Advertisment

'കോടിയേരി' വീട്ടിലെ നാടകങ്ങള്‍ വിലയിരുത്തി സിപിഎം. കോടിയേരി ബാലകൃഷ്ണന്‍ മുതിര്‍ന്ന അഭിഭാഷകരെ കണ്ടു. കേസുകള്‍ വ്യക്തിപരമായി നേരിടണമെന്ന് കോടിയേരിക്ക് പാര്‍ട്ടി സന്ദേശം. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ മയക്കുമരുന്ന് കേസ് ചര്‍ച്ചചെയ്യുന്നതില്‍ നേതൃത്വത്തിനും അതൃപ്തി. മയക്കുമരുന്ന്, ബിനാമി കേസുകള്‍ അണികളോട് എങ്ങനെ വിശദീകരിക്കുമെന്നും ആശങ്ക !

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നു പറയുമ്പോഴും സര്‍ക്കാരും സിപിഎമ്മും കടുത്ത പ്രതിസന്ധിയില്‍ തന്നെ.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുമ്പോള്‍ മറ്റൊരു അഡീഷണല്‍ പിഎസ് നാളെ ഇഡിയുടെ മുമ്പിലേക്ക് എത്തുകയാണ്. അതിനിടെയാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റും തലവേദനയാകുന്നത്.

കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ കൂട്ടത്തോടെ നീങ്ങുമ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്നു ചര്‍ച്ച ചെയ്യുകയാണ് നാളെ മുതല്‍ തുടങ്ങുന്ന നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.

നാളെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗങ്ങളുമാണ് ചേരുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കമ്മിറ്റിയെ കോടിയേരി അറിയിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യും.

രാഷ്ട്രീയ ആക്രമണമാണ് പാര്‍ട്ടിക്കെതിരെ നടക്കുന്നതെന്നും, കോടിയേരി തുടരുന്നതിനു പ്രശ്‌നമില്ലെന്നുമുള്ള നിലപാടിലാണ് കേന്ദ്ര നേതൃത്വം.

പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യുന്നതോടൊപ്പം കോടിയേരിയുടെ അഭിപ്രായത്തിനും മുന്‍ഗണന നല്‍കിയേക്കും. സ്ഥാനം ഒഴിയാമെന്ന നിലപാടിലുറച്ചാണ് കോടിയേരിയെന്നാണ് ഇന്നും ലഭിക്കുന്ന വിവരം.

അതേസമയം നിലവിലെ വിഷയത്തില്‍ കോടിയേരിക്കൊപ്പമുണ്ടെന്നു വ്യക്തമാക്കുന്ന നേതൃത്വം ബിനീഷിന്റെ പ്രവൃത്തികളെ അംഗീകരിക്കുന്നില്ല.

സ്വയം വരുത്തിവച്ച കാര്യങ്ങള്‍ക്ക് സ്വന്തമായി ഉത്തരവാദിത്തം ഏല്‍ക്കണമെന്നും പാര്‍ട്ടി പിന്തുണ ഉണ്ടാകില്ലെന്നും നേതൃത്വം പറയുന്നു. എന്നാല്‍ ഇഡി രാഷ്ട്രീയമായി നീങ്ങുകയാണെന്ന അഭിപ്രായമാണ് കോടിയേരി പറയുന്നത്.

ബിനീഷ് കോടിയേരിക്കെതിരെയുള്ള അന്വേഷണത്തില്‍ ഇടപെടേണ്ടെന്ന നിലപാടാണ് ഇന്നു രാവിലെ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റും സ്വീകരിച്ചത്.

മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള നാലു പൊളിറ്റ്ബ്യൂറോ അംഗങ്ങളും തലസ്ഥാനത്തുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളും എകെജി സെന്ററില്‍ എത്തിയിരുന്നു.

ബിനീഷ് വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ കുടുംബം നിയമനടപടി സ്വീകരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാധാന്യം കൊടുക്കേണ്ട യോഗങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ മയക്കുമരുന്നു കേസ് ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുന്നതിലുള്ള ആശങ്ക മുതിര്‍ന്ന നേതാക്കള്‍ തന്നെ പങ്കുവയ്ക്കുന്നുണ്ട്.

ബിനീഷിനെതിരെ നേരത്തെ പല തവണ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ കേസ് എങ്ങനെ അണികള്‍ക്കിടയില്‍ വിശദീകരിക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവയ്ക്കുന്നു.

ലഹരിമരുന്ന് കടത്ത്, ബെനാമി സ്വത്ത് തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുന്നതിനും പരിമിതികളുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

അതിനിടെ സംസ്ഥാനത്തെ ചില മുതിര്‍ന്ന അഭിഭാഷകരുമായി കോടിയേരി ബാലകൃഷ്ണന്‍ ഇന്നു ആശയവിനിമയം നടത്തിയിരുന്നു. ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ടാണ് അദേഹം അഭിഭാഷകരുമായി ചര്‍ച്ച നടത്തിയത്.

 

kodiyeri balakrishnan
Advertisment