Advertisment

ബിജെപി പ്രസിഡന്റ്: ചര്‍ച്ചകള്‍ നീളുമ്പോഴും സാധ്യതാപട്ടികയിലെ ഒന്നാം പേരുകാരന്‍ കെ സുരേന്ദ്രന്‍ തന്നെ. എംടി രമേശും ശോഭാ സുരേന്ദ്രനും തൊട്ടുപിന്നില്‍. സുരേന്ദ്രനെങ്കില്‍ അവധിയെടുക്കുമെന്ന ഭീഷണിയുമായി മുന്‍ സംസ്ഥാന അധ്യക്ഷനുള്‍പ്പെടെ രംഗത്ത് ! പ്രവര്‍ത്തകരും ബിജെപി സോഷ്യല്‍ മീഡിയയും സുരേന്ദ്രനൊപ്പം !

New Update

publive-image

Advertisment

തിരുവനന്തപുരം:  ബി ജെ പി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്തും ഡല്‍ഹിയിലും തുടരവേ സാധ്യതാ പട്ടികയില്‍ ഇപ്പോഴും പ്രഥമ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെയെന്ന് സൂചന. പ്രായവും ഊര്‍ജ്ജസ്വലതയുമാണ്‌ ദേശീയ നേതൃത്വത്തിന് സുരേന്ദ്രനോടുള്ള താത്പര്യം.

48 കാരനായ കെ സുരേന്ദ്രന്‍ പ്രസിഡന്റായാല്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവായി കെ സുരേന്ദ്ര മാറും. 46 കാരനായ എം ടി രമേശാണ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരന്‍.

publive-image

സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ ഏറ്റവും ലൈവായി ഇടപെടാന്‍ കഴിയുന്ന തീപ്പൊരി നേതാവാകണം പുതിയ സംസ്ഥാന അധ്യക്ഷനെന്ന വാശിയിലാണ് ദേശീയ നേതൃത്വം. 50 വയസ് പിന്നിട്ടവരെ ഈ പദവിയിലേക്ക് പരിഗണിക്കാന്‍ തന്നെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ട്.  പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനവും പൊതുസമൂഹത്തില്‍ സ്വീകാര്യതയും കൂടുതല്‍ സുരേന്ദ്രനാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു.

അതേസമയം, സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുമെന്ന് വരെ ചില മുതിര്‍ന്ന നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് മുന്‍ സംസ്ഥാന അധ്യക്ഷനുള്‍പ്പെടെയുള്ളവരുടെ ഭീഷണി. ഇവരെ അനുനയിപ്പിക്കാന്‍ ദേശീയ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെത്തി ചര്‍ച്ചകള്‍ തുടരുകയാണ്.

publive-image

സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ സമയമുണ്ടാക്കി തീരുമാനം പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഇതിനായി വിഘടിച്ചു നില്‍ക്കുന്ന നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി പാലക്കാട്ടും കോഴിക്കോട്ടും ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചകളിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ ഏറെയും സുരേന്ദ്രന്‍ വിരോധികളായിരുന്നു. കേന്ദ്ര പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍.

അതിനാല്‍ തന്നെയാണ് സംസ്ഥാന അധ്യക്ഷ പദവികള്‍ കേന്ദ്ര നേതൃത്വത്തിന്റെ മുമ്പിലുള്ള ഒന്നാം പേരുകാരന്‍ കെ സുരേന്ദ്രനാണെന്ന ധാരണ പരന്നത്.  സുരേന്ദ്രന് എതിര്‍പ്പ് ശക്തമായാല്‍ എം ടി രമേശിനായിരിക്കും സാധ്യത. സുരേന്ദ്രനോളം ജനകീയനല്ലെങ്കിലും രമേശും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനാണ്. ഒപ്പം ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലതയും.

publive-image

ഇവര്‍ രണ്ടുപേരും തഴയപ്പെട്ടാല്‍ സാധ്യത ചുറുചുറുക്കുള്ള വനിതാ നേതാവെന്ന നിലയില്‍ ശോഭാ സുരേന്ദ്രനാണ്. പക്ഷേ ശോഭയുടെ കാര്യത്തിലും എതിര്‍പ്പ് ശക്തമാണ്.

എ എന്‍ രാധാകൃഷ്ണന്‍, ബി ജെ പിയുടെ താരപ്രാസംഗികനായ പി എം വേലായുധന്‍ എന്നീ പേരുകളും പരിഗണനാ ലിസ്റ്റിലുണ്ട്.  പക്ഷെ, ആ പേരുകളിലേയ്ക്കൊക്കെ ചര്‍ച്ചകള്‍ നീണ്ടിട്ടില്ല. ഇപ്പോഴും ദേശീയ ഘടകം ചര്‍ച്ചകളില്‍ പ്രഥമ പരിഗണന നല്‍കുന്നത് സുരേന്ദ്രന് തന്നെയാണ്. വിഘടിച്ചു നില്‍ക്കുന്നവരെ അനുനയിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ അധ്യക്ഷനായി കെ സുരേന്ദ്രനെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.

publive-image

ബി ജെ പിയുടെ സാധാരണ പ്രവര്‍ത്തകരില്‍ നിന്നും ബി ജെ പി സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ നിന്നും സുരേന്ദ്രനായി ഉയരുന്ന മുറവിളികളും ദേശീയ നേതൃത്വത്തിന്റെ നിലപാടിന് കരുത്ത് പകരും.

bjp bjp president
Advertisment