Advertisment

ചെങ്ങന്നൂരില്‍ നടക്കുന്നത് കേരള രാഷ്ട്രീയം കണ്ട ഏറ്റവും ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ സംഭവിച്ചത് വന്‍ അട്ടിമറികള്‍ ! ഓര്‍ക്കാപ്പുറത്ത് കളം മലര്‍ത്തിയടിച്ച് ഉമ്മന്‍ചാണ്ടിയുടെ കരുനീക്കങ്ങള്‍ ! പ്രതിരോധമായി പിണറായിയും കോടിയേരിയും ! അങ്കലാപ്പ് മാറാതെ നിയുക്ത ഗവര്‍ണറുടെ പ്രഭയില്‍ ബിജെപിയും

author-image
admin
New Update

publive-image

Advertisment

ചെങ്ങന്നൂര്‍:  കലാശക്കൊട്ടിന് മണിക്കൂറുകള്‍ ശേഷിക്കെ ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് രംഗം വേദിയായിക്കൊണ്ടിരിക്കുന്നത്‌ വന്‍ രാഷ്ട്രീയ അട്ടിമറികള്‍ക്ക്. രണ്ടു മാസങ്ങള്‍ നീണ്ടു നിന്ന പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മൂന്ന്‍ മുന്നണി സ്ഥാനാര്‍ഥികളും ഒന്നിനൊന്ന് പോരാട്ടം കാഴ്ച വച്ചെങ്കിലും അവസാന അങ്കത്തില്‍ അട്ടിമറികള്‍ പലതാണ് സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മൂന്ന്‍ ദിവസങ്ങളില്‍ വിവിധ സംഘടനകളെയും സമുദായങ്ങളെയും ലക്ഷ്യമാക്കി മണ്ഡലത്തില്‍ നടന്ന തന്ത്രങ്ങളും കരുനീക്കങ്ങളും അത് വരെയുണ്ടായിരുന്ന മുന്‍തൂക്കങ്ങള്‍ അട്ടിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇടത് പക്ഷം ഉറപ്പിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് പിന്തുണയും തുടക്കം മുതല്‍ അവര്‍ ഫിക്സഡ് ഡിപ്പോസിറ്റായി കണ്ടിരുന്ന ഓര്‍ത്തഡോക്സ്, എസ് എന്‍ ഡി പി വോട്ടു ബാങ്കുകളിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക അട്ടിമറികളാണ് അരങ്ങേറിയത്.

publive-image

മാണിയുടെ മനസ് കണ്ടറിഞ്ഞ നീക്കം

കെ എം മാണിയുടെ മനസറിഞ്ഞ് നടത്തിയ രാഷ്ട്രീയ നീക്കത്തിലൂടെ യു ഡി എഫ് കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പെട്ടിയിലാക്കിയതോടെ അതുവരെ ഇടതുപക്ഷത്തിനുണ്ടായിരുന്ന മുന്‍തൂക്കങ്ങളില്‍ കാര്യമായ വിള്ളല്‍ വീണിരുന്നു. മറുകണ്ടം ചാടിയത് ഇടതുപക്ഷം ഉറപ്പിച്ചിരുന്ന പിന്തുണയായിരുന്നു.

ഉമ്മന്‍ചാണ്ടിക്ക് പരിചയപ്പെടുത്തണോ ഓര്‍ത്തഡോക്സുകാരെ !

അതിനു പിന്നാലെയാണ് ഓര്‍ത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം സഭയായ ഓര്‍ത്തഡോക്സ് സഭയുടെ അടിത്തട്ട് മുതല്‍ വന്‍ ഓപ്പറേഷനാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

മണ്ഡലത്തില്‍ വോട്ട് ബാങ്കുകളുള്ള കുടുംബങ്ങളെ വരെ നേരിട്ട് ബന്ധപ്പെട്ട് പിന്തുണ ഉറപ്പാക്കിയാണ് യു ഡി എഫ് നീക്കം. ഭദ്രാസനത്തിന്റെ മനസ് ആര്‍ക്കും അടിയറവ് വച്ചിട്ടില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഇന്നലത്തെ വിവാദങ്ങളിലൂടെ ഭദ്രാസനം പുറത്ത് വിട്ടിരിക്കുന്നത്.

