Advertisment

മാണി ഇടത് മുന്നണിയിലേക്ക് പോയാല്‍ പി ജെ ജോസഫ് വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കാന്‍ സാധ്യത. ജോസഫും ഉമ്മന്‍ചാണ്ടിയുമായി ധാരണയായതായി റിപ്പോര്‍ട്ട് ! ജോസഫിന്റെ താല്പര്യങ്ങള്‍ കോണ്‍ഗ്രസ് സംരക്ഷിക്കും !

New Update

ഇടുക്കി:  കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ചേര്‍ന്നാല്‍ പി ജെ ജോസഫും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ജോസഫ് ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിക്കാനില്ലെന്നും കോണ്‍ഗ്രസില്‍ ലയിക്കുകയായിരിക്കും ഉചിതമെന്നും ജോസഫ് ഒപ്പമുള്ളവരോട് സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

വളരെ മുമ്പ് തന്നെ ജോസഫ് ഉമ്മന്‍ചാണ്ടിയുമായും രമേശ്‌ ചെന്നിത്തലയുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ജോസഫിനൊപ്പമുള്ള ഏക എം എല്‍ എ മോന്‍സ് ജോസഫും യു ഡി എഫ് അനുഭാവികളാണ്. ഈ സാഹചര്യത്തില്‍ മോന്‍സും ജോസഫിന്റെ പാത പിന്തുടരാനാണ് സാധ്യത.

ജോസഫിനും ജോസഫിനൊപ്പം വരുന്നവര്‍ക്കും മികച്ച പരിഗണന നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച നിയമസഭാ സീറ്റുകള്‍ ജോസഫ് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് തന്നെ നല്‍കും.

publive-image

ഒരു പാര്‍ലമെന്റ് സീറ്റ് ജോസഫ് നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് നല്‍കണമെന്ന ആവശ്യം ഉണ്ടെങ്കിലും ഇത് കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ല. കാരണം ജോസഫിന്റെ സ്വാധീന മേഖലയായ ഇടുക്കിയില്‍ ഇപ്പോള്‍ തന്നെ സ്ഥാനാര്‍ഥി മോഹികളുടെ ഇടിയാണ്.

കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് പോകുന്നതിനെ പി ജെ ജോസഫ് അനുകൂലിക്കില്ല. ജോസഫിനെ സംബന്ധിച്ച് ഒരിക്കല്‍ പോയി തിരികെ പോന്ന ഇടതുമുന്നണിയിലേക്ക് വീണ്ടും കയറി ചെല്ലുകയെന്നത് ആലോചിക്കാവുന്ന കാര്യമല്ല. മോന്‍സ് ജോസഫിന്റെ സ്ഥിതിയും അത് തന്നെയാണ്.

അതേസമയം, മാണി അത്തരമൊരു തീരുമാനമെടുത്താല്‍ ജോസഫ് ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിച്ച് കേരളാ കോണ്‍ഗ്രസായി തുടരാന്‍ ജോസഫിനെ ആരോഗ്യം അനുവദിക്കുന്നില്ല. അത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന നിലപാടിലാണ് ജോസഫ്.

publive-image

പകരം കോണ്‍ഗ്രസില്‍ ലയിക്കുന്നതോടെ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നതാണ് ജോസഫിന്റെ കണക്കുകൂട്ടല്‍. അതിനുള്ള ഉറപ്പും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ജോസഫ് വാങ്ങിയിട്ടുണ്ട്.

മാണി ഇടത് മുന്നണിയില്‍ പോയാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ തിരികെ യു ഡി എഫിലെത്തിച്ച് കേരളാ കോണ്‍ഗ്രസ് (ജെ) യില്‍ ലയിപ്പിക്കാനായിരുന്നു ആദ്യമുണ്ടായിരുന്ന നീക്കം. എന്നാല്‍ അനാരോഗ്യം മൂലം അത്തരം നീക്കങ്ങള്‍ക്കില്ലെന്നാണ് ജോസഫിന്റെ നിലപാട്.

publive-image

<ഞായറാഴ്ച തൊടുപുഴയില്‍ നടന്ന സര്‍വ്വകക്ഷി അനുസ്‌മരണ സമ്മേളനത്തില്‍ പി.ജെ. ജോസഫ്‌ സംസാരിക്കുന്നു>

ഞായറാഴ്ച തൊടുപുഴയില്‍ നടന്ന കോണ്‍ഗ്രസിന്റെ മുന്‍ നഗരസഭാ ചെയര്‍മാന്റെ അനുരഞ്ജന പരിപാടിയില്‍ ജോസഫ് പങ്കെടുത്തിരുന്നു.

അതേസമയം, മാണി യു ഡി എഫിലേക്ക് മടങ്ങാനാണ് തീരുമാനിക്കുന്നതെങ്കില്‍ ജോസഫ് മാണിക്കൊപ്പം തന്നെ തുടരും. യു ഡി എഫിലും കോണ്‍ഗ്രസിലും രാഹുല്‍ ശൈലിയില്‍ നേതൃമാറ്റം ഉണ്ടാവുകയും യു ഡി എഫ് ശക്തമാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാണിയും മുന്നണിമാറ്റത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് തയാറായേക്കും എന്നാണു സൂചന.

publive-image

ഇടത് മുന്നണി സര്‍ക്കാര്‍ ദിനംതോറും പ്രതിശ്ചായ മോശമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടത് മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനം പാടുള്ളൂ എന്ന അഭിപ്രായമുള്ളവര്‍ മാണി ഗ്രൂപ്പിലുമുണ്ട്.

 

pj joseph km mani umman chandy kerala congress mons joseph
Advertisment