരിക്കുകയാണ്.

 

nisha jose
Advertisment