ആർഎസ്എസ് ബന്ധം പറഞ്ഞ് കോടിയേരി ലക്ഷ്യം വച്ചത് ചെന്നിത്തലയെ അല്ല, രാമചന്ദ്രൻ പിള്ളയെ ആണെന്ന് വിലയിരുത്തൽ ? വിവാദം പിണറായി രാജിവച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ ബാക്കിപത്രം ! ആർഎസ്എസ് ബന്ധത്തിൽ എസ്ആർപിയെ വീഴ്ത്തി കോടിയേരി !

കിരണ്‍ജി
Friday, July 31, 2020

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലയെ ലക്‌ഷ്യം വച്ച് തുറന്നുവിട്ട ആർഎസ്എസ് വിവാദം മുഖ്യമന്ത്രി പദവി ലക്ഷ്യം വച്ചുള്ള സിപിഎമ്മിലെ ഉൾപ്പോരിന്റെ ഫലമെന്ന് വിലയിരുത്തൽ.

പിണറായി വിജയന് മുഖ്യമന്ത്രി പദവി രാജിവയ്‌ക്കേണ്ടിവന്നാൽ പകരക്കാരനായി പിബി കാണുന്ന എസ് രാമചന്ദ്രൻപിള്ളയെ വെട്ടാൻ കോടിയേരി ഒരുക്കിയ കെണിയാണ് ചെന്നിത്തലയ്‌ക്കെതിരെ വളരെ തന്ത്രപരമായി കോടിയേരി ഉന്നയിച്ച ആർഎസ്എസ് വിവാദമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കോടിയേരി ചെന്നിത്തലയ്‌ക്കെതിരെ തുറന്നുവിട്ട വിവാദം നേരെ ചെന്ന് പതിച്ചത് രാമചന്ദ്രൻപിള്ളയുടെ നെഞ്ചിലാണ്. അത് മനസിലാക്കി തന്നെയാണ് തൻറെ പൊതു ജീവിതത്തിന്റെ തുടക്കം ആർഎസ്എസിലൂടെയാണെന്ന് എസ്ആർപി തുറന്നു സമ്മതിച്ചത്.

കോടിയേരി ലക്ഷ്യം വച്ചതും അതുതന്നെയാണെന്ന് മനസിലാക്കിത്തന്നെയാണ് എസ്ആർപി തുറന്നു പറച്ചിൽ നടത്തിയത്.

പിണറായിയുടെ പിൻഗാമിക്കായി കരുനീക്കം !

നയതന്ത്ര സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഏതെങ്കിലും സാഹചര്യത്തിൽ അറസ്റ്റിലായാൽ മുഖ്യമന്ത്രിയുടെ രാജിക്ക് മുറവിളി ഉയരും.

സെപ്റ്റംബറിൽ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും വരുന്ന ഏപ്രിലിൽ നിയമസഭാ തെരെഞ്ഞെടുപ്പും ആസന്നമായതിനാൽ രാജിവയ്ക്കാതെ കസേരയിൽ അള്ളിപ്പിടിച്ചിരുന്നാൽ പ്രതിപക്ഷവും ബിജിപിയും അത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കും.

അതിനു സാഹചര്യം അനുവദിക്കാതെ ശിവശങ്കർ അറസ്റ്റിലായാൽ ഉടൻ രാജിവയ്ക്കാനാണ് പിണറായിയുടെ നീക്കം.

അങ്ങനെ വന്നാൽ ശേഷിക്കുന്ന ഏതാനും മാസങ്ങൾ മാത്രമുള്ള കാലയളവിൽ ജനപ്രിയ മുഖമുള്ള മുഖ്യമന്ത്രി വേണമെന്നതാണ് സിപിഎം നിലപാട്.

അതിലേയ്ക്ക് ഏറ്റവും പിന്തുണ പാർട്ടിയുടെ ഏറ്റവും തലമുതിർന്ന നേതാവായ എസ് രാമചന്ദ്രൻപിള്ളയ്ക്കാണ്.

അദ്ദേഹമാകുമ്പോൾ അടുത്തൊരു കാലയളവിലേയ്ക്ക്  വീണ്ടും അവകാശം ഉന്നയിക്കില്ലെന്ന നേട്ടവുമുണ്ട്. പദവിക്കു പിന്നാലെ പോകാത്ത എസ്ആർപി നിലവിൽ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും സൗമ്യനും സമ്മതനുമാണ്.

പക്ഷെ, സംസ്ഥാന ഘടകത്തിൽ കൊടിയേരിക്കാണ് മുൻ‌തൂക്കം. പിണറായി കഴിഞ്ഞാൽ കോടിയേരി എന്നാണ് മുൻധാരണ.

എന്നാൽ രാമചന്ദ്രൻ പിള്ളയുടെ സീനിയോറിട്ടിയും ജനകീയതയും തനിക്ക് വലങ്ങുതടി ആകുമോ എന്ന ഭയം കൊടിയേരിക്കുണ്ടായിരുന്നു. അതിനാൽ തന്നെയാണ് രമേശ് ചെന്നിത്തലയുടെ ആർഎസ്എസ് ബന്ധം എന്ന വിവാദം കോടിയേരി തുറന്നുവിട്ടത്.

ചെന്നിത്തലയ്ക്ക് ആർഎസ്എസ് ബന്ധമൊന്നുമില്ലെന്ന് മറ്റാരേക്കാളും കോടിയേരിക്ക് നല്ല ബോധ്യമുണ്ട്. മാത്രമല്ല എസ്  രാമചന്ദ്രൻ പിള്ളയ്ക് ആർഎസ്എസ് പാരമ്പര്യമുണ്ടെന്ന കാര്യവും കൊടിയേറിക്കറിയാം.

ഏതായാലും അത് കുറിക്കുതന്നെ കൊണ്ടു. കുറി വീണത് എസ്ആർപിക്കാണെന്ന് മാത്രം.

മാത്രമല്ല, കോടിയേരിയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ എസ്ആർപിയുടെ ആർഎസ്എസ് ബന്ധം കൃത്യമായി അവലോകനം ചെയ്ത് പാർട്ടി മുഖപത്രത്തിൽ ബിജെപി വേതാവ് പി ശ്രീകുമാറിന്റെ ലേഖനം വന്നതിലും വല്ല ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്നാണ് പുതിയ വിലയിരുത്തൽ.

×