Advertisment

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തെചൊല്ലി തര്‍ക്കം. വിജയ്‌ ബാബുവിന് അനുമതി നല്‍കിയിട്ടില്ലെന്ന് എം മണി, കുഞ്ഞച്ചനില്ലാതെയാണെങ്കിലും മുന്നോട്ടുപോകുമെന്ന് വിജയ്‌ ബാബു. തനിക്ക് പ്രശ്നങ്ങള്‍ ഇല്ലെന്ന് മമ്മൂട്ടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ രണ്ടാം ഭാഗമെടുക്കാൻ ആർക്കും അനുമതി നൽ‌കിയിട്ടില്ലെന്ന് നിർമാതാവ് എം. മണിയുടെ പ്രതികരണം . കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വിജയ് ബാബു അനൗൺസ് ചെയ്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മണി .

എന്നാൽ വാക്കാലുള്ള അനുവാദം നേരത്തെ വാങ്ങിയതാണെന്നും എം. മണിക്ക് ‌എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇൗ പേരിൽ സിനിമ ചെയ്യില്ലെന്നുമായിരുന്നു വിജയ് ബാബുവിന്‍റെ മറുപടി .

‌‘ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ അതിന്റെ പൂർണ അധികാരവും ഉടമസ്ഥാവകാശവും നിർമാതാവിനാണ്. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ തുടർഭാഗങ്ങൾ ചെയ്യാനുള്ള അനുമതി ഒരു കമ്പനിക്കും നൽകിയിട്ടില്ല. അതിന്റെ പൂർണഅവകാശം എന്റെ പേരിലാണ്.

യാതൊരുവിധ അനുമതിയുമില്ലാതെയാണ് രണ്ടാം ഭാഗം ഇറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. വാക്കാൽ പോലും ഒരു അനുമതിയും ആർക്കും കൊടുത്തിട്ടില്ല.’ എം. മണി പറഞ്ഞു.

‘വിജയ് ബാബു ഒരിക്കൽ എന്നെ വന്നു കണ്ടിരുന്നു. സംസാരിക്കുകയും ചെയ്തു. എന്നാൽ അതിൽ കൂടുതലായി ഒന്നും തന്നെ നടന്നിട്ടില്ല. ഇങ്ങനെയൊരു സിനിമ അനൗൺസ് ചെയ്യുന്നതുപോലും പറഞ്ഞില്ല.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രൊഡക്‌ഷന്‍ മാനേജര്‍ വിളിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കാതെ എങ്ങനെയാണ് ചിത്രം അനൗണ്‍സ് ചെയ്യുക ?’ അദ്ദേഹം പറഞ്ഞു.

‘മമ്മൂക്കയുമായി ഞാൻ ഇക്കാര്യം സംസാരിച്ചിട്ടില്ല, എന്നാല്‍ കോട്ടയം കുഞ്ഞച്ചന്റെ സംവിധായകൻ സുരേഷ് ബാബു‌ മമ്മൂക്കയെ വിളിച്ചിരുന്നു.

സിനിമയുടെ എല്ലാ അനുമതിയും ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാതാവില്‍ നിന്നും സംവിധായകനില്‍ നിന്നും വാങ്ങിയെന്നാണ് വിജയ് ബാബു തന്നോടു പറഞ്ഞതെന്ന് മമ്മൂട്ടി അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ തൽക്കാലം തീരുമാനിച്ചിട്ടില്ല.’ എം മണി പറഞ്ഞു.

‘ഒരുമാസം മുമ്പ് എം മണിയുടെ ഓഫീസിലെത്തി കുഞ്ഞച്ചൻ 2–നെക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുവാദവും അനുഗ്രഹം വാങ്ങിച്ചു. സിനിമയുടെ സംവിധായകനായ സുരേഷ് ബാബുവിനെയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെയും കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അവരെ പോയി കാണുകയും രണ്ടുപേരുടെയും അനുവാദം മേടിക്കുകയും ചെയ്തു.

സിനിമയുടെ മറ്റു നിബന്ധനകൾ പിന്നീട് ചർച്ച ചെയ്യാമെന്ന് പറയുകയും ചെയ്തു. അങ്ങനെ ഈ സിനിമയുടെ പ്രഖ്യാപനത്തിനെക്കുറിച്ചും മറ്റും സംസാരിക്കുന്നതിന് അദ്ദേഹത്തെ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. ഇന്നിപ്പോൾ ഈ അവസാനനിമിഷം അദ്ദേഹത്തിന് എന്താണ് പ്രശ്നമെന്ന് അറിയില്ല.’ വിജയ് ബാബു പറഞ്ഞു.

‘ഞങ്ങൾ ചെയ്യുന്ന ചിത്രം കുഞ്ഞച്ചനെ മനസ്സിൽ കണ്ട് എഴുതിയില്ല, കഥയിലെ കഥാപാത്രത്തിന് കുഞ്ഞച്ചന്റെ മാനറിസങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞച്ചനിലൂടെ ഡെവലപ് ചെയ്താൽ കൂടുതൽ നന്നാകുമെന്നും തോന്നി. എം. മണിക്ക് ഈ സിനിമയോട് വിരോധം ഉണ്ടെങ്കില്‍ ഞങ്ങൾ ആ പേരിൽ ഈ സിനിമ ചെയ്യുന്നില്ല.

സിനിമയുടെ കഥ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. തിരക്കഥയോ പ്രാരംഭപ്രവർത്തനങ്ങളോ തുടങ്ങിയിട്ടില്ല. ഇനിയിപ്പോൾ കുഞ്ഞച്ചനില്ലാതെയാണെങ്കിലും മമ്മൂക്കയുമായി ഈ പ്രോജക്ട് ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും.’ വിജയ് ബാബു കൂട്ടിച്ചേർത്തു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിലായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം.

malayala cinema mammootty kottayam kunjachan
Advertisment