Advertisment

പാര്‍ട്ടി കോണ്‍ഗ്രസ് കെ ഇ ഇസ്മയിലിനെ കൈവിട്ടാല്‍ അഭയം നല്‍കാനൊരുങ്ങി സിപിഎം ? ഇസ്മയിലിന്റെ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തില്‍ ആശങ്കയോടെ കാനം പക്ഷവും ?

New Update

publive-image

Advertisment

കൊല്ലം:  സി പി ഐയുടെ 23 -)൦ പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് നടക്കുമ്പോള്‍ സമ്മേളനത്തില്‍ വാര്‍ത്തകളുടെ കേന്ദ്ര ബിന്ദുവാകുന്നത് ദേശീയ കൗണ്‍സില്‍ അംഗം കെ ഇ ഇസ്മയിലാണ്. ഇസ്മയിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള പോരാണ് പാര്‍ട്ടി കോണ്‍ഗ്രസിലും പ്രധാന വില്ലനാകുന്നത്.

സി പി എമ്മിനെതിരെ കടുത്ത നിലപാട് കൈക്കൊള്ളുന്ന കാനം രാജേന്ദ്രനും വല്ല്യേട്ടനോട് മൃദുസമീപനം പുലര്‍ത്തുന്ന കെ ഇ ഇസ്മയിലുമാണ് പരസ്പരം പോരടിക്കുന്നത്. ഇസ്മയിലിനെ പുതുമുഖങ്ങളുടെ പ്രാതിനിധ്യം ഉയര്‍ത്തി പരമോന്നത സമിതിയായ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് തെറിപ്പിക്കുകയാണ് കാനം ലക്‌ഷ്യം വയ്ക്കുന്നത്.

publive-image

അതേസമയം, ഏത് വിധേനയും ദേശീയ കൌണ്‍സിലില്‍ തുടരുകയെന്നതും സംസ്ഥാന ഘടകത്തില്‍ കാനത്തിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുകയുമാണ്‌ ഇസ്മയിലിന്റെ ലക്‌ഷ്യം.

സംഘടനാ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ കാനം രാജേന്ദ്രനെക്കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നാണ് ഇസ്മയില്‍ പക്ഷം പ്രചരിപ്പിക്കുന്നത്. അഹംഭാവം, പദവി മോഹം, ഇഷ്ടാനിഷ്ടങ്ങള്‍, ചില സഖാക്കളോടുള്ള വൈരാഗ്യ ബുദ്ധി എന്നിവയാണ് റിപ്പോര്‍ട്ടില്‍ നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനം. കാനത്തിന്റെ അപ്രമാദിത്യത്തിന് വിലങ്ങിടാന്‍ ഇതുപകരിക്കുമെന്നാണ് ഇസ്മയിലിന്റെ പ്രതീക്ഷ.

അതേസമയം, ഓരോ സമിതിയിലും പുതിയതായി 20 % പുതുമുഖങ്ങളെ നിയമിക്കണമെന്ന വ്യവസ്ഥ ഇസ്മയിലിനെതിരെ ആയുധമാക്കാനാണ് കാനത്തിന്റെ നീക്കം. 31 അംഗ ദേശീയ സമിതിയില്‍ കാനം, പന്ന്യന്‍ രവീന്ദ്രന്‍, ഇസ്മയില്‍, ബിനോയ്‌ വിശ്വം എന്നിവരാണ് കേരള അംഗങ്ങള്‍.

publive-image

ഇതില്‍ 6 പേരെ മാറ്റി പുതിയവരെ ഉള്‍പ്പെടുത്തണം. അതില്‍ കേരളത്തില്‍ നിന്നൊരാള്‍ മാറാന്‍ പറഞ്ഞാല്‍ സീനിയറായ ഇസ്മയിലിന് പിടിവീഴും. അതൊഴിവാക്കാന്‍ അദ്ദേഹം ദേശീയ നേതൃത്വത്തെയും കൂട്ടുപിടിച്ചിട്ടുണ്ട്.

അതേസമയം, രണ്ടും കല്പിച്ചുള്ള ഇസ്മയിലിന്റെ പോരാട്ടമാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്ന ഘടകം. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും കാനത്തിനൊപ്പം നില്‍ക്കുമ്പോഴും ശുഷ്കമായ ന്യൂനപക്ഷത്തെ പിടിച്ചുള്ള ഇസ്മയിലിന്റെ പോരാട്ടം പലതും മനസ്സില്‍ കണ്ടാണെന്ന സംശയമാണ് ഉയരുന്നത്.

publive-image

സ്വന്തം പാര്‍ട്ടി കൈവിട്ടാല്‍ ഇസ്മയിലിനെ സംരക്ഷിച്ചുകൊള്ളാമെന്ന് സി പി എം വാക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്മയിലിനെ സംബന്ധിച്ചും അതാണ്‌ ലാഭം.

സി പി ഐയില്‍ ഇതില്‍ കവിഞ്ഞൊരു ഭാവി ഇസ്മയിലിന് ലഭിക്കാനില്ല. മൂന്ന്‍ തവണ മത്സരിച്ച് അവസാന രണ്ടു തവണയും തോറ്റ ഇസ്മയിലിന് ഇനി മത്സരിക്കാന്‍ അവസരം ലഭിക്കില്ല. മന്ത്രിയും രാജ്യസഭാംഗവുമായിരുന്നതിനാല്‍ ആ നിലയ്ക്കും സാധ്യതയില്ല.

ആകെയുള്ള പ്രതീക്ഷ ദേശീയ ഭാരവാഹിത്വത്തിലെത്തി ഡെപ്യൂട്ടി സെക്രട്ടറിയോ, സെക്രട്ടറിയോ ആകുക, അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടറിയാകുക. ഇത് രണ്ടിനുമുള്ള ഭൂരിപക്ഷം ഇസ്മയിലിന് ഇന്നത്തെ നിലയില്‍ പാര്‍ട്ടിയിലില്ല.

publive-image

അതേസമയം, സി പി എമ്മിലെത്തിയാല്‍ ഇസ്മയിലിന് അവസരങ്ങള്‍ ഏറെയാണ്‌. പഴയ പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലേതിലെങ്കിലും ഇസ്മയിലിന് മത്സരിക്കാം. മുതിര്‍ന്ന നേതാവെന്ന പരിഗണനയും ഉറപ്പ്.

അതിനാല്‍ തന്നെ രണ്ടും കല്പ്പിച്ചാണ് ഇസ്മയില്‍ എന്ന ആശങ്കയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇസ്മയിലിനെ പരമാവധി സംരക്ഷിച്ച് നിര്‍ത്താനും ദേശീയ നേതൃത്വം ശ്രമിക്കും.

kanam ke ismail
Advertisment