Advertisment

ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘ൦. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, കാലു വെട്ടുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികളുടെ മൊഴി. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതികള്‍. അല്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി

New Update

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് പോലീസ്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Advertisment

publive-image

ഇന്നലെ കീഴടങ്ങിയ ആകാശ്, റിജിന്‍ എന്നിവരെ ഇന്ന് കോടതില്‍ ഹാജരാക്കും. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആർഎസ്എസ് പ്രവർത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.

പ്രതികളില്‍നിന്നു നിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കൊലപാതകമെന്നു മൊഴിയിൽ പറയുന്നു. പിടിയിലാകാനുള്ള രണ്ടു പേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളാണെന്നും കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ആക്രമിച്ചതെന്നുമാണു വെളിപ്പെടുത്തൽ.

അതേസമയം, കൊലപാതകത്തില്‍ സി പി എമ്മിന് പങ്കില്ലെന്നും പാര്‍ട്ടിയുടെ അറിവോടെയല്ല ആക്രമണം ഉണ്ടായതെന്നും ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി. എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലില്‍ തന്നെയാണ് അന്വേഷണ സംഘം. ഉന്നത ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആ നിലയ്ക്ക് തന്നെയായിരിക്കും അന്വേഷണം മുന്നോട്ട് പോകുക.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്. വാഗണര്‍ കാറിലാണ് കൊലയാളി സംഘം എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്.

Advertisment