ഈ സംഭവ വികാസങ്ങള്‍ ഇടതുപക്ഷ ക്യാമ്പുകളെ വല്ലാതെ ഉലച്ചെന്നതിന് തെളിവാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയുള്ള പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

publive-image

തുടക്കം മുതല്‍ നേടിയ മുന്‍തൂക്കം സജി ചെറിയാന്റെ ആത്മവിശ്വാസം !

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ നേടിയ മുന്‍തൂക്കം പിന്നീടുണ്ടായ ഒരു ഘട്ടത്തിലും നിലനിര്‍ത്താന്‍ യു ഡി എഫിനായിരുന്നില്ല. തുടക്കത്തില്‍ പിന്നിലായിരുന്ന ഇടതുപക്ഷം അതോടെ പ്രചരണത്തില്‍ വന്‍ മുന്നേറ്റം നടത്തി. ചിട്ടയായും ക്രമപ്രകാരമുള്ളതുമായ ഇലക്ഷന്‍ തന്ത്രങ്ങളാണ് ഇടതുപക്ഷ ക്യാമ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയും കോടിയേരിയും വി എസും തുടങ്ങിയ മുന്‍നിര നേതാക്കള്‍ പ്രചരണത്തില്‍ നിറഞ്ഞു നിന്നു. അതിനിടയിലും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചില കടുത്ത നിലപാടുകള്‍ കെ എം മാണിയെ പിണക്കുന്നതായി. തൊട്ടു പിന്നാലെ വി എസും മാണിക്കെതിരെ ആഞ്ഞടിച്ചതോടെ വീണുകിട്ടിയ അവസരം കോണ്‍ഗ്രസ് നേതാക്കള്‍ തന്ത്രപരമായി മുതലാക്കി.

publive-image

യു ഡി എഫില്‍ കളം എടുത്ത് മറിച്ചത് ഉമ്മന്‍ചാണ്ടി എഫക്റ്റ്

പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളിലൊഴികെ യു ഡി എഫ് ക്യാമ്പുകള്‍ തണുപ്പന്‍ ശൈലിയിലേക്ക് മാറി.  പിന്നോട്ട് പോയെന്ന് അവര്‍ തന്നെ പറഞ്ഞു തുടങ്ങി. എല്ലാത്തിനും കാരണമായി ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യവും.

എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ യു ഡി എഫ് ക്യാമ്പില്‍ സംഭവിച്ചത് വന്‍ മുന്നേറ്റമാണ്. ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിനുള്ള ചുക്കാന്‍ ഏറ്റെടുത്തു. എ കെ ആന്റണിയും രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും പി കെ കുഞ്ഞാലിക്കുട്ടിയും ചെങ്ങന്നൂരിലേക്ക് താമസം മാറ്റി.

രാഷ്ട്രീയ നീക്കങ്ങളില്‍ പ്രത്യേക വിരുത് സ്വായത്തമാക്കിയ കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കൈകോര്‍ത്തതോടെ ഇടതുപക്ഷം ഉറപ്പിച്ച പല കോട്ടകളിലും വ്യക്തമായ വിള്ളലുകള്‍ രൂപപ്പെട്ടു.

publive-image

സമുദായ വോട്ടുകളില്‍ നടക്കുന്നത് വന്‍ അട്ടിമറി

എന്‍ ഡി എയും ബി ഡി ജെ എസും പിണങ്ങിയപ്പോള്‍ സന്തോഷിച്ചത് ശരിക്കും ഇടതുപക്ഷവും സജി ചെറിയാനുമാണ്. പക്ഷെ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. എസ് എന്‍ ഡി പി ക്യാമ്പുകള്‍ അങ്ങനെ ആരെയും തുറന്നു പിന്തുണയ്ക്കാന്‍ തയാറാകാതെ വന്നതോടെ ശാഖകള്‍ കേന്ദ്രീകരിച്ചുള്ള ഓപ്പറേഷനുകളിലായി യു ഡി എഫിന്റെ ശ്രദ്ധ.

