Advertisment

സ്വകാര്യ ബസ് സമരം: പെർമിറ്റ് റദ്ദാക്കുന്നതടക്ക൦ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍

New Update

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍. സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

Advertisment

ബസ് ഉടമകള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ നീക്കം. ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത കമ്മിഷണറോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു.

publive-image

സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്കാവും ആദ്യം നിര്‍ദേശം നല്‍കുക. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി അതത് സ്ഥലത്തെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും.

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്നലെ കോഴിക്കോട് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്കു രണ്ടു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാത്തതാണു ചർച്ച പരാജയപ്പെടാൻ കാരണം.

വിദ്യാർഥികളുടെ മിനിമം ചാർജിൽ വർധനയില്ലെന്നും മിനിമം ചാർജ് കഴിഞ്ഞു തുടർന്നു വരുന്ന ഫെയർ സ്റ്റേജുകളിൽ മറ്റു യാത്രക്കാർക്കായി നിലവിൽ വർധിപ്പിച്ച മിനിമം ചാർജിന്റെ 25% കൂട്ടാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചെങ്കിലും സമരക്കാർ ഇത് അംഗീകരിച്ചില്ല. സമര രംഗത്തുള്ള സ്വകാര്യ ബസ് ഉടമകളുടെ 12 സംഘടനകളുടെ പ്രതിനിധികളുമായാണു മന്ത്രി ചർച്ച നടത്തിയത്.

Advertisment