Advertisment

കരുണാകരനെതിരെ ഗൂഡാലോചന: പത്മജയുടെ 5 അംഗ ലിസ്റ്റില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ വി തോമസും 2 യുഡിഎഫ് നേതാക്കളും !

New Update

publive-image

Advertisment

കൊച്ചി:  ചാരക്കേസില്‍ കുടുക്കി കെ കരുണാകരനെ രാജിവയ്പ്പിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും യു ഡി എഫിനുള്ളില്‍ നിന്നും ഒളിയുദ്ധമുണ്ടായെന്ന മകള്‍ പത്മജയുടെ നിലപാട് വിരല്‍ ചൂണ്ടുന്നത് കേരള രാഷ്ട്രീയത്തിലെ അതികായരിലേക്ക് തന്നെ എന്ന് റിപ്പോര്‍ട്ട്.

ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലുള്ള 5 പേരാണ് അന്നത്തെ ഗൂഡാലോചനയ്ക്ക് പിന്നിലെന്ന് പത്മജ പറയുമ്പോള്‍ ആ പേരുകള്‍ ലക്‌ഷ്യം വച്ചുള്ള ചര്‍ച്ചകളും കോണ്‍ഗ്രസിലും യു ഡി എഫിലും സജീവമായി.

publive-image

പത്മജ ഉന്നം വയ്ക്കുന്നതില്‍ 3 പേര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും 2 പേര്‍ യു ഡി എഫിലേ ഘടകകക്ഷി നേതാക്കളുമാണെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസ്‌ എന്നിവരാണ് പത്മജയുടെ 5 അംഗ ലിസ്റ്റിലെ കോണ്‍ഗ്രസ് നേതാക്കളെന്നാണ് സൂചന.

publive-image

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെയും കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെയുമാണ് കോണ്‍ഗ്രസിന് പുറത്ത് പത്മജ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വസിച്ച് ഒപ്പം നിന്ന ചിലരും ഈ ഗൂഡാലോചനയ്ക്ക് ഒപ്പം കൂടിയെന്ന പത്മജയുടെ ആരോപണം അന്ന് കരുണാകര ഗ്രൂപ്പ് നേതാവായിരുന്ന കെ വി തോമസിനെ ലക്‌ഷ്യം വച്ചാണെന്ന് പറയുന്നു.

കരുണാകരന് പകരമായി ഐ ഗ്രൂപ്പ് നോമിനിയായി മുഖ്യമന്ത്രിയാകാന്‍ അന്ന് കെ വി ശ്രമിച്ചിരുന്നെന്ന കഥകള്‍ പ്രചരിച്ചിരുന്നു. അന്ന് തിരുത്തല്‍ വാദികളായി രൂപപ്പെട്ടിരുന്ന രമേശ്‌ ചെന്നിത്തല, ജി കാര്‍ത്തികേയന്‍, എം ഐ ഷാനവാസ് എന്നിവര്‍ അതേസമയം കരുണാകരന്റെ രാജി സമയത്ത് ലീഡര്‍ക്കൊപ്പമായിരുന്നു.

publive-image

മാത്രമല്ല, ഇപ്പോള്‍ പത്മജയും ഐ ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അച്ഛനെതിരെ ഗൂഡാലോചന നടത്തിയ ആളെന്ന് ആരോപണം ഉണ്ടായിരുന്നെങ്കില്‍ പത്മജ നിലവിലെ ഐ ഗ്രൂപ്പുമായി സഹകരിക്കില്ലായിരുന്നു.

publive-image

എന്നാല്‍ യാതൊരു തെളിവും ഉള്ള ആരോപണങ്ങളായി ഇതുന്നയിക്കാന്‍ പത്മജയ്ക്ക് കഴിയില്ല. അത്തരം ആരോപണങ്ങള്‍ കെ മുരളീധരന്‍ തന്നെ നേരത്തെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനായുള്ള പത്മജയുടെ വിലപേശലായി മാത്രമേ പുതിയ നീക്കങ്ങളെ കോണ്‍ഗ്രസ് - യു ഡി എഫ് നേതാക്കള്‍ കാണുന്നുള്ളൂ.

അതേസമയം, കോണ്‍ഗ്രസിലായതിനാല്‍ വിവാദമാക്കാന്‍ ഇതൊക്കെ ധാരാളമാണ് എന്നതും വസ്തുത തന്നെ !

Advertisment