Advertisment

എറണാകുളത്തെ സഹായ മെത്രാനെതിരെ തൊടുപുഴയില്‍ പോസ്റ്റര്‍ പ്രതിഷേധം. തീര്‍ഥാടന കേന്ദ്രത്തിലെ ബിഷപ്പ്: മാര്‍ ജോസ് പുത്തന്‍ വീട്ടിലിന്റെ വിശുദ്ധ കുര്‍ബ്ബാന റദ്ദാക്കിയതായി റിപ്പോര്‍ട്ട് !

New Update

തൊടുപുഴ:  ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിനെതിരെ വിമത ശബ്ദമുയര്‍ത്തിയ എറണാകുളം - അങ്കമാലി രൂപതയിലെ സഹായ മെത്രാന്മാര്‍ക്കെതിരെ അതിരൂപതയ്ക്ക് പുറത്ത് നിന്നും പ്രതിഷേധം തുടരുന്നു.

Advertisment

ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിമത നീക്കത്തില്‍ നിന്നും സഹായ മെത്രാന്മാരും വിമത വൈദികരും പിന്‍വാങ്ങുകയും എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവനയിറക്കുകയും ചെയ്തെങ്കിലും വിമതര്‍ക്കെതിരെയുള്ള വിശ്വാസികളുടെ രോക്ഷത്തിന് ഒരു കുറവും വന്നിട്ടില്ല.

publive-image

തീര്‍ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈന്‍ മേഴ്സി പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടത് എറണാകുളം സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലായിരുന്നു.

എന്നാല്‍ മാര്‍ പുത്തന്‍വീട്ടില്‍ ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനെതിരെ വിശ്വാസികള്‍ ശക്തമായി രംഗത്ത് വരികയും ബിഷപ്പിനെതിരെ പള്ളി മതിലില്‍ വരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

'സഭയേയും വിശ്വാസികളെയും പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ കൂട്ടുനിന്ന മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഞങ്ങള്‍ക്ക് വേണ്ട', 'മാര്‍ പുത്തന്‍വീട്ടില്‍ സഭയിലെ യൂദാസ്', 'സഭാ വിരുദ്ധ ശക്തികളായ എ എം ടിയ്ക്ക് പണവും സഹായങ്ങളും നല്‍കിയ പുത്തന്‍വീട്ടിലിനെ ബഹിഷ്കരിക്കുക' തുടങ്ങിയ പോസ്റ്ററുകളാണ് തൊടുപുഴയില്‍ നിരന്നത്.

 

publive-image

ബിഷപ്പ് എത്തിയാല്‍ തടയുമെന്ന ഭീഷണിയും വിശ്വാസികള്‍ മുഴക്കി. വികാരി ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ്‌ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ സന്ദര്‍ശനം റദ്ദാക്കാന്‍ ഡിവൈന്‍ മേഴ്സി പള്ളി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരസ്യ വിഴുപ്പലക്കലില്‍ നിന്ന് വിമത വൈദികരും മറ്റും പിന്‍വാങ്ങിയെങ്കിലും സുപ്രീംകോടതിയിലുള്‍പ്പെടെ കര്‍ദ്ദിനാളിനെതിരെ നടക്കുന്ന കേസുകള്‍ക്ക് പിന്നില്‍ സഹായ മെത്രാന്മാരുടെ പിന്തുണയുണ്ടെന്നതാണ് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം.

പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന പ്രഖ്യാപനത്തിനു ശേഷവും സുപ്രീംകോടതിയില്‍ കേസ് നല്‍കിയ പരാതിക്കാരനുമായി ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സഹായമെത്രാന്‍ അരമനയില്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

publive-image

അതിനു പുറമേ സുപ്രീംകോടതിയില്‍ വിമതര്‍ക്ക് വേണ്ടിയുള്ള കേസിന് ചുക്കാന്‍ പിടിക്കുന്ന വ്യവഹാര ദല്ലാളുമായി ഒരു സഹായമെത്രാന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ സംഭവവും പുറത്തുവന്നിട്ടുണ്ട്.  പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന സൂചനകളാണ് ഇതൊക്കെ.

ഈ സാഹചര്യത്തില്‍ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹായ മെത്രാന്മാരെ പുറത്താക്കാതെ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിശ്വാസികളില്‍ ഒരു വിഭാഗം. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സമ്മര്‍ദ്ദം സിനഡിനുമുണ്ട്.

alanchery
Advertisment