Advertisment

നാക്കിലയിൽ വറുത്ത അരി മണികളും തേങ്ങയും ശർക്കരയും.. തിരുവോണദിനത്തില്‍ ഈച്ചയ്ക്കും ഉറുമ്പിനും ഓണമൂട്ട് !

author-image
സുനില്‍ പാലാ
New Update

ഉറുമ്പത്താനും മക്കളും പുറത്ത്; ഞാനും എന്റെ മക്കളും അകത്ത്.......

പഴയ തലമുറ ഒരു പാട് കേട്ട പഴമൊഴിയാണിത്.

Advertisment

തിരുവോണദിന സന്ധ്യയിൽ "ഈച്ചയ്ക്കും ഉറുമ്പിനും കൊടുക്കുക " എന്നൊരു ചടങ്ങ് നമ്മുടെ നാട്ടിലുണ്ടായിരുന്നു. (പഴയ തലമുറക്കാരുള്ള മിക്ക ഹൈന്ദവ ഭവനങ്ങളിലും ഇന്നും ഈ ചടങ്ങ് നടക്കുന്നുണ്ട്.)

ഓണപ്പൂവടയുടെ ഭാഗം, തേങ്ങ ചിരണ്ടിയത് ചേർത്ത അരി, ശർക്കര, അല്ലെങ്കിൽ , അരി വറുത്തതും, തേങ്ങയും ശർക്കരയും ചേർത്ത് ..... ഒരു വാഴയിലക്കീറിലാണ് ഈച്ചയ്ക്കും ഉറുമ്പിനും 'ഓണമൂട്ട്' നടത്തുന്നത്.

ഭക്ഷ്യവസ്തുക്കൾ ഇലയിലിട്ട് ഒരു തിരിയും കത്തിച്ചു വെയ്ക്കും. ഇത് വെയ്ക്കുന്ന മുത്തച്ഛനോ, മുത്തശ്ശിയോ ,വീട്ടിലെ മുതിർന്ന അംഗമോ തിരി കത്തിച്ചു വെയ്ക്കുന്നതിനൊപ്പം പറയും; " ഉറുമ്പത്താനും മക്കളും പുറത്ത്; ഞാനും എന്റെ മക്കളും അകത്ത് !!

അടുത്ത ഒരാണ്ടത്തേയ്ക്ക് നിങ്ങൾ ( ഈച്ചയും ഉറുമ്പും) ഞങ്ങളുടെ വീട്ടിനുള്ളിൽ കയറി ശല്യമുണ്ടാക്കരുതെന്ന പ്രാർത്ഥന !!!...... അതിനായി അവർക്ക് ഒരാണ്ടത്തെ ഭക്ഷണം ഈ ഓണ നാളിൽ നൽകുന്നൂവെന്ന് സങ്കൽപ്പം......

ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ട് വീടിന്റെ നാലു മൂലയ്ക്കും, നടക്കല്ലിനു ചുവട്ടിലും, അമ്മിക്കല്ലിനും, അരകല്ലിനും, കിണറിനും സമീപവും ഇങ്ങനെ ഇലയിൽ ഭക്ഷ്യവസ്തുക്കൾ നിരത്തും. ഇവ ഈച്ചയും, ഉറുമ്പും കൂട്ടമായെത്തി ഭക്ഷിക്കും. (വിവരങ്ങൾക്ക് കടപ്പാട്; മുരളീ മോഹന ശർമ്മ, പെരുമ്പുഴ ഇല്ലം ഏഴാച്ചേരി ഫോൺ: 98 46 76 57 94)

ഒരുഅരി മണി നിരവധി ഉറുമ്പുകൾ ചേർന്ന് കടിച്ചു കൊണ്ടുപോവുകയോ, മുറിച്ച് ചെറുതാക്കി അവരുടെ "വീടുകളിലേക്ക് " " (കൂടുകളിലേക്ക് ) കൊണ്ടുപോവുകയോ ചെയ്യുന്ന അത്ഭുതക്കാഴ്ചയും ഓണപ്പിറ്റേന്ന് വീട്ടുമുറ്റങ്ങളിൽ കാണാം.

ഈച്ചയേയും, ഉറുമ്പിനേയും പോലും ഓണമൂട്ടി, മറ്റ് ജീവജാലങ്ങളെയും, പ്രകൃതിശക്തികളെയും അംഗീകരിക്കുകയും, ആദരിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരം ഇവിടെ ഉണ്ടായിരുന്നൂവെന്ന് ചുരുക്കം. അവയൊക്കെ കൈമോശം വന്നതിന്റേയോ, വരുത്തിയതിന്റെയോ പരിണിത ഫലം നമ്മൾ അനുഭവിക്കേണ്ടിയും വരുന്നുണ്ടല്ലോ .....

ഇതോടൊപ്പമുള്ള വീഡിയോ  കോട്ടയം പാലാ ഏഴാച്ചേരിയിലെ ഒരു വീട്ടുമുറ്റത്തു നിന്ന് ഇന്ന് രാവിലെ ( 26-08-2018 ഞായർ ) പകർത്തിയതാണ്.

നാക്കിലയിൽ വെച്ച വറുത്ത അരി മണികളും, തേങ്ങയും ശർക്കരയും കൊണ്ടുപോകാൻ ആയിരക്കണക്കിന് ഉറുമ്പുകളെത്തിയതും ഇത് താവളത്തിലേക്ക് കൊണ്ടു പോകാൻ അവർ " നടന്ന് നടന്ന് " നിർമ്മിച്ച വഴിയുമൊക്കെ അത്ഭുതക്കാഴ്ച തന്നെ !!!

Advertisment