എന്‍ എസ് എസ് സമദൂരമാണ് പറയുന്നതെങ്കിലും ഹിന്ദു സമുദായത്തില്‍ ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനുള്ള സ്വാധീനം പറഞ്ഞറിയിക്കേണ്ടതില്ല. അതിനാല്‍ അവിടെയും യു ഡി എഫ് നിരാശയ്ക്ക് വകയില്ല.

ഇന്ധനവിലക്കയറ്റം പാരയാകുമോ ?

സര്‍ക്കാരിനോടും ഇന്ധന വിലക്കയറ്റത്തോടുമുള്ള ജനങ്ങളുടെ പ്രതികരണം ബി ജെ പിയ്ക്കും ഇടതുപക്ഷത്തിനും ഒരേപോലെ തലവേദനയാണ്. അതറിഞ്ഞു തന്നെയാണ് ഇന്ധന വിലക്കയറ്റത്തിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യ൦ ആലോചിക്കാമെന്നു മന്ത്രി തോമസ്‌ ഐസക് പറഞ്ഞത്.

പെട്രോളിന് 82 രൂപ വില കൊടുക്കുമ്പോള്‍ അതില്‍ 13 രൂപയോളം കിട്ടുന്നത് സംസ്ഥാന ഖജനാവിനാണ്. കഴിഞ്ഞ രണ്ടു വര്‍ഷവും അതില്‍ നിന്നും 5 പൈസ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതിന്റെ പ്രതിഷേധം ജനങ്ങളില്‍ സ്വാഭാവികമാണ്.

publive-image

കലാശക്കൊട്ടിന് മുമ്പൊരു ഗവര്‍ണര്‍ പദവി !

പ്രചരണത്തിന്റെ അന്തിമ ഘട്ടത്തില്‍ സംസ്ഥാന ബി ജെ പിയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയതാണ് ഒരു ഗവര്‍ണര്‍ പദവി. അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പ്രചരണം നയിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അങ്ങനെ ഇന്നലെ രാത്രിയോടെ പൊടുന്നനെ നിയുക്ത ഗവര്‍ണറായി. ആ ആവേശം ഒട്ടും ചോരാതെ തന്നെയാണ് രാവിലെ ശ്രീധരന്‍പിള്ളയും ബി ജെ പി പ്രവര്‍ത്തകനും മണ്ഡലത്തില്‍ നിറഞ്ഞത്.

വിജയത്തില്‍ കുറഞ്ഞതൊന്നും ബി ജെ പിയുടെ അവകാശവാദത്തിലുമില്ല. ഇതിനിടെ ഇടത് പക്ഷത്തിന് പിന്തുണയുമായി സാക്ഷാല്‍ പി സി ജോര്‍ജ്ജ് രംഗത്ത് വന്നിരുന്നു. ആ വോട്ടുകളുടെ വില അറിയാത്തതിനാലാണോ എന്തോ അതിനെ സ്വാഗതം ചെയ്യാനോ സ്വീകരിക്കാനോ ആരും മുന്നോട്ട് വന്നു കണ്ടതുമില്ല.

അദ്ദേഹത്തോട് ആരും പിന്തുണ അഭ്യര്‍ഥിച്ചു കേട്ടതുമില്ല. എങ്കിലും അദ്ദേഹത്തിന്‍റെ മാന്യതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നു മാത്രം. അതിന്റെ അലയടികള്‍ ചെങ്ങന്നൂരില്‍ മുഴങ്ങാതിരിക്കില്ല.

ഇനി വൈകിട്ട് അഞ്ച് മണിക്ക് പ്രചരണം സമാപിക്കും. നാളെ ശബ്ദമുണ്ടാക്കാതെ പ്രചരണം നടത്താം. മറ്റന്നാള്‍ വോട്ട് പെട്ടിയില്‍ വീഴും. പിന്നെ വിധിയായി.

chengannur byelection
Advertisment