Advertisment

ബിജെപി ഭരണമുള്ള ഏക നഗരസഭയായ പാലക്കാട്ട് 4 സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. സിപിഎമ്മിനെ വെട്ടിലാക്കി കോണ്‍ഗ്രസ് നീക്കം. ഭൂരിപക്ഷമില്ലാഞ്ഞിട്ടും സിപിഎം വിട്ടുനില്‍ക്കുന്നതുകൊണ്ട് മാത്രം ബിജെപി ഭരിക്കുന്ന നഗരസഭ പിടിച്ചെടുക്കാന്‍ യുഡിഎഫ് നീക്കം

New Update

പാലക്കാട്:  സംസ്ഥാനത്ത് ബി ജെ പി ഭരണമുള്ള ഏക നഗരസഭയായ പാലക്കാട് നഗരസഭയ്ക്കെതിരെ യു ഡി എഫ് നീക്കം ശക്തമായി. നഗരസഭയിലെ 5 സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കെതിരെയും അവിശ്വാസത്തിനാണ് യു ഡി എഫ് നീക്കം.

Advertisment

ഇതില്‍ 4 സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കെതിരായ അവിശ്വാസ പ്രമേയത്തിന് യു ഡി എഫ് ഇന്നുച്ചയ്ക്ക് നോട്ടീസ് നല്‍കി. കോഴിക്കോട് നഗരകാര്യ ഉപ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് നഗരസഭാ സെക്രട്ടറി മ്രിന്‍മയി ജോഷിയ്ക്കാണ് ഇന്ന് യു ഡി എഫ് കൌണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയ നോട്ടീസ് കൈമാറിയത്.

publive-image

ചട്ടപ്രകാരം 15 ദിവസത്തിനുള്ളില്‍ നോട്ടീസ് നഗരസഭ ചര്‍ച്ചയ്ക്കെടുക്കണം. ഇതോടെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സി പി എം നിലപാട് നിര്‍ണ്ണായകമായി.

നഗരഭരണത്തില്‍ നിന്നും ബി ജെ പിയെ ആട്ടിപ്പായിക്കാനുള്ള യു ഡി എഫ് നീക്കത്തെ പിന്തുണയ്ക്കണമെന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ബി ജെ പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയെന്ന സി പി എം നയത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ സിപിഎം യു ഡി എഫിന്റെ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്യണമെന്നാണ് ശ്രീകണ്ഠന്‍റെ ആവശ്യം.

വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും പ്രമേയത്തെ എതിര്‍ത്ത് ബി ജെ പിക്കനുകൂലമായി വോട്ട് ചെയ്യുന്നതും ബി ജെ പിയെ സഹായിക്കുന്നതിനുള്ള തുല്യ നിലപാടായെ കണക്കാക്കൂ എന്ന മുന്നറിയിപ്പും ശ്രീകണ്ഠന്‍ സി പി എമ്മിന് നല്‍കിയിട്ടുണ്ട്. ഇതോടെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നുള്ള പതിവ് തന്ത്രം ഇത്തവണ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് സി പി എം ഭയക്കുന്നത്.

വിട്ടു നിന്നാലും അത് ബി ജെ പിയെ സഹായിക്കലായി വ്യാഖ്യാനിക്കപ്പെടും.  52 അംഗ നഗരസഭാ കൌണ്‍സിലില്‍ കേവല ഭൂരിപക്ഷത്തിന് 27 അംഗങ്ങള്‍ വേണമെന്നിരിക്കെ 24 അംഗങ്ങളുള്ള ബി ജെ പിയാണ് ഇപ്പോള്‍ നഗരസഭ ഭരിക്കുന്നത്. അതേസമയം 18 അംഗങ്ങളുള്ള യു ഡി എഫിനെ 9 അംഗങ്ങളുള്ള സി പി എം പിന്തുണച്ചാല്‍ നഗരസഭയില്‍ ഇവര്‍ക്ക് ഭൂരിപക്ഷമാകും.

എന്നാല്‍ 9 അംഗങ്ങളുള്ള സി പി എം വിട്ടുനിന്നതോടെയാണ് ബി ജെ പി അധികാരത്തിലെത്തിയത്. ഫലത്തില്‍ സി പി എം വിട്ടുനില്‍ക്കുന്നതും ബി ജെ പിയെ സഹായിക്കലായി മാറിയിരിക്കുകയാണ്. ഈ തന്ത്രം പൊളിച്ചടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനാലാണ് വിട്ട് നില്‍ക്കല്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി ഡി സി സി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

പൊതുമരാമത്ത്, വികസനം, ക്ഷേമം, ആരോഗ്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കെതിരെയാണ് യു ഡി എഫ് ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഉടനടി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെയും അവിശ്വാസം അവതരിപ്പിക്കും. ഈ കമ്മിറ്റിയിലെ ഒരംഗം രോഗബാധിതനായി വിശ്രമത്തിലായതിനാലാണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒഴിവാക്കി മറ്റ്‌ കമ്മറ്റികള്‍ക്കെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

അടുത്ത ഘട്ടത്തില്‍ നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസം കൊണ്ടുവരാനാണ് തീരുമാനം എന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. ബി ജെ പിക്കെതിരായുള്ള രാഷ്ട്രീയ നീക്കത്തില്‍ സി പി എമ്മിന്റെ പൂര്‍ണ്ണ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹ൦ പറഞ്ഞു.

vk sreekandan palakkad municipality
Advertisment