Advertisment

മാണി യുഡിഎഫിലെത്തിയപ്പോള്‍ പെട്ടുപോയത് ജോസഫ് - ഫ്രാന്‍സിസ് ജോര്‍ജ്ജ് - ഉണ്ണിയാടന്‍ കൂട്ടുകെട്ട് ! വാക്ക് നല്‍കിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ യു ഡി എഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം തുടങ്ങി ?

New Update

publive-image

Advertisment

കോട്ടയം:  കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു ഡി എഫില്‍ മടങ്ങിയെത്തിയപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ എന്ത് ചെയ്യുമെന്നറിയാതെ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പാര്‍ട്ടിയുമായി 95 ശതമാനവും ധാരണയിലെത്തിയിരുന്ന സാഹചര്യത്തില്‍ ആ പാര്‍ട്ടിയെ പെരുവഴിയിലാക്കരുതെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിന്.

എന്നാല്‍ മാണി യു ഡി എഫിലെത്തിയതോടെ വീണ്ടുമൊരു കേരളാ കോണ്‍ഗ്രസിനെ യു ഡി എഫില്‍ ഉള്‍ക്കൊള്ളിക്കാന്‍ കോണ്‍ഗ്രസിന് പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. മാണിയുടെ എതിര്‍പ്പ് തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും കൂട്ടരെയും മടക്കിക്കൊണ്ടുവരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയത്.

publive-image

ലക്‌ഷ്യം വച്ചത് പി ജെ ജോസഫ് - ഫ്രാന്‍സിസ് ജോര്‍ജ്ജ് - തോമസ്‌ ഉണ്ണിയാടന്‍ സഖ്യം

മാണി എല്‍ ഡി എഫിലേക്ക് പോയാല്‍ പകരം പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ പഴയ ജോസഫ് ഗ്രൂപ്പിനെ ശക്തമായ കേരളാ കോണ്‍ഗ്രസാക്കി യു ഡി എഫില്‍ തിരികെയെത്തിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയതും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും നേരിട്ടായിരുന്നു.

പി ജെ ജോസഫും മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ്ജും ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയിരുന്നതായാണ് സൂചന. മാത്രമല്ല, മാണി ഗ്രൂപ്പില്‍ നിന്നുള്ള തോമസ്‌ ഉണ്ണിയാടന്‍ ഉള്‍പ്പെടെയുള്ള അസംതൃപ്ത വിഭാഗവുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. മാണി മുന്നണി വിട്ടാല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗവും ജോസഫിനൊപ്പം ചേരാനായിരുന്നു ധാരണ.

ഉണ്ണിയാടന് പുറമേ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്‌, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചന്‍, ബെന്നി കക്കാട് എന്നിവരെയായിരുന്നു ഈ വിഭാഗത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.

publive-image

കള്ളി പുറത്തായത് ഉണ്ണിയാടന്റെ അന്തിചര്‍ച്ച ! 

ഈ മാണി വിഭാഗം നേതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം വൈകുന്നേരം പുറപ്പുഴയില്‍ പി ജെ ജോസഫിന്റെ വീട്ടില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കെത്തുകയും ഇവരെത്തിയതറിഞ്ഞ് ജില്ലയില്‍ മാണിയുടെ വിശ്വസ്തനായ ജില്ലാ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ പി ജെയുടെ വീട്ടിലെത്തി ഈ നേതാക്കളെ കയ്യോടെ 'പൊക്കുകയും' ചെയ്തിരുന്നു.

അങ്ങനെയാണ് ഉണ്ണിയാടന്‍ ഗ്രൂപ്പിന്റെ കള്ളക്കളി വെളിച്ചത്തായത്. എന്നാല്‍ മാണി യു ഡി എഫ് വിട്ടാല്‍ ഈ നേതാക്കളും യു ഡി എഫില്‍ തുടരുന്ന ജോസഫ് ഗ്രൂപ്പിനൊപ്പം ചേരാന്‍ ധാരണയിലെത്തിയിരുന്നു.

ഒപ്പം ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ അതേപടി തിരികെയെത്തിക്കാനായിരുന്നു നീക്ക൦. അതോടെ പഴയ ജോസഫ് ഗ്രൂപ്പ് ഒരു പോറല്‍ പോലും ഏല്‍ക്കാതെ പുനരുജ്ജീവിപ്പിക്കപ്പെടും. ഒപ്പം ഒരു മുന്‍ ക്യാബിനറ്റ് റാങ്കുകാരനായ തോമസ്‌ ഉണ്ണിയാടന്‍ ഉള്‍പ്പടെയുള്ള മാണി വിഭാഗം കൂടി ചേരുന്നതോടെ ജോസഫ് ഗ്രൂപ്പ് പൂര്‍വ്വാധികം ശക്തിപ്പെടുകയും ചെയ്യുമായിരുന്നു.

publive-image

ജോസഫിന്റെ കള്ളി പൊളിച്ചത് ജോസ് കെ മാണി

ഈ ഗൂഡനീക്കം തിരിച്ചറിഞ്ഞ് തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തിയത് ജോസ് കെ മാണിയാണ്. അദ്ദേഹം ഇരുചെവിയറിയാതെ പി കെ കുഞ്ഞാലിക്കുട്ടിയെ കൂട്ടുപിടിച്ച് ഡല്‍ഹിയില്‍ എ ഐ സി സി നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് നടത്തിയ നീക്കങ്ങളാണ് പുതിയ പരിസമാപ്തിയിലെത്തിയത്.  ഇതോടെ സത്യത്തില്‍ വെട്ടിലായത് ജോസഫ് ഗ്രൂപ്പും ഫ്രാന്‍സിസ് ജോര്‍ജ്ജിന് യു ഡി എഫിലേക്ക് പരവതാനി വിരിച്ച കോണ്‍ഗ്രസ് നേതാക്കളുമാണ്.

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും കൂട്ടരുടെയും നീക്കങ്ങള്‍ ഇതിനിടെ എല്‍ ഡി എഫും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിനാലാണ് ഇവര്‍ക്ക് ഇടത് മുന്നണി കാര്യമായ പരിഗണന നല്‍കാതിരുന്നത്. അതേസമയം യു ഡി എഫ് ഇവരെ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്.

അതിനാലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും കൂട്ടരെയും മടക്കിക്കൊണ്ടുവരണമെന്ന് വാഴയ്ക്കന്‍ നിലപാട് സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ മറ്റ്‌ കോണ്‍ഗ്രസ് നേതാക്കളും ഈ ആവശ്യം മുന്നോട്ട് വച്ചേക്കും.

publive-image

വെട്ടിലായതില്‍ പ്രധാനി പി ജെ ?

മാണിയെ ചതിക്കാന്‍ കരുക്കള്‍ നീക്കിയ പി ജെ ജോസഫിന് പറ്റിയ അബദ്ധം ഇനി മാണി ഗ്രൂപ്പിലെ വിലപേശല്‍ശേഷി കൈമോശം വന്നെന്നതാണ്. അതിനാല്‍ തന്നെ ലോക്സഭാ സീറ്റ് ഉള്‍പ്പെടെ ഇനി ജോസഫ് ഗ്രൂപ്പിന് കിട്ടില്ല !

kerala congress m kottayam dcc
Advertisment