Advertisment

മുതിർന്ന പത്രപ്രവർത്തകൻ ഗാനപ്രിയൻ നിര്യാതനായി

New Update

കൊല്ലം:  മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗാന്ധിഭവന്‍ കുുടംബാംഗം വി. ഗാനപ്രിയന്‍(73) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്കൊപ്പം പക്ഷപാതം വന്ന് മൂന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

Advertisment

മലയാള പത്രപ്രവര്‍ത്തന ലോകത്ത് ആദ്യമായി ക്യാമ്പസ് പത്രമായി പ്രസിദ്ധീകരിച്ച 'കോമണ്‍ ഫ്രണ്ടി'ന്റെ എഡിറ്ററും പബ്ലിഷറുമായിരുന്നു. 'മനോമുദ്ര', 'രാജ്യഗാന്ധി' പത്രങ്ങളുടെ മാനേജിംഗ് എഡിറ്ററായി കോട്ടയത്ത് നാല്‍പ്പത്തഞ്ചുവര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട.് സ്വന്തമായി ഡെയിലി ചിട്ടി നടത്തിക്കിട്ടിയ വരുമാനംകൊണ്ട് ഡിഗ്രി, പി.ജി. പഠനം പൂര്‍ത്തിയാക്കിയ ഗാനപ്രിയന്‍ തിരുവനന്തപുരം പ്രസ് അക്കാദമിയുടെ ആദ്യ ബാച്ചിലാണ് ജേര്‍ണലിസം പൂര്‍ത്തിയാക്കിയത്.

publive-image

കോമണ്‍ഫ്രണ്ട് പത്രത്തിന്റെ നടത്തിപ്പിനായി സ്വന്തം കുടുംബ ഓഹരിയില്‍ ഒരേക്കര്‍ വില്‍പ്പന നടത്തിയതിനുപിറകെ തന്നേക്കാള്‍ പതിനഞ്ചുവയസ്സ് കൂടുതലുള്ള യുവതിയെ വിവാഹം കഴിച്ച് കോട്ടയത്തേക്ക് താമസം മാറുകയായിരുന്നു. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ 'ചിന്താരമ' എന്ന ചരിത്ര ഗ്രന്ഥം കാമരാജ് യൂണിവേഴ്‌സിറ്റി പഠന ഗ്രന്ഥമായി തിരഞ്ഞെടുത്തിരുന്നു.

ഭാര്യയുടെ പേരിലുള്ള വസ്തുവും വീടും സഹോദരിയുടെ മകന്റെ പേരില്‍ വില്‍പ്പത്രം എഴുതി വെച്ചെന്നത്മരണശേഷം അറിഞ്ഞതിനെ തുടര്‍ന്ന് മാനസിക വിഭ്രാന്തിയിലായിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി ഗാന്ധിഭവനിലായിരുന്നു ജീവിതം. കുടുംബാംഗങ്ങളെ ചിരിച്ചും, ചിന്തിപ്പിച്ചും എല്ലാവരുടെയും ഹൃദയം കവര്‍ന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം അളിയനും കുട്ടികള്‍ക്ക് അളിയനച്ചനുമായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ.

കൊല്ലം ജില്ലയിലെ ആയൂരില്‍ വാസുദേവന്‍-ചെമ്പകക്കുട്ടി ദമ്പതികളുടെ മകനായി പിറന്ന ഗാനപ്രിയന് ആറ് സഹോദരങ്ങളുണ്ട്. ശ്യാമള, കോമളം, ജയപ്രകാശ്, പ്രഭ, ശിവദാസ്, ബാബു എന്നിവരാണ് ഇവര്‍. ഗാനപ്രിയന്റെ നിര്യാണത്തില്‍ ഗാന്ധിഭവന്‍ കുടുംബം ശോകമൂകമായി. ഇന്നലെ ഗാന്ധിഭവനിലും തുടര്‍ന്ന് ആയൂരിലെ ബന്ധുവീട്ടിലും പൊതു ദര്‍ശനത്തിനുവെച്ചശേഷം കൊല്ലം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Advertisment