Advertisment

വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി. പ്രളയം കഴിഞ്ഞ് ഒരു മാസമായിട്ടും ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല - രമേശ്‌ ചെന്നിത്തല

New Update

കോഴിക്കോട്:  പ്രളയം കഴിഞ്ഞ് ഒരു മാസമായിട്ടും ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഓണത്തിന് മുന്‍പ് ആഗസ്റ്റ് 24 നാണ് ദുരിതാശ്വാസ ക്യാമ്പു വിടുന്നവര്‍ക്ക് പോക്കറ്റ് മണിയായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇപ്പോഴും എല്ലാവര്‍ക്കും അത് കിട്ടിയില്ല - ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

രമേശ്‌ ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്;

മുന്‍കരുതലുകളെടുക്കാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ട് പ്രളയം സൃഷ്ടിച്ച സര്‍ക്കാര്‍ ദുരിതാശ്വ പ്രവര്‍ത്തനങ്ങളേയും അട്ടിമറിച്ചിരിക്കുന്നു. പ്രളയം കഴിഞ്ഞ് ഒരു മാസമായിട്ടും ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയെന്നല്ലാതെ ഒന്നും നടന്നിട്ടില്ല.

ഓണത്തിന് മുന്‍പ് ആഗസ്റ്റ് 24 നാണ് ദുരിതാശ്വാസ ക്യാമ്പു വിടുന്നവര്‍ക്ക് പോക്കറ്റ് മണിയായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇപ്പോഴും എല്ലാവര്‍ക്കും അത് കിട്ടിയില്ല. സി.പി.എമ്മിന് വേണ്ടപ്പെട്ട അനര്‍ഹര്‍ അത് തട്ടിയെടുക്കുകയും ചെയ്തു.

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍മെന്ന് പ്രഖ്യാപിച്ചതും അന്നു തന്നെയാണ്. അതെവിടെ? എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി നല്‍കുമെന്ന് പറഞ്ഞിരുന്നു. അതെവിടെ?

കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. അതിന്റെ ഉത്തരവ് എവിടെ? കടങ്ങള്‍ക്കല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് മോറിട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ മോറിട്ടോറിയമാണ്.

പ്രളയത്തിന്റെ മറവില്‍ പ്‌ളാന്‍ വെട്ടിക്കുറയ്ക്കുന്നു. സംസ്ഥാനത്തിന്റെ പദ്ധതിയും വെള്ളത്തിലായിരിക്കുന്നു. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റമൂലിയായി വച്ചിരുന്ന കിഫ്ബിയേയും പ്രളയം കൊണ്ടു പോയി. കിഫ്ബിയില്‍ ഇപ്പോള്‍ ഒന്നും നടക്കുന്നില്ല. കിപ്ബി ആസ്ഥാന മന്ദിരത്തില്‍ രണ്ടാം നിലയിലും മൂന്നാം നിലയിലും പുതിയ എസി വയ്ക്കുന്നതാണ് ഇപ്പോള്‍ ആകെ നടക്കുന്നത്. പിന്നെ കുറെ ഉദ്യോഗസ്ഥന്മാര്‍ക്ക് കനത്ത ശമ്പളവും നല്‍കുന്നു.

സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഗുണ്ടാപിരിവ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ജീവനക്കാരില്‍ നിന്ന് ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് പിടിച്ചു പറിക്ക് തുല്യമാണെന്നും കൊള്ളയാണെന്നും കോടതി പറഞ്ഞിട്ടും സര്‍ക്കാരിന് ഒരു നാണിമില്ല. തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

ഈ ഗുണ്ടാപിരിവ് ഒത്തൊരുമയോടെയുള്ള ദുരിതാശ്വസ പ്രവര്‍ത്തനത്തിന്റെ അന്തരീക്ഷത്തെ തന്നെ തകര്‍ത്തു. പ്രളയമുണ്ടായപ്പോള്‍ കേരളം ഒത്തൊരുമിച്ചു കൈകോര്‍ത്ത് നില്‍ക്കുന്ന അത്യപൂര്‍വ്വ കാഴ്ച കണ്ടതാണ്. അതിനെയാണ് വിവേക ശൂന്യമായ നടപടികള്‍ വഴി സര്‍ക്കാര്‍ തകര്‍ത്തത്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ശമ്പളം പിടിച്ചു വാങ്ങുന്ന സര്‍ക്കാര്‍ എന്തു കൊണ്ട് ഒരു പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ തയ്യാറാവുന്നില്ല. തുടങ്ങിയത് തന്നെ എന്തിന് പിന്‍ വലിച്ചു. ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കി.

ഇത്രയും വലിയ ദുരന്തത്തിന് ശേഷം സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ഇല്ലാതെ പോയത് പ്രളയത്തോളമുള്ള ദുരന്തമാണ്. മുഖ്യമന്ത്രി ഇല്ലാത്തതു കാരണം ഒന്നും നടക്കുന്നില്ല. പുനരധിവാസത്തിന്റെ രൂപ രേഖ പോലും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ജയരാജന്റെ അദ്ധ്യക്ഷതയില്‍ ഒരു തവണ മന്ത്രിസഭാ ഉപസമിതി കൂടി ചായ കുടിച്ചു പിരിഞ്ഞു. അത്ര തന്നെ.

സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനുള്ള ഉന്നത തല യോഗങ്ങള്‍ എന്തെങ്കിലും വിളിച്ചു കൂട്ടാനോ ചര്‍ച്ച നടത്താനോ കഴിയുന്നുണ്ടോ? പലിശ രഹിത വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബാങ്കുകള്‍ പിന്‍വലിയുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നുണ്ടോ?

ഭരണം എന്നൊന്ന് ഇല്ലാതായിരിക്കുന്നു. ഉത്തരവുകള്‍ ഇറക്കുകയും അത് പിന്‍വലിക്കുകയും മാത്രമാണ് ചെയ്യുന്നത്. സംസ്ഥാന ഭരണ തലത്തില്‍ അരാജകത്വം നിലനില്‍ക്കുന്നു. പ്രളയത്തിന്റെ കാര്യത്തില്‍ സത്യം പുറത്തു വരുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുന്നു. അതിനാലാണ് ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവാത്തത്.

എന്തെല്ലാം കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്ന നാടാണിത്. ഒരു മന്ത്രി ഒരു സ്ത്രീയോട് ഫോണില്‍ രഹസ്യമായി വേണ്ടാതീനം പറഞ്ഞതിനെപ്പറ്റി പോലും ജുഡീഷ്യല്‍ ്അന്വേഷണം നടത്തിയ സര്‍ക്കാരാണിത്. എന്നിട്ടാണോ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും അന്വേഷണം നടത്താതിരിക്കുന്നത്?

കൂട്ടത്തോടെ ഡാമുകളില്‍ നിന്ന് വെള്ളം തുറന്നു വിട്ടതല്ല മഴയാണ് പ്രളയത്തിന് കാരണമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടിയല്‍ മന്ത്രിമാര്‍ സംസ്ഥാന താത്പര്യങ്ങളെ ഹനിക്കുന്നു. പമ്പ , അച്ചന്‍കോവില്‍, വെപ്പാര്‍ നദീസംയോജനത്തെ അനുകൂലിക്കുന്ന തരത്തിലാണ് നിയമന്ത്രി ഉല്‍പ്പെടയുള്ളവര്‍ സംസാരിക്കുന്നത്.

മുല്ലപ്പെരിയാര്‍ കേസില്‍ ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണം എന്നാണ് കേരളം സുപ്രിം കോടതിയില്‍ നല്‍കിയ സത്യ വാങ്മൂലത്തില്‍ പറയുന്നത്. അതേ സമയം നിയമ മന്ത്രി തന്നെ അതിനെ നിഷേധിച്ച് കൊണ്ട് ലേഖനം എഴുതുകയും ചെയ്യുന്നു. ഇത് പരസ്പര വിരുദ്ധമാണ്. മന്ത്രി തന്നെ സംസ്ഥാനത്തിന്റെ വാദത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്.

മാത്രമല്ല അച്ചന്‍ കോവില്‍, മീനച്ചല്‍ എന്നിവയില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് വാട്ടര്‍ കമ്മീഷന്റെ ശുപാര്‍ശ നിയമ മന്ത്രി എ കെ ബാലന്‍ പിന്താങ്ങുന്നു. ഇത് ഇടതു പക്ഷത്തിന്റെ നയമാണോ?

അച്ചന്‍ കോവിലിലും മീനച്ചലാറിലും അണകെട്ടണമെന്ന് കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ നേരത്തെ തന്നെ നിര്‍ദ്ദേശിക്കുകയും സംസ്ഥാനം അത് നിരാകരിക്കുകയും ചെയ്തതാണ്.

പമ്പ അച്ചന്‍ കോവില്‍ വൈപ്പാര്‍ നദീ സംയോജന പദ്ധതിയാണ് ഇതിന് പിന്നില്‍. കേരളം നേരത്തെ നടത്തിയ പഠനത്തില്‍ അച്ചന്‍ കോവിലാറില്‍ അധിക ജലമില്ലന്നും ഡാം നിര്‍മിച്ചാല്‍ കേരളത്തിന്റെ പരിസ്ഥിതിക്കും അവാസ വ്യവസ്ഥതിയ്ക്കും ആഘാതമുണ്ടാക്കുമെന്നും കണ്ടെത്തിയിരുന്നു. ഇതിനെയാണ് അറിഞ്ഞോ അറിയാതെയോ മന്ത്രി എ കെ ബാലന്‍ നിഷേധിക്കുന്നത്.

തല്‍ക്കാലം സ്വന്തം വീഴ്ചയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരും നിയമ മന്ത്രിയും തമിഴ്നാടിന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. ഇത് സംസ്ഥാന താല്‍പര്യങ്ങള്‍രക്കെതിരാണ്.

കക്കി, മണിയാര്‍ എന്നിവടയുടെ സ്യുയിസ് വാല്‍വ് തുറന്നതായി പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പമ്പയാറില്‍ പ്രളയം ഉണ്ടായിടത്തൊക്കെ വന്‍ തോതില്‍ ചെളി അടിഞ്ഞ് കൂടിയതിന് കാരണം ഇതാണ്. മാത്രമല്ല പുറത്ത് പറഞ്ഞതിനെക്കാള്‍ കൂടുതല്‍ വെള്ളം ഡാമുകളില്‍ നിന്ന് തുറന്ന് വിട്ടതായി ആരോപണം ഉണ്ട്. ഒരു ജുഡീഷ്യല്‍ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് പലതും പുറത്തു വരുമെന്നതിനാലാണ്.

Advertisment