Advertisment

കോഹ്‌ലിയുടെ സൈന്യത്തില്‍ ധോണിയാര്? കുല്‍ദീപിന് പറയും

New Update

വിരാട് കോഹ്‌ലിയുടെ സൈന്യത്തിലെ ജനറലാണ് ധോണിയെന്ന് ടീമിലെ സ്പിന്നറായ കുല്‍ദീപ് യാദവ്. കാരണം ബൗളര്‍മാര്‍ പന്തെറിയാന്‍ എത്തുമ്പോള്‍ കോഹ്‌ലിയാണ് എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെയുള്ള തന്ത്രങ്ങള്‍ മെനയുന്നതും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതും. എന്നാല്‍ ഈ പദ്ധതിക്ക് അനുസരിച്ച് ബൗളര്‍മാര്‍ പന്തെറിയുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് ധോണിയാണ്. ക്രിക്കറ്റ് നെക്സ്റ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് യാദവ് പറയുന്നു. അതുകൊണ്ടുതന്നെ ധോണിയെ കോഹ്‌ലിയുടെ സൈന്യത്തിലെ ജനറല്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും കുല്‍ദീപ് പറഞ്ഞു.

Advertisment

publive-image

ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകരമായത് കോലിയുടെയും ധോണിയുടെയും മാര്‍ഗനിര്‍ദേശങ്ങളാണ്. ‘ധോണി വിക്കറ്റിന് പിന്നില്‍ നിന്ന് പറയുന്ന കാര്യങ്ങള്‍ സ്റ്റമ്പിലെ മൈക്രോഫോണിലൂടെ ഇപ്പോള്‍ എല്ലാവര്‍ക്കും കേള്‍ക്കാം. അതുകൊണ്ടുതന്നെ ഞങ്ങളുടെ വിജയത്തില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കുമാണ് ക്രെഡിറ്റ്. കോഹ്‌ലി തന്ത്രങ്ങള്‍ മെനയുന്നു.

ധോണി അത് നടപ്പാക്കുന്നു. അവര്‍ രണ്ടുപേരുമില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ എനിക്കും ചാഹലിനും ഇത്രയും തിളങ്ങാന്‍ കഴിയില്ലായിരുന്നു. ഏതൊരു കളിക്കാരന്റെയും വിജയത്തിന് ക്യാപ്റ്റന്റെ പിന്തുണ വേണം. ആക്രമണോത്സുകരായി പന്തെറിയാനുള്ള സ്വാതന്ത്ര്യം കോഹ്‌ലി തന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ ഇത്രയും വലിയ വിജയം നേടാനാവുമായിരുന്നില്ല’. കുല്‍ദീപ് പറയുന്നു.

ടെസ്റ്റില്‍ പ്രത്യേകിച്ചും വിദേശ പിച്ചുകളില്‍ കളിക്കുമ്പോള്‍ അശ്വിന്റെയും ജഡേജയുടെയും മികവിനെ മറികടന്ന് മൂന്നാം സ്പിന്നറായി ടീമിലെത്തുക ദുഷ്‌കരമാണ്. ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് പറഞ്ഞാല്‍ അത് കളവാകുമെന്നും പക്ഷെ ലോകോത്തര സ്പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും പോലുള്ളവര്‍ ടീമിലുള്ളപ്പോള്‍ അത് സ്വാഭാവികമാണെന്നും കുല്‍ദീപ് പറയുന്നു. കോഹ്‌ലിയുടെ നേതൃത്വത്തില്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലും ടീമിന് മികവുകാട്ടാനാകുമെന്നും കുല്‍ദീപ് പറഞ്ഞു.

Advertisment