Advertisment

വൈ എം സി എ ആശയവേദി: എല്ലാ പഞ്ചായത്തുകളിലും 'ദുരന്തനിവാരണ ദ്രുതകര്‍മ്മസേന'യ്ക്ക് രൂപം നല്‍കണമെന്ന് ഡോ. എ വി ജോര്‍ജ്ജ്

author-image
admin
New Update

സാങ്കേതിക ജ്ഞാനമുള്ളവരെയും വോളണ്ടിയര്‍മാരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി എല്ലാ പഞ്ചായത്തുകളിലും 'ദുരന്തനിവാരണ ദ്രുതകര്‍മ്മസേന'യ്ക്ക് രൂപം നല്‍കണമെന്ന് എത്യോപിയയിലെ അഡാമ സയന്‍സ് ആന്‍റ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ജിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. എ വി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

Advertisment

ദുരന്ത നിവാരണ മാനേജ്മെന്റ് തന്ത്രങ്ങളെക്കുറിച്ച് തിരുവനന്തപുരം വൈ എം സി എ സംഘടിപ്പിച്ച ആശയവേദിയില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു ഡോ. ജോര്‍ജ്ജ്.

publive-image

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളായ റിമോട്ട് സെന്‍സിങ്ങ്, ജി പി എസ്, ജി ഐ എസ്, ഡി ഇ എം (ഡിജിറ്റല്‍ എലവേഷന്‍ മോഡല്‍), ഉപഗ്രഹചിത്രങ്ങള്‍ (satellite Imageries) എന്നിവ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി കേരളത്തിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളെ അടിയന്തിരമായി തിട്ടപ്പെടുത്തണമെന്ന് ഡോ. ജോര്‍ജ്ജ് പറഞ്ഞു. ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും അപഗ്രഥിച്ച് സമഗ്രമായ ദുരന്ത നിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയാറാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഓരോ ഡാമിനും വേണ്ടി വേവ്വേറെയും എല്ലാ ഡാമുകളെയും ഉള്‍പ്പെടുത്തി സമഗ്രമായുമുള്ള ദുരന്ത മാനേജ്മെന്റ് പ്ലാന്‍ തയാറാക്കണം. മിക്ക ഡാമുകളുടെയും സംഭരണശേഷി 40 ശതമാനത്തോളം കുറഞ്ഞു കഴിഞ്ഞു. ഡാമില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണലും ചെളിയും വേനല്‍ക്കാലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യണം.

അപകടം നേരിടാന്‍ ഏറ്റവും സാധ്യതയുള്ള മൂന്നാര്‍ പ്രദേശത്തിനും കുട്ടനാടിനും കൊച്ചി നഗരത്തിനും വേണ്ടി പ്രത്യേക ദുരന്ത നിവാരണ പാക്കേജുകള്‍ തയാറാക്കണം. 20  ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ട്. അത്തരം സ്ഥലങ്ങള്‍ തിട്ടപ്പെടുത്തി മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡോ. ജോര്‍ജ്ജ് പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ക്ക് പുറമേ ആരോഗ്യ മേഖലയിലും ദുരന്ത സാധ്യതകള്‍ വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈ എം സി എ പ്രസിഡന്റ്‌ ബാബു കെ മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ പ്രോഗ്രാംസ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് ജോസഫ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് കൃതജ്ഞതയും പറഞ്ഞു.

Advertisment