Advertisment

എ'യില്‍ നിന്നെത്തി ഐ'യെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചത് ഹസ്സന് വിനയായി. ചാരക്കേസ് പ്രസ്താവനയോടെ എ'യുടെ അതൃപ്തിയും ക്ഷണിച്ചുവരുത്തി. ആര്‍ക്കും താല്‍പര്യമില്ലാതെ ജനമുന്നേറ്റ യാത്ര തുടങ്ങിയത് പ്രസിഡന്റ് പദവിയില്‍ എങ്ങനെയും കടിച്ചുതൂങ്ങാന്‍. യാത്ര അവസാനിക്കും മുമ്പ് പുതിയ അധ്യക്ഷന്‍റെ കാര്യത്തിലും തീരുമാനമായി. ഒടുവില്‍ എം എം ഹസ്സന് ഗത്യന്തരമില്ലാതെ പടിയിറക്കം

New Update

publive-image

Advertisment

തിരുവനന്തപുരം:  ഒരു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സംസ്ഥാന ജാഥ നയിക്കുമ്പോള്‍ അദ്ദേഹത്തെ മാറ്റാന്‍ ആ പാര്‍ട്ടി ചര്‍ച്ച നടത്തുന്നത് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാകാം. അത്തരമൊരു സാഹചര്യത്തെയാണ് കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍ അഭിമുഖീകരിച്ചിരിക്കുന്നത്.

യാത്ര പാതിവഴിയിലെത്തിയപ്പോഴേ അദ്ദേഹത്തെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. പുതിയ ആളുടെ കാര്യത്തില്‍ തീരുമാനവുമായി ആ നടപടി ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്.

publive-image

എന്തായാലും ഈ ചര്‍ച്ചയുടെ വിവരം പുറത്തായതോടെ എം എം ഹസ്സന്‍ നയിക്കുന്ന ജനമുന്നേറ്റ യാത്ര ഗ്യാസ് അഴിച്ചുവിട്ടപോലെ ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രവര്‍ത്തകര്‍ക്ക് ആവേശം തീരെയില്ലാതായി. ഒടുവില്‍ എതിലൂടെയൊക്കെയോ സഞ്ചരിച്ച് യാത്ര തലസ്ഥാനത്തെത്തിയിരിക്കുന്നു.

ഹസ്സന്റെ യാത്രയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോലും വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കാതിരിക്കാന്‍ കാരണമുണ്ട്. ആരുടേയും താല്പര്യം കണക്കിലെടുക്കാതെ ഏത് വിധേനയും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കടിച്ചു തൂങ്ങാന്‍ ഹസ്സന്‍ കണ്ടെടുത്ത മാര്‍ഗ്ഗമായിരുന്നു യാത്രയെന്നാണ് ആരോപണം.

publive-image

പ്രതിപക്ഷ നേതാവ് നയിച്ച യാത്ര കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിയും മുമ്പേ എന്തിനാണ് കെ പി സി സി പ്രസിഡന്റ് ഈ പണിയുമായി ഇറങ്ങിത്തിരിച്ചതെന്നാണ് ഐ ഗ്രൂപ്പിന്റെ ചോദ്യം. എ ഗ്രൂപ്പിനും ഹസ്സനോട് താല്പര്യമില്ലാതായെന്നതും പരസ്യമായ രഹസ്യം.

പല തവണ അസംബ്ലി സീറ്റ് നിഷേധിക്കപ്പെട്ട എം എം ഹസ്സന് അതിനു പകരമായിട്ടായിരുന്നു എ ഗ്രൂപ്പ് കെ പി സി സി അധ്യക്ഷ പദവി നല്‍കിയത്. എന്നാല്‍ പദവിയിലെത്തിയ ശേഷം എങ്ങനെയും ഐ ഗ്രൂപ്പിനെ പ്രീണിപ്പിച്ച് പദവിയില്‍ തുടരാനായി ഹസ്സന്റെ നീക്കം. അതിനെ ഐ ഗ്രൂപ്പ് നന്നായി മുതലെടുക്കുകയും ചെയ്തു.

അതോടെ എ ഗ്രൂപ്പ് തെറ്റി. ചാരക്കേസിനെ സംബന്ധിച്ച് ഹസ്സന്റെ അനവസരത്തിലെ പ്രസ്താവന എയെ പിണക്കി. എങ്കിലും ആ നീരസം പുറത്ത് കാണിക്കാതെ അവര്‍ ആ വിവാദത്തില്‍ നിന്ന് തലയൂരി. പക്ഷെ ഹസനോടുള്ള ആത്മാര്‍ഥത എ ഗ്രൂപ്പിനും ഉമ്മന്‍ചാണ്ടിയ്ക്കും ഇല്ലാതായി. എയും കൈവിട്ടതോടെ ഹസ്സനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞ ചെന്നിത്തലയും ഐ ഗ്രൂപ്പും ഹസനെ തഴഞ്ഞു.

publive-image

ഇതിനിടയില്‍ മുമ്പ് ഫയലിലെ മന്ത്രിയായിരുന്ന കാലത്തെ നാറിയ വിവാദം ഉയര്‍ന്നു വന്നെങ്കിലും അത് ഒതുങ്ങി. ഇതോടെ പാര്‍ട്ടിയില്‍ ആരുടേയും പിന്തുണയില്ലാത്ത അവസ്ഥയിലായി ഹസന്‍. ഇതിനിടെയിലാണ് ഹസ്സന്‍ ജനമുന്നേറ്റ യാത്ര പ്രഖ്യാപിച്ചത്.

ആര്‍ക്കും അതിനോട് താല്പര്യമില്ലായിരുന്നെങ്കിലും പ്രസിഡന്റ് ഒരു യാത്ര നടത്തിയേ മതിയാകൂ എന്ന ഒറ്റ വാശിയില്‍ ഉറച്ച് നിന്നതോടെ, എന്നാല്‍ ആയിക്കോട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു എ'യും ഐ'യും.

ആ താല്പര്യമില്ലായ്മ യാത്രയിലുടനീകം നിഴലിച്ചു നിന്നെന്നതും സത്യമാണ്. അതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും പുതിയ കെ പി സി സി അധ്യക്ഷനെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണ്ണായക നീക്കമുണ്ടായത്. ഇതിനിടെയില്‍ പുതിയ അധ്യക്ഷന്‍റെ പേരില്‍ തീരുമാനമായി.

publive-image

മുല്ലപ്പള്ളി രാമചന്ദ്രനാണ് സാധ്യതയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. അദ്ദേഹം എന്ന് ചുമതലയേല്‍ക്കും എന്ന കാര്യത്തിലെ തര്‍ക്കമുള്ളൂ.

ഇതിനിടയില്‍ ഒരു കാര്യത്തില്‍ ഹസന് ആശ്വസിക്കാം. ജനമുന്നേറ്റ യാത്രയ്ക്കിടെ പുതിയ അധ്യക്ഷന്‍റെ പേര് പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി ആലോചിച്ചിരുന്നതാണ്. അത് ഉമ്മന്‍ചാണ്ടി ഇടപെട്ട് തടഞ്ഞു. അല്ലായിരുന്നെങ്കില്‍ മഹാ നാണക്കേടായി അത് മാറുമായിരുന്നു.

congress kpcc mm hassan
Advertisment