Advertisment

വയനാട്ടില്‍ എം ഐ ഷാനവാസ് എംപിയ്ക്ക് പകരം ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, കെ സുധാകരന്‍ എന്നിവര്‍ പരിഗണനയില്‍ ! ഷാനവാസ് വീണ്ടും മത്സരിച്ചാല്‍ മണ്ഡലം കൈവിട്ടുപോകുമെന്ന് രാഹുലിന് കെപിസിസിയുടെ റിപ്പോര്‍ട്ട് !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം:  കോണ്‍ഗ്രസിന്റെ കേരളത്തിലെ സിറ്റിംഗ് എം പിമാരില്‍ വയനാട് എംപി എം ഐ ഷാനവാസിന് സീറ്റ് ലഭിക്കില്ലെന്ന് സൂചന. സിറ്റിംഗ് എം പിമാരെ വീണ്ടും പരിഗണിക്കുമ്പോഴും ജയസാധ്യത വിലയിരുത്തി മാത്രം സീറ്റ് അനുവദിച്ചാല്‍ മതിയെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമാണ് ഷാനവാസിന് തിരിച്ചടിയാകുന്നത്.

യു ഡി എഫിന് ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷമുള്ള ഉറച്ച യു ഡി എഫ് മണ്ഡലമായ വയനാട്ടില്‍ കഴിഞ്ഞ തവണ ഷാനവാസിന്റെ ഭൂരിപക്ഷം 22000 ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ജയസാധ്യതയില്ലെന്ന് കാണിച്ച് കെപിസിസി എഐസിസിയ്ക്ക്  കൈമാറിയ ലിസ്റ്റില്‍ എം ഐ ഷാനവാസിന്റെയും മധ്യ കേരളത്തിലെ മറ്റൊരു എം പിയുടെയും പേര് മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

publive-image

8 തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ 6 ലും തോറ്റ ചരിത്രമാണ് ഷാനവാസിന്റെത്. ആദ്യ തവണ മത്സരിച്ചപ്പോള്‍ 1.62 ലക്ഷം ഭൂരിപക്ഷം ഉണ്ടായിരുന്നത് രണ്ടാം തവണ മത്സരിച്ചപ്പോള്‍ 22000 ലേക്ക് കൂപ്പുകുത്തിയപ്പോള്‍ മുതല്‍ ഷാനവാസിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശങ്ക ഉടലെടുത്തിരുന്നു.

വീണ്ടും ഷാനവാസ് മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ കുത്തകയായ ഒരു മണ്ഡലം കൂടി ഇടുക്കി പോലെ പാര്‍ട്ടിക്ക് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് കേരളത്തില്‍ നിന്ന് എ ഐ സി സിയ്ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

publive-image

അതിനാല്‍ ഇത്തരം മണ്ഡലങ്ങളുടെ കാര്യത്തില്‍ മറിച്ചുള്ള തീരുമാനത്തിന് രാഹുല്‍ ഗാന്ധിയും ഒരുക്കമല്ല. ഓരോ സീറ്റും നിര്‍ണ്ണായകമായ 2019 തെരഞ്ഞെടുപ്പില്‍ ജയ സാധ്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് എ ഐ സി സിയുടെ നിര്‍ദ്ദേശം.

അങ്ങനെ വന്നാല്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍‌തൂക്കം.

കണ്ണൂരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് കെ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശവും കെ പി സി സിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ സുധാകരന്റെ താല്പര്യത്തിനായിരിക്കും മുന്‍‌തൂക്കം. വയനാട് പോലുള്ള ഉറച്ച സീറ്റ് ലഭിച്ചാല്‍ സുധാകരനും മത്സരത്തിന് തയാറായെക്കും.

publive-image

അതേസമയം സംസ്ഥാനത്തെ ഏറ്റവും മികച്ച ഡി സി സി അധ്യക്ഷനായ ടി സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന് വാദിക്കുന്നവരും ഏറെയാണ്‌. എ ഗ്രൂപ്പിന്റെ താല്പര്യവും അതായിരിക്കും. വയനാട്ടില്‍ കാര്യമായ സ്വാധീനമില്ലെന്നത് ഷാനിമോള്‍ ഉസ്മാന് പ്രതികൂലമായേക്കാം.

അതേസമയം ഏതുവിധേനയും വയനാട് നിലനിര്‍ത്താനുള്ള തീവ്ര ശ്രമങ്ങളിലാണ് ഷാനവാസ് എം പി. പക്ഷേ പാര്‍ട്ടി പ്രാദേശിക ഘടകങ്ങളുടെ പിന്തുണ ഷാനവാസിനില്ല. മണ്ഡലത്തില്‍ സജീവമല്ലെന്നതാണ് പ്രധാന ആക്ഷേപം. വയനാടിന്റെ 'കാലാവസ്ഥ' ഷാനവാസിന്റെ 'ആരോഗ്യ'ത്തിന് ഹിതകരമല്ലെന്ന അഭിപ്രായമാണ് പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

publive-image

ഒരവസരത്തില്‍ കേരളാ കോണ്‍ഗ്രസിന് വയനാട് വിട്ടുനല്കിയേക്കാം എന്ന അഭിപ്രായം പോലും ഉയര്‍ന്നത് മണ്ഡലത്തില്‍ ഷാനവാസിന്റെ നില പരിതാപകരമാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ വയനാട് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ കെ പി സി സി ഒരുക്കമല്ല. അതിനാല്‍ ജയസാധ്യതയുള്ള പുതിയ സ്ഥാനാര്‍ഥിയാകും യു ഡി എഫ് പാനലില്‍ ഇവിടെ മത്സരത്തിനിറങ്ങുക.

loksabha election
Advertisment