Advertisment

ചെങ്ങന്നൂരില്‍ വിഷ്ണുനാഥിന്റെ പിന്മാറ്റം യുവ നേതാവിന്റെ പേര് നിര്‍ദ്ദേശിച്ച്; വിഷ്ണുവിന്റെ നോമിനി ബിപിന്‍ മാമ്മനും ജ്യോതി വിജയകുമാറും എബി കുര്യാക്കോസും കോണ്‍ഗ്രസ് പരിഗണനാ ലിസ്റ്റില്‍. ഇടതില്‍ സജി ചെറിയാനും ജിബിന്‍ പി വര്‍ഗീസും പരിഗണനയില്‍ !

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും മുന്‍ എം എല്‍ എയും എ ഐ സി സി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥ്‌ പിന്മാറിയ സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കം. കഴിഞ്ഞ ദിവസം എ ഐ സി സി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ കൂടിയ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഗൌരവതരമായ ചര്‍ച്ചകള്‍ നടന്നു.

Advertisment

കെ ശിവദാസ മേനോന്‍, എം മുരളി തുടങ്ങിയ മുന്‍ എം എല്‍ എമാര്‍ സീറ്റിനായി സജീവമായി രംഗത്തുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്കും യുവത്വത്തിനും പ്രാധാന്യം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവ് ഡി പി ജയകുമാറിന്റെ മകള്‍ അഡ്വ. ജ്യോതി വിജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്സഭാ മണ്ഡലം മുന്‍ അധ്യക്ഷന്‍ ബിപിന്‍ മാമ്മന്‍, എബി കുര്യാക്കോസ് എന്നിവരെ പരിഗണിച്ചേക്കും.

publive-image

വനിതാ പ്രാതിനിധ്യം നിലവില്‍ കോണ്‍ഗ്രസിന് നിയമസഭാ കക്ഷിയിലില്ലെന്നതും ജ്യോതിക്ക് അനുകൂല ഘടകമാണ്. മുമ്പ് കെ എസ് യു അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിച്ചിരുന്നെങ്കിലും അത് സിവിന്‍ സര്‍വീസിന്റെ പ്രിലിമിനറി നേടിയ ജ്യോതി അന്ന് പദവി ഏറ്റെടുക്കാന്‍ ഒരുക്കമല്ലായിരുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍ വരുമ്പോള്‍ പതിവായി ഇവരുടെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്നത് ജ്യോതിയാണ്.

അതേസമയം, വ്യക്തിപരമായ ചില പ്രതികൂല സാഹചര്യങ്ങള്‍ ജ്യോതിയെ മത്സരിപ്പിക്കുന്നതിന് തടസമായിട്ടുണ്ട്. അതേസമയം, ബിപിന്‍ മാമ്മന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്. പാര്‍ട്ടിയുടെ സമര പോരാട്ടങ്ങളില്‍ സജീവമായിരുന്ന ബിപിന്‍ രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തില്‍ സ്വാധീനമുള്ള യുവ നേതാവാണ്‌. അതിലുപരി ബിപിന് അനുകൂലമാകുന്ന പ്രധാന ഘടകം മുന്‍ എം എല്‍ എ ആയിരുന്ന പി സി വിഷ്ണുനാഥിന്റെ പിന്തുണയാണ്.

സീറ്റ് ഒഴിഞ്ഞു കൊടുക്കുമ്പോള്‍ സ്വാഭാവികമായും വിഷ്ണുനാഥിന്റെ നിലപാടിന് പാര്‍ട്ടി പ്രത്യേക പരിഗണന നല്‍കും. മണ്ഡലത്തിലെ സമുദായ സമവാക്യങ്ങളും ഊര്‍ജ്ജസ്വലതയും 35 കാരനായ ബിപിന് തുണയായേക്കും. രാഹുല്‍ ഗാന്ധിയുടെ നിലപാടും 40 ല്‍ താഴെയുള്ള യുവ നേതൃത്വത്തിന് അനുകൂലമാണ്.

publive-image

എബി കുര്യാക്കോസിന്റെ പേര് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ടെങ്കിലും 57 കാരനായ ഇദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായി എബിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തെങ്കിലും ഈ ലിസ്റ്റ് കോടതി അസാധുവാക്കിയതോടെ പദവി ഏറ്റെടുക്കാനായില്ല. ഇത്തവണ എബിയ്ക്കും പ്രധാന തടസ൦ പ്രായം തന്നെയായിരിക്കും.

എം മുരളിയ്ക്ക് അവസരം ലഭിച്ചാല്‍ ഇത് അദ്ദേഹത്തിനിത് ഏഴാം പോരാട്ടമാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് മുരളിയ്ക്കെതിരെയുള്ളത്. മുഖ്യധാരയില്‍ നിന്നും പുറത്തായ നേതാക്കളെ തിരിച്ചുകൊണ്ടുവരുന്നത് ജയസാധ്യതയെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഡി വിജയകുമാര്‍ മണ്ഡലത്തിലെ ഒരു സഹകരണ സ്ഥാപനത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്കെതിരായി മത്സരിച്ചതിന് നടപടി നേരിടുന്നയാളുമാണ്.

മുന്‍ ആറന്മുള എം എല്‍ എ ശിവദാസന്‍ നായര്‍ സജീവമായി രംഗത്തുണ്ടെങ്കിലും പരിഗണിയ്ക്കപ്പെടാന്‍ സാധ്യതയില്ല. അതേസമയം, ഇടത് പക്ഷത്ത് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് സാധ്യത കല്‍പ്പിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമായി ജില്ലയില്‍ നിന്നുള്ള രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ക്ക് കൈമാറിയെക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ സജി ചെറിയാന് അവസരം നിഷേധിക്കപ്പെട്ടാല്‍ എസ് എഫ് ഐ ജില്ലാ പ്രസിഡന്റും വെണ്മണി ജില്ലാ പഞ്ചായത്ത് അംഗവുമായ ജിബിന്‍ പി വര്‍ഗീസിനായും നറുക്ക് വീഴുക. സജി ചെറിയാനുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന യുവ നേതാവാണ്‌ ജിബിന്‍.

കോണ്‍ഗ്രസില്‍ സംസ്ഥാന നേതാക്കള്‍ക്ക് താല്പര്യം മുതിര്‍ന്ന നേതാക്കളുടെ പേരിനോടാണെങ്കിലും ഹൈക്കമാന്റ് അതിന് അംഗീകാരം നല്‍കാനിടയില്ല. അങ്ങനെ വന്നാല്‍ യുവത്വത്തിന് തന്നെയായിരിക്കും മുന്‍‌തൂക്കം.

chengannur byelection
Advertisment