Advertisment

പത്തനംതിട്ട സീറ്റിനായി പി ജെ കുര്യന്‍ രംഗത്ത്. സംസ്ഥാന രാഷ്ട്രീയം മലക്കം മറിഞ്ഞാല്‍ രമേശ്‌ ചെന്നിത്തലയും സ്ഥാനാര്‍ഥിയായേക്കും. ആന്‍റോ ആന്റണിയുടെ സാധ്യത മങ്ങുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിപിഎം സ്ഥാനാര്‍ഥിയാകാനും സാധ്യതയേറെ ?

New Update

publive-image

Advertisment

പത്തനംതിട്ട:  യു ഡി എഫിന്റെ കോട്ടയായ പത്തനംത്തിട്ട ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനം ഇത്തവണ കീറാമുട്ടിയാകുമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു തവണയും പത്തനംതിട്ടയില്‍ നിന്ന് ജയിച്ച ആന്‍റോ ആന്റണിയില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കി മുതിര്‍ന്ന നേതാവ് പ്രൊഫ. പി ജെ കുര്യന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

ആന്‍റോ ആന്റണിയുടെ ജയസാധ്യതയില്‍ കോണ്‍ഗ്രസിന് സംശയമുണ്ടെന്നിരിക്കെ ഇവിടെ മൂന്നാമതൊരു സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസും സജീവമായി പരിഗണിക്കുന്നുണ്ട്. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റം മറിച്ചിലുകളുണ്ടായാല്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ പത്തനംതിട്ട വഴി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്.

publive-image

സംസ്ഥാന നേതൃത്വത്തില്‍ അടിമുടി പരിഷ്കരണത്തിനാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നതെന്നും അതിനാലാണ് പുതിയ കെ പി സി സി അധ്യക്ഷന്റെ പ്രഖ്യാപനം ഉള്‍പ്പെടെ നീളുന്നതെന്നും അഭ്യൂഹം ശക്തമാണ്.

കെ പി സി സി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, യു ഡി എഫ് കണ്‍വീനര്‍ എന്നീ മൂന്ന്‍ പദവികളിലും പുതിയ നേതൃത്വത്തെ കൊണ്ടുവരാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കമെങ്കില്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയേറെയാണ്.

publive-image

ദേശീയ നേതൃത്വം ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ഥി പട്ടികയുമായി പരമാവധി സീറ്റുകള്‍ കരസ്ഥമാക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. അങ്ങനെ വന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി പരിഗണിക്കപ്പെടാവുന്ന മണ്ഡലം പത്തനംതിട്ടയാണ്.

എന്നാല്‍, രാജ്യസഭാംഗത്വം നഷ്ടമായ സാഹചര്യത്തില്‍ തനിക്ക് സീറ്റ് വേണമെന്ന ആവശ്യം പി ജെ കുര്യന്‍ ഹൈക്കമാന്റിന് മുന്നില്‍ ഉന്നയിച്ചുകഴിഞ്ഞു. കിട്ടിയില്ലെങ്കില്‍ കുര്യന്‍ കലാപമുണ്ടാക്കുമെന്നുറപ്പാണ്. അതിനുള്ള സൂചനയാണ് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കുര്യന്‍ നടത്തിയത്.

publive-image

പക്ഷേ, ഹൈക്കമാന്റ് തന്നോട് പഴയ താല്പര്യം ഇല്ലെന്ന കാര്യം കുര്യനറിയാം, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്. കെ പി സി സിയ്ക്ക് ഒട്ടും താല്പര്യമില്ല. അങ്ങനെ വന്നാല്‍ കുര്യന്റെ സ്ഥാനാര്‍ഥി മോഹം പുതിയ കലാപത്തിന് വഴിവയ്ക്കും.  സി പി എമ്മില്‍ നിന്നും ക്ഷണം ലഭിക്കാന്‍ ഇത് അനുകൂല സാഹചര്യം സൃഷ്ടിക്കും എന്ന പ്രതീക്ഷ കുര്യനുണ്ട്.

പത്തനംതിട്ടയില്‍ ഒരു സി പി എം സ്ഥാനാര്‍ഥിയ്ക്ക് സാധ്യതയില്ലെന്ന് നന്നായറിയുന്ന സി പി എം കഴിഞ്ഞ തവണത്തേതുപോലെ ഒരു കോണ്‍ഗ്രസുകാരനെ അവിടെ പരീക്ഷിക്കാന്‍ മടിക്കില്ല. കഴിഞ്ഞ തവണ മുന്‍ ഡി സി സി പ്രസിഡന്റും മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗവുമായിരുന്ന ഫിലിപ്പോസ് തോമസിനെയാണ് പത്തനംതിട്ടയില്‍ സി പി എം സ്ഥാനാര്‍ഥിയാക്കിയത്. ആന്‍റോ ആന്റണിയുടെ ഭൂരിപക്ഷം നല്ല രീതിയില്‍ കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.

publive-image

മാത്രമല്ല, മുന്‍പത്തേതിനേക്കാള്‍ പരിതാപകരമാണ് മണ്ഡലത്തില്‍ ആന്‍റോ ആന്റണിയുടെ സ്ഥിതിയെന്ന വിലയിരുത്തലാണ് പത്തനംതിട്ടയിലെ പാര്‍ട്ടി ഘടകങ്ങള്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും മികച്ച സ്ഥാനാര്‍ഥിയെ ലഭിച്ചാല്‍ ആന്‍റോ ആന്റണിക്കെതിരെ വിജയം നേടാം എന്ന പ്രതീക്ഷ സി പി എമ്മിനുണ്ട്.

അങ്ങനെയെങ്കില്‍ ആന്‍റോയ്ക്ക് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പത്തനംതിട്ടയിലേക്ക് പരിഗണിച്ചേക്കാം. അത് പി ജെ കുര്യനോ രമേശ്‌ ചെന്നിത്തലയോ ആകാം. മൂന്നാമത് മറ്റൊരാളാകാനും സാധ്യതയേറെ.

loksabha election
Advertisment